വനിതാദിനത്തില്‍ത്തന്നെ കങ്കണ റാണാവത്ത് തന്നെക്കുറിച്ചുള്ള മറ്റൊരു രഹസ്യം പുറത്തുവിട്ടു. “പെണ്‍കുട്ടി” ആയിരുന്നതിനാല്‍ മാതാപിതാക്കള്‍ക്ക് ആവശ്യമില്ലാത്ത കുട്ടിയായിരുന്നു താനെന്ന അമ്പരിപ്പിക്കുന്ന തുറന്നുപറച്ചിലാണ് കങ്കണ നടത്തിയത്. ആദ്യമൊക്കെ പെണ്ണായിരുന്നതിനാല്‍ തന്റെ അച്ഛനുമമ്മയും തന്നെ വെറുത്തിരുന്നു എന്ന് കങ്കണ പറഞ്ഞു. ചേച്ചി രംഗോലിയുടെ ജനനത്തിനു ശേഷം ഒരാണ്‍കുട്ടിയെ ആഗ്രഹിച്ചിരുന്ന മാതാപിതാക്കള്‍ക്ക് ഒരു പെണ്‍കുട്ടിയും കൂടിയായി കങ്കണ പിറന്നപ്പോള്‍ നിരാശയായിരുന്നു. കുട്ടിക്കാലത്ത് മാതാപിതാക്കളുടെ തന്നോടുള്ള പെരുമാറ്റം ആവശ്യമില്ലാത്ത കുട്ടിയാണ് താനെന്ന കുറ്റബോധം തന്നില്‍ ജനിപ്പിച്ചിരുന്നതായും കങ്കണ വെളിപ്പെടുത്തി.
ഒരു മാഗസിന്റെ കവര്‍ ലോഞ്ചിലാണ് കങ്കണ ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
“എന്റെ വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും ഒരു അസ്വസ്ഥത എനിക്കനുഭവപ്പെട്ടിരുന്നു. ഞാന്‍ എന്നെ എങ്ങനെ കാണാനാഗ്രഹിച്ചിരുന്നോ ആ വിധത്തില്‍ കാണപ്പെടാന്‍ സാഹചര്യമുണ്ടായിരുന്നില്ല. എന്റെ മാതാപിതാക്കള്‍ക്ക് ഒരാണ്‍കുട്ടി ഉണ്ടായതായിരുന്നു. പക്ഷെ അവന് 10 ദിവസം പോലും ജീവിച്ചിരുന്നില്ല. അവനെ അവര്‍ “ഹീറോ” എന്ന് വിളിച്ചു. അവന്റെ വേര്‍പാടിന്റെ ദുഃഖത്തില്‍ നിന്നും അവര്‍ ഒരിക്കലും മോചിതരായില്ല. ചേച്ചി രംഗോലി ഉണ്ടായപ്പോള്‍ ആഘോഷമായിരുന്നു, അവള് നല്ലവണ്ണം ശ്രദ്ധിക്കപ്പെട്ടു. ഞാന്‍ ജനിച്ചപ്പോള്‍, പെണ്‍കുട്ടിയായ കാരണം കൊണ്ട് എന്റെ മാതാപിതാക്കള്‍ക്ക് എന്റെ ജന്മം സ്വീകാര്യമായില്ല. ഈ വിവരങ്ങളെല്ലാം എനിക്കെങ്ങനെ അറിയാം എന്ന് ചോദിച്ചാല്‍, വീട്ടില്‍ വരുന്ന ഓരോ അതിഥികളുടെ മുന്നിലും ഈ കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു.അവശ്യമില്ലാത്ത കുട്ടിയാണെന്ന കാര്യം എന്റെ മുന്നില്‍ വീണ്ടുംവീണ്ടും ആവര്‍ത്തിക്കപ്പെട്ടു. നിങ്ങള്‍ ഏതു പരിതസ്ഥിതിയില്‍ ജീവിക്കുന്നുവോ അവിടെ നിങ്ങളുടെ സാന്നിധ്യം ആവശ്യമില്ലാത്തതാണെന്ന നിരന്തര ഓര്‍മ്മപ്പെടുത്തലുകള്‍ ഉള്ള ഒരന്തരീക്ഷത്തില്‍ ജീവിക്കുക വളരെ പ്രയാസമേറിയ കാര്യമാണ്. ആ അന്തരീക്ഷത്തോട് പൊരുത്തപ്പെടാന്‍ ഒരിക്കലും എനിക്കായില്ല, ” കങ്കണ പറഞ്ഞു.
തന്റെ ജീവിതത്തിന്റെ ആണിക്കല്ല് തന്റെ ചേച്ചി രംഗോലിയാണെന്നും കങ്കണ പറഞ്ഞു.
Post Your Comments