GeneralNEWS

‘ഹൃദയത്തില്‍ സൂക്ഷിച്ച സംവിധായകന്‍ ‘

പ്രവീണ്‍ പി നായര്‍

2011 ജനുവരി-7നു ഒരു മലയാള സിനിമ റിലീസ് ചെയ്തു. സിനിമയുടെ പേര് ‘ട്രാഫിക്‌ ‘.പ്രേക്ഷകരുടെ തള്ളികയറ്റം ഉണ്ടാകേണ്ട ഒരു സിനിമ സ്വഭാവമല്ല ട്രാഫിക്‌ സിനിമയുടേത് എങ്കിലും തീയറ്റര്‍ പരിസരത്ത് സിനിമ മോഹികളായ കുറച്ചു പേരുണ്ട്. ഈ സിനിമയില്‍ ആകര്‍ഷണമായിട്ടുള്ളത് എന്താ? ശ്രീനിവാസന്‍ ട്രാഫിക്‌ പോലീസ് വേഷത്തിലുണ്ട് അത് കൊണ്ടാവാം ഇത്രെയെങ്കിലും ആളുകള്‍ വന്നത് . സിനിമയിലേക്ക് കാലുറച്ചു വരുന്ന ഒരു യുവ നടന്‍ ട്രാഫിക്കിലുണ്ട് അത് കുറച്ചു കോളേജ് പിള്ളേരെയും സ്വാധീനിച്ചിട്ടുണ്ടാവം. നല്ല നടന്‍ എന്ന പരിഗണനയില്‍പ്പെടാന്‍ പരിശ്രമിക്കുന്ന കുഞ്ചാക്കോ ബോബനും സിനിമയുടെ ഭാഗമായത് ചിലരെ സ്വാധീനിച്ചു കാണും .

ടിക്കറ്റ് കൊടുക്കാന്‍ സമയമായി ചെറിയ വരി വളരെ അടക്കത്തോടെ നിന്നു ടിക്കറ്റ് എടുക്കാന്‍ തുടങ്ങി. സമയം കളയാന്‍ വേണ്ടി മാത്രം സിനിമയെ സമീപിക്കുന്നവര്‍ അക്കൂട്ടത്തില്‍ ഉണ്ടാകാം, ഉള്ളു തുറന്നു സിനിമയെ സ്നേഹിക്കുന്നവരും ഉണ്ടാകാം. അങ്ങനെ വിവിധതരം പ്രേക്ഷകര്‍ ടിക്കറ്റ് എടുത്തു നീങ്ങി വിശാലമായ സിനിമാശാലയില്‍ അധികം പേരില്ലാതെ പടം തുടങ്ങി.

‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ‘എന്ന സിനിമ സംവിധാനം ചെയ്ത രാജേഷ് പിള്ളയുടെ രണ്ടാമത്തെ സിനിമയാണ് ‘ട്രാഫിക്’. സിനിമാ ആവേശം സിരകളില്‍ പടര്‍ത്തിയവരുടെ മനസ്സില്‍ ആ ചിന്തയും കടന്നു കൂടിയിരുന്നു. മലയാള സിനിമ പ്രേക്ഷകന്‍റെ ആസ്വദന കാഴ്ചയെ രാജേഷ് പിള്ളയും കൂട്ടരും മറ്റൊരു വേറിട്ട പാതയുമായി കൂട്ടിയിണക്കി. സിനിമയ്ക്ക് അരികില്‍ ഇരുന്ന വിരളമായ പ്രേക്ഷകര്‍ ഉടനടി അതില്‍ അങ്ങേയറ്റം തൃപ്തരായി മാറി. നല്ലത് മുന്നില്‍ തെളിഞ്ഞപ്പോള്‍ ഉണ്ടായ സന്തോഷത്തിന്‍റെ പ്രകാശം അവിടുത്തെ ഇരുട്ടിനുള്ളില്‍ പ്രതിഫലിച്ചു. ഓരോ നിമിഷവും പ്രേക്ഷകര്‍ ട്രാഫിക്‌ എന്ന സിനിമയോട് കൂടുതല്‍ ചേര്‍ന്നിരുന്നു.

വേറിട്ടൊരു സിനിമ വഴിയില്‍ കൂടി സഞ്ചരിച്ച പ്രേക്ഷകരത്രയും കയ്യടിച്ചു പുറത്തിറങ്ങി. അവിടെയൊരു നല്ല സംവിധായകന്‍റെ കഴിവ് മിന്നി തിളങ്ങുന്നുത് മലയാള സിനിമ ലോകം കണ്ടു. ‘ട്രാഫിക്‌ ‘എന്ന സിനിമ ദിവസങ്ങള്‍ കടന്നു തകര്‍ത്ത് ഓടുമ്പോഴും രാജേഷ്‌ പിള്ളയിലെ സംവിധായകന്‍ പ്രേക്ഷകരില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു.

മൂന്നമത്തെ സിനിമ മിലിയായിരുന്നു വളരെ ലളിതമായ അവിഷ്കരണ രീതി വരച്ചു ചേര്‍ക്കേണ്ട ചിത്രം. മഹേഷ്‌ നാരായണന്‍ എന്ന ചിത്രസംയോജകന്‍റെ ഭംഗിയുള്ള തിരക്കഥയെ അതിലും ഭംഗിയോടെ രാജേഷ് പിള്ള ആവിഷ്കരിച്ചു. ‘മിലി’ എന്ന സിനിമയും ഓരോ പ്രേക്ഷകരുടെയും ഹൃദയത്തില്‍ ചേര്‍ന്നപ്പോള്‍ രാജേഷ് പിള്ളയിലെ സംവിധായകന്‍ ഉണര്‍വ്വോടെ ഉദിച്ചു നിന്നു.

‘വേട്ട’ എന്ന നാലാമത്തെ ചിത്രം ഇറങ്ങിയതിന്‍റെ രണ്ടാം നാള്‍ രാജേഷ് പിള്ളയെ മരണം പിടിച്ചെടുത്തു. നഷ്ടങ്ങളുടെ പാതയില്‍ മറ്റൊരു നഷ്ടം കൂടി മനസ്സിനെ വേദനിപ്പിക്കുന്നു രാജേഷ്‌ പിള്ള നിങ്ങളെ ഒരായിരം സ്നേഹത്തോടെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button