പത്തനാപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി നടന് ഭീമന് രഘു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങി. പട്ടാഴി പൂക്കൂന്നിമല കുടിവെള്ള പദ്ധതി പ്രദേശങ്ങളും ഗാന്ധിഭവനും അദ്ദേഹം സന്ദര്‍ശിച്ചു.
നിയോജകമണ്ഡലം നേതാക്കളോടൊപ്പം ഗാന്ധിഭവനിലെത്തിയ അദ്ദേഹം അന്തേവാസികളുടെ അനുഗ്രഹം തേടി. ഗാന്ധിഭവന് സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജനും ഭാരവാഹികളും അദ്ദേഹത്തെ സ്വീകരിച്ചു. ഗുരുവന്ദന സംഗമവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാക്കളായ സുഭാഷ് പട്ടാഴി, ജി.ദേവകിയമ്മ, വില്ലൂര്‍ സന്തോഷ്, ഇരണൂര്‍ രതീഷ്, എ.ആര് അരുണ്‍ തുടങ്ങിയവര്‍ ഭീമന് രഘുവിനൊപ്പം ഉണ്ടായിരുന്നു.
പൂക്കുന്നിമല കുടിവെള്ള പ്ലാന്റില്‍ ബി.ജെ.പി നേതാക്കളോടൊപ്പം സന്ദര്‍ശനം നടത്തിയ ഭീമന് രഘു കുടിവെള്ളം എത്രയും വേഗം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതില്‍ വൈകുന്നതില്‍ സിനിമയിലെ സഹപ്രവര്ത്തകന് കൂടിയായ സ്ഥലം എം.എല്‍.എ കെ.ബി ഗണേഷ് കുമാറിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
വികസനം നടത്തിയെന്ന് എം.എല്‍.എ പറയുന്നത് ജനത്തിന് മനസ്സിലാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കുടിവെള്ള പദ്ധതി ട്രയല്‍ റണ്‍ നടത്തി മാസങ്ങള്‍ പിന്നിട്ടിട്ടും തുറന്നു കൊടുക്കാത്തതാണ് എം.എല്‍.എയും യു.ഡി.എഫും തമ്മിലുള്ള ശീതസമരം കാരണമാണ്. വീടുകളിലേക്ക് കുടിവെള്ള കണക്ഷന് നല്‍കാനേല്‍പ്പിച്ച സ്വകാര്യ ഏജന്‍സികള്‍ ജനങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ വാങ്ങി പകല്‍ക്കൊള്ള നടത്തുമ്പോള്‍ എം.എല്‍.എയും പ്രതിപക്ഷവും മിണ്ടാതിരിക്കുന്നു. കുടിവെള്ളംപോലും നേരെ ചൊവ്വേ കൊടുക്കാന്‍ കഴിയാത്തവരാണ് വികസനം നടത്തിയെന്ന് മേനിനടിക്കുന്നതെന്നും ഭീമന് രഘു പറഞ്ഞു.
Post Your Comments