ഉണ്ണി ആറിന്റെ ശ്രദ്ധേയ ചെറുകഥയെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീലയിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴുള്ള അനുഭവം പങ്കിട്ടു പാര്‍വ്വതി നമ്പ്യാര്‍. ലാല്‍ജോസിന്റെ ‘ഏഴ് സുന്ദര രാത്രികളി’ലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച പാര്‍വ്വതിയുടെ മികച്ചൊരു കഥാപാത്രമായാണ് ലീലയിലെ ടൈറ്റില്‍ റോള്‍ വിലയിരുത്തപ്പെടുന്നത്. ലീല നല്‍കിയ അനുഭവങ്ങളെക്കുറിച്ച് പാര്‍വ്വതി തുറന്നു പറയുന്നു.
“വലിയ അനുഭവമാണ് ‘ലീല’ നല്‍കിയത്. പുതുതായി ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. രഞ്ജിത്തിനെപ്പോലെ ഇത്രയും അനുഭവ സമ്പത്തുള്ള ഒരു സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതുതന്നെ ഒരു ഭാഗ്യമാണ്. കൂടാതെ മികച്ച നടന്മാരായ ബിജു മേനോന്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, ജഗദീഷ് തുടങ്ങിയവരുടെ സാന്നിധ്യവും. ഷൂട്ടിംഗ് രസകരമായിരുന്നു. അവിടെ എല്ലാവര്‍ക്കും ഒരുപാട് കഥകള്‍ പറയാനുണ്ടായിരുന്നു. അത് കേട്ടിരിക്കലായിരുന്നു എന്റെ പ്രധാന ജോലി.
കുട്ടിയപ്പന്‍ എന്ന കഥാപാത്രമായെത്തുന്ന ബിജു മേനോന്‍ വലിയ പിന്തുണയാണ് എനിക്ക് നല്‍കിയത്. ചിത്രീകരണഘട്ടം മുഴുവന്‍ ഒരു സഹോദരന്റെ സ്ഥാനത്താണ് അദ്ദേഹം നിന്നത്. ഷൂട്ടിംഗ് സമയത്ത് എനിക്ക് പരിഭ്രമം തോന്നുന്ന സമയത്തൊക്കെ അത് പറയാതെതന്നെ തിരിച്ചറിഞ്ഞ് അദ്ദേഹം ധൈര്യം പകരുമായിരുന്നു. സെറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ എന്ന നിലയില്‍ മുതിര്‍ന്ന എല്ലാവരും എനിക്ക് കരുതലും പ്രോത്സാഹനവും നല്‍കിയിരുന്നു.”
ലീല തീയേറ്ററുകളില്‍ വിലക്ക് നേരിടുമെന്ന വാര്‍ത്തയില്‍ ആശങ്കയില്ലെന്നും പാര്‍വ്വതി പറയുന്നു. രഞ്ജിത്ത് സാറില്‍ വിശ്വാസമുണ്ട്. ‘പ്രതിഭയെയും കഠിനാധ്വാനത്തെയും തടയാന്‍ ഒന്നിനുമാവില്ല’, അവര്‍ പറഞ്ഞ് നിര്‍ത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയിലാണ് ലീലയെക്കുറിച്ച് പാര്‍വതി നമ്പ്യാര്‍ പങ്കുവെച്ചത്. ലീലയിലെ പാര്‍വ്വതിയുടെ ലുക്ക് രഞ്ജിത്ത് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Post Your Comments