“ഈ പരിണാമം നിങ്ങള്‍ക്ക് സധൈര്യം കണ്ടിറങ്ങാം”
പ്രവീണ്‍ പി നായര്‍
അവധിക്കാല സിനിമ ആസ്വദനങ്ങള്‍ക്ക് നിറം പകരാന്‍ ഡാര്‍വിന്റെ പരിണാമമെന്ന സിനിമയെത്തി. ‘കൊന്തയും പൂണൂലും’ എന്ന സിനിമയ്ക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത ഡാര്‍വിന്റെ പരിണാമം പ്രേക്ഷരില്‍ നേരെത്തെ തന്നെ പ്രതീക്ഷയുടെ വിത്ത് വിതറിയിരുന്നു. സിനിമയോടുള്ള ആത്മ സമര്‍പ്പണത്തിന്റെ അണയാത്ത തീ ആളി കത്തിക്കുന്ന പ്രിഥ്വി രാജ് എന്ന നടനാണ് ഡാര്‍വിനിലെ മുഖ്യ ആകര്‍ഷണം. പരിണാമ വഴിയില്‍ പക്വമായി നിലകൊള്ളുന്ന മലയാള സിനിമ വ്യവസായം ഡാര്‍വിന്റെ പരിണാമം എന്ന മറ്റൊരു പുതുമ വരയ്ക്കുന്ന സിനിമയെക്കൂടി കൂട്ടി യോജിപ്പിക്കുന്നുണ്ട്.
കഥാ സ്വഭാവം
കേബിള്‍ ടെക്നീഷ്യനായി ജോലി ചെയ്തു വരുമാനം കണ്ടെത്തുന്ന വളരെ ലളിതമായ കഥാപാത്രമായിരുന്നു പ്രിഥ്വി രാജ് അവതരിപ്പിച്ച ‘അനില്‍ ആന്റോ. ‘ഗൊറില്ല ഡാര്വിന് ‘എന്ന ഗുണ്ട കഥാപാത്രം അനിലിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി പ്രവേശിക്കുമ്പോള്‍ കഥ അതിന്റെ മര്‍മ വശങ്ങളിലേക്ക് ചേക്കേറുകയാണ്. സ്ഥിരം വാണിജ്യ സിനിമകളുടെ രുചിയും ഡാര്‍വിന്റെ പരിണാമമെന്ന ചിത്രം തേടിപോകുന്നുണ്ട്. കഥയിലൊരു പുതുമ കൊളുത്തിയിടാന്‍ മനോജ് നായരും, ജിജോ ആന്റണിയും തുനിഞ്ഞതാണ് സിനിമയ്ക്കുള്ളിലെ മേന്മ. ജീവിക്കാന്‍ വേണ്ടി അനില്‍ ആന്റോ എന്ന ചെറുപ്പക്കാരന് കുഞ്ഞു മോഹങ്ങളുടെ ചെപ്പു തുറക്കുന്നു. കൊട്ടാരക്കരയില്‍ നിന്ന് കൊച്ചിയിലേക്ക് അമല എന്ന ജീവിത സഖിയെയും കൂട്ടിയെത്തുന്ന അനില്‍ ആന്റോയിലൂടെയാണ് ചിത്രം മുന്നോട്ട് തെറിക്കുന്നത്. സിനിമയുടെ ആരംഭ ഘട്ടത്തില്‍ തന്നെ പരിണാമം തലയുയര്‍ത്തുന്നുണ്ട്. നായക പട്ടം ചെമ്പന്‍ വിനോദ് അഭിനയിച്ച ഗോറില്ല ഡാര്വിന് എന്ന കഥാപാത്രത്തിന് കൈമാറിക്കൊണ്ടാണ് സിനിമ ചലിച്ചു തുടങ്ങിയത്.
സംവിധായകനിലെ കയ്യൊപ്പ്
സംവിധായകന് എന്ന നിലയില്‍ ജിജോയുടെ രണ്ടാം കുപ്പായമാണ് ഡാര്‍വിന്റെ പരിണാമം. സിനിമയോടുള്ള പരിണാമ പ്രതിബദ്ധതയില്‍ മികവു കാട്ടാന്‍ ജിജോയിലെ സംവിധായകന് ശ്രമിക്കുന്നുണ്ട്. സിനിമയില്‍ ആദ്യം കടന്നു വരുന്ന പൂര്‍ണതയില്ലാത്ത രംഗ ചിത്രീകരണത്തിനു ശേഷം ജിജോയിലെ സംവിധായകന് പിന്നീടു നല്ലത് എടുത്തു കാട്ടി ഉശിരോടെ ഉണര്‍ന്നിരിക്കുന്നുണ്ട്. വളരെ ഉന്നതിയില്‍ നില്ക്കുന്ന ഒരു സംവിധാന ശൈലി അവകാശപ്പെടാനില്ലായെങ്കിലും ജിജോ ആന്റണി എന്ന സംവിധായകന് തന്റെ രണ്ടാം സിനിമയെ ആത്മാര്ത്ഥപൂര്വം സ്ക്രീനില്‍ പതിപ്പിച്ചിട്ടുണ്ട്.
തിരക്കഥയിലെ പോരായ്മ
ഡാര്‍വിന്റെ പരിണാമത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മനോജ് നായരും, ജിജോ ആന്റണിയും ചേര്‍ന്നാണ്. കഥാപാത്രങ്ങളുടെയും, കഥാ ചുറ്റുപാടിന്റെയും ഭംഗിയാര്‍ന്ന ക്രമീകരണ ശൈലി ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നത് സങ്കടകരമായ വസ്തുതയാണ്. ഇരുവരുടെയും തിരക്കഥയില്‍ കടന്നു കൂടിയ അപാകതകള്‍ പ്രേക്ഷനുള്ളിലെ ആസ്വദന ഭംഗി നശിപ്പിക്കുന്നെങ്കിലും നല്ല സംഭാഷണങ്ങള്‍ ഒരുക്കി ചിത്രത്തെ ആലോങ്കലമക്കാതെ കാത്തു രക്ഷിച്ചത് ആശ്വാസകരവും,
അഭിനന്ദനര്ഹവുമാണ്.
ഗര്‍ഭിണിയായ അമല തന്റെ ജീവിത നായകന്റെയടുത്ത് മസാല ദോശ ആവശ്യപ്പെടുന്നുണ്ട്. ഗര്‍ഭിണികള്‍ക്ക് മസാല ദോശയോടുള്ള ഇഷ്ടം മലയാള സിനിമയില്‍ നിന്നു വിട്ടു മാറിയിട്ടില്ല. ഇതിലെ പലതരം ക്ലീഷേ ആക്രമണങ്ങള്‍ ഇടയ്ക്കൊക്കെ പ്രേക്ഷകരെ ശല്യം ചെയ്തു കടന്നു പോകുന്നുണ്ട്.
അനിലിന്റെയും, അമലയുടെയും പ്രണയ ഭാവങ്ങള്‍ കുളിരേകുന്ന കാഴ്ചയായി തോന്നി. കുഞ്ഞു നഷ്ടപ്പെട്ടു പോകുമ്പോള്‍ ഉണ്ടാകുന്ന വേദനയുടെ ആഴമൊക്കെ അഴകാക്കി ചിത്രീകരിച്ചു തീര്‍ത്തിട്ടുണ്ട് ജിജോയിലെ സംവിധായകന്. ‘മഹേഷിന്റെ പ്രതികാരം’ പോലെ മറ്റൊരു പ്രതികാര സ്വഭാവം കടന്നു കൂടുന്ന സിനിമയാണ് ‘ഡാര്‍വിന്റെ പരിണാമം’.
വേദനയും, തമാശയും, ആക്ഷനും എല്ലാം ചേര്‍ത്തു പരുവമാക്കിയ ഒരു പരിണാമ കഥ. വേദനകളില്‍ തളരാതെ മുന്നോട്ടു പായുന്ന അനില്‍ ആന്റോ എന്ന ചെറുപ്പക്കാരന് പിന്നീടു വേറിട്ട വഴിയിലേക്കാണ് സഞ്ചാരം നടത്തുന്നത്.
നര്‍മത്തിന്റെ വിത്ത് മുളപ്പിക്കാന്‍ ഷമ്മി തിലകനെയും, ധര്‍മജനെയും പോലെയുള്ള തമാശ മുഖങ്ങളും കൂടെ ചേരുന്നുണ്ട്.
അഭിനയ പ്രകടനങ്ങള്‍
അഭിനയത്തിലെ അമിത ഭാവങ്ങളുടെ കയ്പ്പ് ചില രംഗങ്ങളില്‍ കടന്നു വരുന്നുണ്ടെങ്കിലും അനില്‍ ആന്റോയെ പ്രിഥ്വിരാജ് അസാധ്യമായി അവതരിപ്പിച്ചിട്ടുണ്ട്. ‘ഡാര്വിന്’ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചെമ്പന്‍ വിനോദ് നല്ല നടനെന്ന മുദ്ര അഭിമാനത്തോടെ മലയാള സിനിമയിലേക്ക് കൊത്തിവെയ്ക്കുന്നുണ്ട്. ‘ചാന്ദിനി ശ്രീധരന് ‘എന്ന നായിക അഭിനയമറിയാവുന്ന നല്ലൊരു നായിക മുഖമാണ്. സൗബിന് താഹിറിന്റെ അഭിനയത്തിലെ കൃത്യത വളരെയധികം മങ്ങി നിന്നപ്പോള്‍ ഷമ്മി തിലകനിലെ നര്‍മ രസം അതീവ രസമായിരുന്നു. സിനിമയില്‍ അണിനിരന്ന മറ്റെല്ലാ അഭിനേതാക്കളും തങ്ങളുടെ റോളുകള്‍ മികവുള്ളതാക്കി.
അഭിനന്ദന് രാമാനുജന്റെ ക്യാമറ വര്‍ക്ക് വളരെയധികം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ഏറ്റവുമധികം മികവ് കൈ വരിച്ചത് സിനിമയിലെ കലാസംവിധാനമാണ്. ശങ്കര്‍ ശര്‍മയുടെ ഈണങ്ങളും, പിന്നണി ഗീതങ്ങളും വളരെയധികം ഹൃദ്യമായിരുന്നു. മനസ്സിന് സുഖമുള്ള ഈണങ്ങള്‍ തീര്‍ക്കാന്‍ ശങ്കര്‍ ശര്‍മയ്ക്ക് ഇനിയും ഭാഗ്യം സിദ്ധിക്കട്ടെ. ചിത്രസംയോജനം പലയിടങ്ങളിലും പോരായ്മ വരുത്തിയിട്ടുണ്ട്. വസ്ത്രാലങ്കാര വിഭാഗവും, ചമയ വിഭാഗവും പ്രത്യേക കയ്യടി അര്‍ഹിക്കുന്നു.
അവസാന വാചകം
അവധിക്കാല നാളുകളിലേക്ക് ആദ്യമെത്തിയ ഈ ഡാര്‍വിന്റെ പരിണാമത്തെ ധൈര്യമായി കൂടെ കൂട്ടാം അതൊരു നഷ്ടമാകില്ല.
Post Your Comments