GeneralNEWS

സുരേഷ് ഗോപി മത്സരിച്ചേക്കും

തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയായി രംഗത്തിറക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി കേന്ദ്രനേതൃത്വം. സ്‌ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ ഫലം കാണുന്നതായും സുരേഷ് ഗോപി സമ്മതിച്ചതായുമാണ്‌ റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നാകും സുരേഷ് ഗോപി ജനവിധി തേടുകയെന്നാണ് സൂചന.

കഴിഞ്ഞദിവസം, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ കഴിയുമോയെന്ന് സുരേഷ് ഗോപിയോട് കേന്ദ്രനേതൃത്വം ആരഞ്ഞിരുന്നു. നേരത്തെ ആറന്മുളയിലോ വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ സ്ഥാനാര്‍ഥിയാകാനില്ല എന്ന് പറഞ്ഞു സുരേഷ് ഗോപി പിന്മാറുകയായിരുന്നു. പാര്‍ട്ടിയ്ക്ക് വേണ്ടി സജീവ പ്രചാരണത്തിന് ഉണ്ടാകുമെന്നും സുരേഷ് ഗോപി നേതൃത്വത്തേ അറിയിച്ചിരുന്നു.

തുടര്‍ന്നാണ് കേന്ദ്ര നേതൃത്വം സമ്മര്‍ദ്ദം ശക്തമാക്കിയത്. പ്രധാനമന്ത്രിയുമായും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായും അടുത്ത വൃത്തങ്ങള്‍ മത്സരിക്കണമെന്നുതന്നെ അഭ്യര്‍ഥിച്ചിട്ടുണ്ട്. അതിനാല്‍ ഇത് നിരസിക്കാനാവാത്ത അവസ്ഥയിലാണ് താരം. അദ്ദേഹം സ്‌ഥാനാര്‍ഥിയായാല്‍ കേരളത്തില്‍ ബി.ജെ.പിയുടെ സാധ്യത കൂടുമെന്നാണ്‌ പാര്‍ട്ടിയുടെയും ആര്‍.എസ്‌.എസിന്റെയും വിലയിരുത്തല്‍. പാര്‍ട്ടിക്കു വലിയ പ്രതീക്ഷയുള്ള തിരുവനന്തപുരം സെന്‍ട്രലില്‍ യോജിച്ചയാളെ കണ്ടെത്താന്‍ കഴിയാത്തത്‌ കേന്ദ്ര നേതൃത്വത്തിന്റെ എതിര്‍പ്പിനും കാരണമായി. ബി.ജെ.പി. പ്രതീക്ഷപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ തിരുവനന്തപുരത്ത് മാത്രമാണ് സ്ഥാനാര്‍ഥിനിര്‍ണയം നടക്കാത്തത്. ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍, നടന്‍ ദേവന്‍ എന്നിവരെ ഇവിടേക്ക് പരിഗണിച്ചിരുന്നു. വിജയപ്രതീക്ഷയുള്ള നേമത്തും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും തൊട്ടടുത്ത മണ്ഡലത്തിലെ താരസാന്നിധ്യം നേട്ടമാകുമെന്നാണ്‌ കണക്കുകൂട്ടല്‍.

അരുവിക്കര ഉപതെരെഞ്ഞെടുപ്പില്‍ ഒ.രാജഗോപാലിന് വേണ്ടി സുരേഷ് ഗോപി രംഗത്തിറങ്ങിയിരുന്നു. ഇത്തവണ നേമത്ത് ഒ.രാജഗോപാലിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതും സുരേഷ് ഗോപിയായിരുന്നു.

shortlink

Post Your Comments


Back to top button