വിജയ് ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് തെറി. വിജയ് വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നതാണ് സിനിമയുടെ പ്രധാന പ്രത്യേകത. സിനിമ ഏപ്രില്‍ റിലീസിന് തയ്യാറെടുക്കവേയാണ് കേരളത്തിലെ വിതരണക്കാര്‍ വലിയ മത്സരത്തിന് രംഗത്ത് എത്തിയിരിക്കുന്നത്. ഏഴ് കോടി അമ്പത് ലക്ഷം രൂപയാണ് നിര്‍മ്മാതാക്കള്‍ കേരളത്തിലെ വിതരണാവകാശത്തിനായി ആവശ്യപ്പെടുന്നത്. കലൈപുലി എസ് താണുവാണ് തെറി നിര്‍മ്മിച്ചത്. രജനീകാന്ത് ചിത്രം കബാലിയുടെ കേരളത്തിലെ വിതരണാവകാശം 6 കോടി രൂപയ്ക്കാണ് വിറ്റു പോയത്.
ആറരക്കോടി നല്കി സിനിമ സ്വന്തമാക്കാന്‍ ചില വിതരണക്കാര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെറിയുടെ വിതരണാവകാശം ആറ് കോടിക്ക് മുകളില്‍ പോയാല്‍ ഒരു മറുഭാഷാ ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായി ഇത് മാറും. കേരളത്തില്‍ ഏറെ ആരാധകരുള്ള വിജയ്,അജിത്,സൂര്യാ ചിത്രങ്ങള്‍ നാലു കോടിക്കുള്ളിലാണ് കേരളത്തില്‍ വിതരണം ചെയ്തിരുന്നത്. വൈഡ് റിലീസിംഗും തീയേറ്ററുകളുടെ നിലവാരത്തില്‍ ഉണ്ടായ വര്‍ദ്ധനവുമാണ് വിതരണക്കാരെ മത്സര രംഗത്തേക്ക് എത്തിക്കുന്നത്. മികച്ച അഭിപ്രായം സ്വന്തമാക്കുന്ന സിനിമ കാണാന്‍ കൂടുതല്‍ ആളുകള്‍ തീയേറ്ററുകളിലേക്ക് എത്തുന്നതും ഇപ്പോള്‍ പ്രകടമാണ്. അവസാനം തീയേറ്ററുകളില്‍ എത്തിയ വിജയം ചിത്രം പുലി വിതരണക്കാര്‍ക്ക് നഷ്ടം വരുത്തിയിരുന്നു. എന്നാല്‍ വിജയ് ആറ്റ്ലീ കോമ്പിനേഷനില്‍ എത്തുന്ന തെറി വിജയം കൊയ്യുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
കേരളത്തില്‍ രജനി കാന്ത് ചിത്രം കബാലിയാണ് ഇപ്പോള്‍ വിതരണ തുകയില്‍ മുന്നിലുള്ളത്. ആറു കോടിയാണ് കബാലിക്ക് ലഭിച്ചിരിക്കുന്നത്. വിക്രം നായകനായി എത്തിയ ഷങ്കര്‍ ചിത്രം ഐ 5.10 കോടി രൂപയും ബാഹുബലി 4.25 കോടി രൂപയ്ക്കുമാണ് വിറ്റു പോയത്. ബാഹുബലിയുടെ തമിഴ്, മലയാളം പതിപ്പുകളുടെ വിതരണത്തിന് പതിമൂന്ന് കോടി നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു എന്നാണ് സൂചന. മലയാളത്തില്‍ നിര്‍മ്മിക്കുന്ന സൂപ്പര്‍ താര സിനിമകളുടെ നിര്‍മ്മാണ തുകയ്ക്കാണ് മറുഭാഷ ചിത്രങ്ങളുടെ വിതരണാവകാശം വിറ്റു പോകുന്നത് എന്നതും ശ്രദ്ധേയമാണ്.
Post Your Comments