GeneralNEWS

കലാഭവൻമണി ഓർമ്മയാകുമ്പോൾ

ഷാജി യു.എസ്


ഏതു മനുഷ്യന്റെയും മരണം നമ്മിലും ഒരു കുറവുവരുത്തുന്നുണ്ട് അത് . പ്രിയപ്പെട്ടവരുടെയോ ഉറ്റവരുടെതോ ആകുമ്പോൾ നഷ്ടത്തിന്റെയും വേദനയുടെയും അളവുകൂടുന്നു .മലയാളികളെ ഒരു ചിരികൊണ്ടും പിന്നെ കഴിഞ്ഞകാല ജീവിതത്തിന്റെ വേദനകളുടെ ”കണ്ണീർചിരികൊണ്ട്” സന്തോഷിപ്പിച്ച കലാഭവൻ മണി അകാല വേർപാടിൽ കാലത്തിന്റെ കറുത്ത തിരശീലക്കുപിന്നിലേക്ക് മറയുമ്പോൾ മലയാളിക്ക് കൂടെയുള്ള ഒരാൾ നഷ്ട്ടപ്പെട്ടത് പോലെ തോന്നുന്നു ,കാരണം മണി തികച്ചും ജനകീയനായിരുന്നു .പച്ചയായ ജീവിതാനുഭവങ്ങളുടെ പരുഷത ഏറെ അറിഞ്ഞ മണി സിനിമയുടെ ആർഭാടങ്ങളിലേക്ക് വന്നപ്പോഴും ജനങ്ങളോടൊപ്പം ഉണ്ടായിരുന്നു .ഈ ചാലക്കുടിക്കാരന്റെ നാടന്‍പാട്ടിന്റെ ശീലുകൾ ഇത്രമേൽ ജനകീയമായത്അതു ജീവിതത്തിൽ നിന്ന് സ്വീകരിച്ച സ്വാഭാവികത ആയതുകൊണ്ടാകാം . വിമർശകർക്ക് മണിയുടെ പാട്ടുകൾ അശ്ലീലവും ആഭാസവും ആയപ്പോഴും അത് നല്ല ഗാനങ്ങളെപോലെ നിലനിന്നു എന്നത് ശ്രദ്ധേയമാണ് . മണിയുടെ പാട്ടുകൾ കാലാതീതമല്ല. എങ്കിലും ആ ഈണം നാം ഇഷ്ട ” പ്പെട്ടുപോകുന്നു. ആ ചിരി നാം ഇഷ്ട ” പ്പെട്ടുപോകുന്നു .അതുതന്നെയാണ് ഒരു കലാകാരന്റെ വിജയവും ചിരിക്കാൻ കൊതിക്കുന്ന ശരാശരി മലയാളിക്ക് മണിയുടെ പാട്ടുകളും കോമഡി പരിപാടികളും മനോഹരം തന്നെയാണ് .

സുപരിചിതമായ ,മണ്ണിന്റെ ,ജീവിതത്തിന്റെ സ്വാഭാവികതയുള്ള ആ ഈരടികൾ താളത്തിലുള്ള ആ ചുവടു വയ്പ്പുകൾ, ശബ്ദത്തിലെ ഈണം ,ഇനിയില്ല. തന്റെ ജീവിതത്തിന്റെ പൊള്ളലുകൾ പറയുമ്പോഴോക്കെയും മിഴി നനയുമായിരുന്ന ഈ മനുഷ്യനെ മലയാളികൾ ഏറെ സ്നേഹിച്ചിരുന്നു എന്നതിന് തെളിവാണ് സംസ്കാര ചടങ്ങുകളിൽ ഉണ്ടായ ജനബാഹുല്യം . സ്വാഭാവികതയുള്ള ജീവിതത്തിന്റെ പരുക്കൻ വഴികളിലൂടെ ഏറെ നടന്നുശീലിച്ച മണി നാടൻ പാട്ടുപോലെ ”നാടനായി ജീവിച്ച്” ,ജനങ്ങൾക്ക്‌ പ്രിയങ്കരനായി

ദാരിദ്രവും കഷ്ടപ്പാടുകളും ഏറെ അറിഞ്ഞ കലാകാരന്മാരും എഴുത്തുകാരും ഇന്ന് കുറവാണ് .മണി എന്നവ്യക്തി അനുഭവങ്ങളുടെ ചൂടിൽ ജീവിതത്തെ അറിഞ്ഞു .എക്കാലത്തെയും വലിയ എഴുത്തുകാരനായ വൈക്കംമുഹമ്മദു ബഷീർന്റെ കൺ പോളകൾ തുറന്നുപിടിച്ചു പൊൻകുന്നം വർക്കി എന്ന എഴുത്തുകാരൻ പറയുന്ന ഒരു വാചകമുണ്ട് ,”എന്തെല്ലാം കണ്ട കണ്ണാടോ ഇത്”.? അതുപോലെ അനുഭവങ്ങളുടെ ചൂടാണ് മണിയെയും പിന്തുടര്ന്നിരുന്നത് കഴിഞ്ഞകാലം പറഞ്ഞു കരഞ്ഞിരുന്ന മണി ആ കഴിഞ്ഞകാലം പലപ്പോഴും ഓർത്തിരുന്നിരിക്കാം. കലാകാരന്മാരുടെ ശ്രേണിയിൽ വളരെ കുറഞ്ഞകാലം കൊണ്ടുതന്നെ ശ്രദ്ദേയനും പ്രിയങ്കരനും ,ജനങ്ങൾ തങ്ങളിൽ ഒരുവനായി സ്നേഹിക്കുകയും ചെയ്ത ഈ കലാകാരൻ .ചെയ്ത ജീവകാരുണ്യപ്രവർത്തനങ്ങൾ ,സഹായങ്ങൾ ,ആശുപത്രികൾക്ക്‌ വാങ്ങി നല്കിയ ആംബുലൻസുകൾ ,ഇവയൊക്കെ മണി കടന്നുപോകുമ്പോഴും ആ മനുഷ്യന്റെ നന്മ്മയുടെ അടയാളങ്ങളായി നിലനില്ക്കുന്നു .അദ്ദേഹം വാങ്ങി നല്കിയ ആംബുലൻസു കളിൽ ഒന്നിൽത്തന്നെ ആ മൃതദേഹവും കിടത്താൻ ഇടയായി എന്നത് വിധി വൈപരീത്യം തന്നെയാണ്. കേരളം കണ്ടതിൽവച്ചു ഏറ്റവും വികാര നിർഭരമായ ശവ സംസ്കാര ചടങ്ങ് വർഷങ്ങൾക്കുമുൻപ് വയലാർ രാമ വർമ്മയുടെതായിരുന്നു.മണിയുടെ ശവ സംസ്കാരച്ചടങ്ങും ജനങ്ങൾക്ക്‌ ആ കലാകാരനോടുള്ള സ്നേഹത്തിന്റെ തീഷ്ണത മനസിലാക്കുന്നതായി. കഴിഞ്ഞ ഇന്നലെ കൾക്കുപിന്നിൽ മണിയുടെ നീട്ടിയുള്ള ചിരി മുഴങ്ങുന്നു ,ഒരു നാടന്‍ പാട്ടിന്റെ ഓമനത്തമുള്ള ഈരടികൾ അതിനൊപ്പിച്ച്‌ കൈകൊട്ടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ആരാധകർ. മലയാളികൾ മറക്കാതെ നെഞ്ചോട്‌ ചേർത്ത മണിയുടെ പാട്ടുകൾ .സാധാരണ ക്കാരുടെ ജീവിതത്തിന്റെ സ്വാഭാവികത ഉൾക്കൊള്ളുന്നു നടൻ എന്നനിലയിലും ഏറെ കഴിവും തനിമയും മണിക്ക് ഉണ്ടായിരുന്നു കരുമാടിക്കുട്ടനിലെ ”കുട്ടനെ” മലയാളി മറക്കുകയില്ല.

വയലാർ പോലെയുള്ള പല കലാകാരന്മാർക്കും സംഭവിച്ചതുപോലെ കലാഭവൻ മണിയുടെ ജീവിതവും മദ്യത്തിൽ മുങ്ങി നിയന്ത്രണം നഷ്ട്ടപ്പെട്ട് പോകുകയായിരുന്നു .ഒരുകാലത്ത് പട്ടിണി ഏറെ അനുഭവിച്ചി ട്ടുള്ളത്‌ കൊണ്ടായിരിക്കാം ഭക്ഷണ പ്രിയനും കൂടിയായിരുന്നു മണി . ഇത്തരത്തിലുള്ള വിരുദ്ധമായ ആഹാര രീതികളും മദ്യത്തിനൊപ്പം മണിയെ രോഗിയാകാൻ കാരണം ആയിരുന്നിരിക്കാം. എല്ലാ ആഹോഷങ്ങളും കൂട്ടുകാർക്കും ആരാധകർക്കും ഒപ്പം ആടിത്തിമിർത്ത് മദ്യം കൊണ്ട് സന്തോഷിച്ചപ്പോൾ ജീവിതം കൈവിട്ടു പോകുകയായിരുന്നു .സ്വന്തം കുടുംബത്തോ ടൊപ്പമുള്ള ആഹോഷങ്ങളും സന്തോഷം പങ്കുവയ്ക്കലും ഇല്ലാതായതും സാമ്പത്തികമായുള്ള കാര്യങ്ങളുടെ നിയന്ത്രണം സാധിക്കാത്തതും പരാജയബോധത്തിനും നിരാശക്കും ഇടയാക്കിയിട്ടുണ്ടാവാം ,സങ്കടപ്പെടുത്തുന്ന ഭൂത കാലമുള്ള ഒരാൾ ചുറ്റുപാടുകൾ മാറിയപ്പോൾ മദ്യം അഭയമോ വിനോദമോ ആക്കി ജീവിതം ആസ്വദിച്ചപ്പോൾ സംഭവിച്ച ദുരന്തം തന്നെയായിരുന്നു ഈ മരണവും .തനിക്കു വേണ്ടവിധത്തിൽ ജീവിതത്തെ ചിട്ട പ്പെടുത്താൻ ,നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാ സൌകര്യങ്ങളും ഉണ്ടായപ്പോൾ മണിക്ക് കഴിയാതെപോയി .സഹായവും കാരുണ്യവും അനേകരോട് കാണിച്ചപ്പോഴും തികച്ചും അർഹരായിരുന്നവരും കൂടെനിന്നവരും കുടുംബത്തിൽ തന്നെയുള്ളവരും ആയ ചിലരെ അവഗണിച്ചതും ,സ്വന്തം പിഴവുതന്നെയാണ് . ഒരുകാലത്ത് ചെയിൻ സ്മോക്കർ ആയിരുന്ന മമ്മൂട്ടി സിഗരറ്റ് വലി നിർത്താൻ തീരുമാനിക്കുകയും അതേപോലെ നടപ്പാക്കുകയും ചെയ്തതിനെ പ്പറ്റി അദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. തന്റെ കഴിഞ്ഞകാലം പറഞ്ഞു കരഞ്ഞ മണിയുടെ ഭൂതകാലം മറ്റുള്ളവരെയും കരയിച്ചിട്ടുണ്ട്‌ . അങ്ങനെയുള്ള ഒരാൾ കൈവന്ന ജീവിതത്തിൽ കാണിക്കേനടി ണ്ടിയിരുന്ന ശ്രദ്ധയും നിയന്ത്രണങ്ങളും ഇല്ലാതെ പോയതാകാം ഈ മരണത്തിനും കാരണമായത്‌.

ഈമരണം മദ്യം ആഘോഷമാക്കുന്നവർക്ക് ഒരു താക്കീതു കൂടിയാണ്.ഈ കലാകാരൻ അനേകവർഷങ്ങൾ ഈ ഭൂമിയിൽ ജീവിച്ച് ആ ചിരികൊനടും പാട്ടുകൊണ്ടും അഭിനയംകൊണ്ടും നമ്മെയും ചിരിപ്പിക്കുമായിരുന്നു. അകാലത്തിൽ കടന്നുപോയ ഈ കലാകാരൻ തന്റെ പാട്ടിലെ ഈരടികൾ പോലെ ഈ മണ്ണിൽ സാധാരണക്കാരോടൊപ്പം നിന്നു. അവരെ സഹായിക്കുകയും മനസിലാക്കുകയും ചെയ്തു അതു കൊണ്ട് തന്നെയാണ് ഈ മനുഷ്യനെ മറ്റുള്ളവർ പ്രിയങ്കരനായി കരുതിയതും. കാലത്തെ അതിജീവിക്കുന്ന മണ്ണിന്റെ മണമുള്ള ഓർമ്മയായി ആ നാടൻ പാട്ടുകൾ ഇനിയും നിലനില്ക്കട്ടെ. കഴിവുണ്ടായിരുന്നിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാതിരുന്ന ഈ കലാകാരനെ മരണത്തിനു ശേഷം ചിലർ കൂടി അംഗീകരിച്ചതും നാം കണ്ടുകഴിഞ്ഞു അംഗീകാരങ്ങൾ ”റീത്തിനൊപ്പമല്ല” നല്കേണ്ടത്.അത് കഴിവിന്റെ മികവുള്ളിടത്തുജീവിച്ചിരിക്കുമ്പോൾ ലഭിക്കേണ്ടതാണ് .അകാലത്തിൽ മറഞ്ഞുപോയ ഈ കലാകാരന്റെ ഓർമ്മകൾക്കു മുന്‍പിന്‍ പ്രാർഥനാ പുഷ്പ ങ്ങളോടെ ഓർമ്മകളുടെ ഒരുകൈത്തിരി കൊളുത്തിവയ്ക്കുന്നു ഓർമ്മകളുടെ തിരശീലക്കുപിന്നിൽ ആനാടൻ പാട്ടിന്റെ ഓമനത്തമുള്ള ഈരടികൾ മുഴങ്ങുന്നു , താളത്തിൽ ചുവടുവച്ച് സന്തോഷത്തിന്റെ അലകളിൽ ജനം സ്വയം മറക്കുന്നു. ആ നീണ്ട ചിരിയുടെ അലയൊലികൾ എവിടെയോ മുഴങ്ങുന്നു,ഈ കലാകാരന്‍ കാലം വിട നല്‍കട്ടെ .

shortlink

Related Articles

Post Your Comments


Back to top button