ചാലക്കുടി: മദ്യപിപ്പിച്ച് ഓര്‍മ്മ നശിപ്പിച്ച ശേഷം കലാഭവന്‍മണിയുടെ പക്കല്‍ നിന്ന് സുഹൃത്തുക്കളും സഹായികളും ലക്ഷക്കണക്കിന് രൂപ കവര്‍ന്നെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. ഇവരെത്തന്നെയാണ് മണിയുടെ മരണത്തില്‍ സംശയിക്കുന്നതെന്നും മണി ആത്മഹത്യ ചെയ്യില്ലെന്നും സഹോദരന്‍ പറഞ്ഞു.
കുടുംബപരമായോ സാമ്പത്തികപരമായോ പ്രശ്‌നമൊന്നുമില്ല. ബന്ധുക്കള്‍ മണിയുമായി ബന്ധപ്പെടുന്നത് മാനേജരും സുഹൃത്തുക്കളും അനുവദിച്ചിരുന്നില്ല. നിറയെ സുഹൃത്തക്കള്‍ സ്ഥിരമായി ഉണ്ടാകാറുണ്ടായിരുന്നു. ഭാര്യയെപ്പോലും അങ്ങോട്ട് അടുപ്പിക്കില്ലായിരുന്നു. താന്‍ പലപ്പോഴും പോയി ഇതിന്റെ പേരില്‍ വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
സുഹൃത്തുക്കളുടെ നീരാളിപ്പിടിത്തത്തില്‍നിന്നും മണിയെ രക്ഷിക്കാനായില്ല. സുഹൃത്തുക്കളാണ് മണിയെ പാടിയില്‍ ജീവിക്കാന്‍ പ്രേരിപ്പിച്ചിരുന്നത്. പരിപടികളിലൂടെ കിട്ടുന്ന പണം വാഹനത്തിലോ കൈയിലോ ആണു സൂക്ഷിച്ചിരുന്നത്. പലപ്പോഴും കൈവശം പണമായിത്തന്നെ മണി ലക്ഷങ്ങള്‍ കൈവശം വച്ചിരുന്നു. ഇതൊക്കെ കൈകാര്യം ചെയ്തിരുന്നത് സുഹൃത്തുക്കളാണ്. മണിയുടെ ഓര്‍മശക്തി ഇല്ലാതാക്കി പണം തട്ടിയെടുക്കുന്ന ശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെളുപ്പാന്‍ കാലത്ത് തന്നെ സുഹൃത്തുക്കള്‍ മണിയ്ക്ക് മദ്യം ഒഴിച്ച്കൊടുക്കുമായിരുന്നു. പലപ്പോഴും മണിക്കു മദ്യം നല്‍കുന്ന കാര്യത്തില്‍ സുഹൃത്തുക്കളുമായി താന്‍ വഴക്കുണ്ടാക്കിയിട്ടുണ്ട്. മണിയെ സിനിമയില്‍ നിന്ന് അകറ്റിയത് സുഹൃത്തുക്കളാണ്. വിധായകരുടെ ഫോണ്‍ കോളുകള്‍ പോലും മണിയെക്കൊണ്ടു മാനേജരും സുഹൃത്തുക്കളും എടുപ്പിച്ചിരുന്നില്ല. സ്‌റ്റേജ് ഷോകള്‍ക്കു മാത്രമാണ് മണി പോയിരുന്നത്. അപ്പോള്‍ കൂടെയുള്ളവര്‍ക്കും പണം കിട്ടുമെന്നതായിരുന്നു കാരണമെന്നും രാമകൃഷ്ണന്‍ പറയുന്നു. മാനേജര്‍മാര്‍ അടക്കമുള്ളവരും പാടിയില്‍ ജോലിചെയ്യുന്നവരുമാണ് സംശയത്തിലുള്ളത്. അരുണ്‍, വിപിന്‍, മുരുകന്‍ എന്നീ സഹായികളാണ് മണിയെ അപായപ്പെടുത്തിയിരിക്കാന്‍ സാധ്യതതയെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. ലിവര്‍ സിറോസിസിന്റെ കാര്യം മണി നിമ്മിയോടു പറഞ്ഞിരുന്നില്ല. എന്നാല്‍ ബിലിറുബിന്‍ കൂടുതലാണെന്ന് പറഞ്ഞിരുന്നു. പേടിക്കണ്ട എന്ന് കരുതിയാകും അക്കാര്യം പറയാതിരുന്നതെന്നും സഹോദരന്‍ പറഞ്ഞു.
Post Your Comments