Uncategorized

സിനിമ നടന്‍മാര്‍ അങ്ങനെ തന്നെ അഭിനയിച്ച സിനിമകളും കഥാപാത്രങ്ങളുടെ സവിശേഷതകളും

1983-ല്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘പ്രേം നസീറിനെ കാണ്മാനില്ല’ എന്ന സിനിമയില്‍ പ്രേം നസീര്‍ എന്ന നടന്‍ പ്രേം നസീറായി തന്നെ വളരെ സുപ്രധാനമായ ഒരു വേഷം ചെയ്തിട്ടുണ്ട്.

മോഹന്‍ലാല്‍ മോഹന്‍ലാലായി തന്നെ അഭിനയിച്ച സിനിമയാണ് ‘മനു അങ്കിള്‍’. കഴിച്ച ആഹാരത്തിന്‍റെ പണം കൊടുക്കാന്‍ ഇല്ലാതെ മനു അങ്കിളിലെ കുട്ടി കഥാപാത്രങ്ങള്‍ ഒരു ഹോട്ടലില്‍ അകപ്പെട്ടു പോകുമ്പോള്‍ അവരെ രക്ഷിക്കാന്‍ മോഹന്‍ലാല്‍ എന്ന നടനാണ് അവതരിക്കുന്നത്. താടി നല്ല പോലെ വളര്‍ത്തിയിരിക്കുന്ന മോഹന്‍ലാല്‍ തലയില്‍ ഒരു തൊപ്പി വെച്ചിട്ടുണ്ട് മോഹന്‍ലാലിനെ കുട്ടികള്‍ക്ക് തിരിച്ചു അറിയാന്‍ സാധിക്കുന്നില്ല.

“നിങ്ങള്‍ ആരാണ് “? എന്ന് കുട്ടികള്‍ ചോദിക്കുമ്പോള്‍ തലയിലെ തൊപ്പി മാറ്റി “ഞാന്‍ മോഹന്‍ലാല്‍ “എന്ന് വളരെ വിനയത്തോടെ പറയുന്ന ഈ കഥാപാത്രത്തെ ആരും മറക്കാനിടയില്ല.
മമ്മൂട്ടി ‘മമ്മൂട്ടി’ എന്ന നടനായി തന്നെ രംഗത്ത് വന്ന സിനിമയാണ് ജോഷി സംവിധാനം ചെയ്ത ‘NO 20 മദ്രാസ്‌ മെയില്‍ ‘. ഈ സിനിമയില്‍ മോഹന്‍ലാല്‍ ‘ടോണി കുരിശിങ്കല്‍ ‘ എന്ന രസികന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നുള്ള ഫലിത രംഗങ്ങളായിരുന്നു സിനിമയിലെ പ്രധാന ആകര്‍ഷണം.

ഒരു കൊലപാതകത്തിന്‍റെ പേരില്‍ ടോണി കുരിശിങ്കലിനും കൂട്ടുക്കാര്‍ക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളില്‍ മമ്മൂട്ടി എന്ന നടന്‍ ഇടപെടുന്നതും തുടര്‍ന്നു ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.
‘നാടോടിക്കാറ്റ് ‘എന്ന സിനിമയില്‍ സോമന്‍ എന്ന നടനും സോമനായി തന്നെ അഭിനയിക്കുന്നുണ്ട്. വിജയന്‍ എന്ന ശ്രീനിവാസന്‍റെ കഥാപാത്രം അഭിനയ മോഹവുമായി ഐ.വി ശശിയുടെ ലൊക്കേഷനില്‍ വരുകയും ലൊക്കേഷനില്‍ സോമന്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ സോമന്‍റെ മുന്നിലേക്ക്‌ വിജയന്‍ ചാടി വീഴുന്നതുമൊക്കെ മലയാളി പ്രേക്ഷകര്‍ ചിരിയോടെയാണ് കണ്ടത്.

‘തില്ലാന തില്ലാന’ എന്ന സിനിമയില്‍ ‘സുരേഷ് ഗോപി’ സുരേഷ് ഗോപിയായി തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. ‘വര്‍ണം’ എന്ന സിനിമയില്‍ മാമുക്കോയയും മാമുക്കോയായി അഭിനയിക്കുന്നുണ്ട്. ജഗദീഷ് ജഗദീഷായി തന്നെ അഭിനയിച്ച സിനിമയാണ് ‘അഴകിയ രാവണന്‍ ‘. കുഞ്ചാക്കോ ബോബനും, പ്രിഥ്വിരാജും ഷാഫിയുടെ ‘മേയ്ക്കപ്പ്മാന്‍ ‘എന്ന സിനിമയിലും അതേ കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ദിലീപ് രഞ്ജിത്തിന്‍റെ കടല്‍ കടന്നു മാത്തുക്കുട്ടിയിലും ദിലീപായി വേഷമിടുന്നു . ജയറാമും ജയറാമായി തന്നെ ചെറിയ ഒരു രംഗത്ത് കടല്‍ കടന്നു മാത്തുക്കുട്ടിയില്‍ വരുന്നുണ്ട്. ആസിഫ് അലി ‘ഉസ്താദ്‌ ഹോട്ടല്‍ ‘ എന്ന സിനിമയില്‍ ആസിഫ് അലിയായി തന്നെ ഒരു രംഗത്തുണ്ട്.

‘ത്രീ കിംഗ്‌സ് ‘എന്ന സിനിമയില്‍ കുഞ്ചനും കുഞ്ചനായി തന്നെ അഭിനയിക്കുന്നുണ്ട്.
കമലഹാസന്‍ ‘ഫോര്‍ ഫ്രണ്ട്സ് ‘എന്ന സിനിമയില്‍ അതിഥിവേഷമായി വരുന്നത് കമലഹാസന്‍ എന്ന നടനായിട്ടു തന്നെയാണ്. വളരെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു കമലഹാസന്‍റെ ഫോര്‍ ഫ്രണ്ട്സിലെ അതിഥി വേഷം.

‘അയാള്‍ ഞാനല്ല’ എന്ന സിനിമയില്‍ ഫഹദ് ഫാസിലും ഫഹദ് ഫാസില്‍ എന്ന നടനായി തന്നെ ഒരു വേഷം ചെയ്യുന്നുണ്ട്. ഈ സിനിമയുടെ പ്രമേയം തന്നെ ഫഹദ് ഫാസില്‍ എന്ന നടനെ കേന്ദ്രീകരിച്ചുള്ളതാണ്.
മുകേഷ് ‘മുകേഷ് ‘എന്ന നടനായി തന്നെ അഭിനയിച്ച സിനിമയാണ് ഈയിടെ പുറത്തിറങ്ങിയ രഞ്ജിത്ത് ശങ്കറിന്‍റെ ‘സു.. സു.. സുധീ വാത്മീകം’.

ജയസൂര്യ അഭിനയിച്ച നായക കഥാപാത്രമായ സുധി തന്‍റെ ജീവിതം തുറക്കുന്നത് മുകേഷ് എന്ന നടനോടാണ്. വളരെ വ്യത്യസ്ഥമായ ഈ അവതരണ രീതിയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button