GeneralNEWS

ഈ ക്യാമറ കണ്ണുകള്‍ മറയുമ്പോള്‍

ആനന്ദക്കുട്ടനിലെ നല്ല ക്യാമറ കണ്ണുകള്‍ ഓരോ സിനിമകളും നല്‍കുന്ന ഓര്‍മയില്‍ ഇന്നും വിളങ്ങുന്നു. സിനിമകളിലെ മാസ്മരികതയില്‍ വെളിച്ചം വീശിയ എത്രയോ നിമിഷങ്ങള്‍ക്ക് കൂട്ട് ചേര്‍ന്നതായിരുന്നു ആനന്ദക്കുട്ടന്‍റെ സിനിമാട്ടോഗ്രാഫി. ഒരു കാലത്ത് മലയാള സിനിമയുടെ ടൈറ്റിലുകളില്‍ വളരെ അധികം പ്രകാശത്തോടെ മിന്നുന്ന പേരായിരുന്നു ആനന്ദക്കുട്ടന്‍ എന്നത്. പേരിലെ അര്‍ത്ഥം പോലെ സിനിമയിലും അത് പ്രകാശിക്കുന്നു. ഒരുപാടു സംവിധായകരുമായി ചേര്‍ന്ന് നല്ല സിനിമകളുടെ തിളക്കം ചാര്‍ത്തിയ മനുഷ്യനായിരുന്നു ആനന്ദക്കുട്ടന്‍.

ഇത്തിരി നേരം ഒത്തിരി കാര്യം, അപ്പുണ്ണി, ഭരതം, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അനിയന്‍ബാവ ചേട്ടന്‍ബാവ, മേലേപറമ്പില്‍ ആണ്‍വീട്, NO.20 മദ്രാസ്മെയില്‍, ഹിസ്‌ഹൈനസ്അബ്ദുള്ള, സദയം, ആകാശദൂത്,
അനിയത്തിപ്രാവ്, പഞ്ചാബിഹൗസ് അങ്ങനെ നാം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന നിരവധി സിനിമകളുടെ ക്യാമറ സൗന്ദര്യം അലിയിച്ചു ചേര്‍ത്ത ഈ മനുഷ്യന്‍ ഭൂമിയില്‍ നിന്നും മറ്റെവിടെക്കോ വിശ്രമിക്കാന്‍ പോയിരിക്കുന്നു. എസ്.കുമാറും, വിപിന്‍മോഹനുമൊക്കെ കത്തി നില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു ആനന്ദക്കുട്ടനും അവര്‍ക്കിടയില്‍ കഴിവ് പ്രകടമാക്കി ജ്വലിച്ചു നിന്നത്.

ഭരതത്തിലെ മോഹന്‍ലാലിലെ കഥാപാത്രത്തെ വൈകാരികതയുടെ നിമിഷത്തിലേക്കും, അപ്പുണ്ണിയിലെ നെടുമുടിവേണുവിനെ നിഷ്കളങ്കത ചാലിച്ചു ഒപ്പിയെടുക്കുമ്പോഴും ആനന്ദക്കുട്ടന്‍റെ ക്യാമറകണ്ണുകള്‍ക്ക് തിളക്കം കൂടുതലായിരുന്നു. ആകാശദൂത് എന്ന സിനിമ ഉള്ളിലേക്ക് വേദനയുടെ തീപ്പൊരി നിറയുക്കുമ്പോഴുമൊക്കെ ആ സിനിമാട്ടോഗ്രാഫിയുടെ മനോഹാരിത അത്രത്തോളമായിരുന്നു. മികച്ച മൂന്ന് സംവിധായകരുടെ പ്രീതി നേടിയ ചായഗ്രാഹകന്‍ കൂടിയായിരുന്നു ആനന്ദക്കുട്ടന്‍. സിബിമലയിലും, ഫാസിലും, സത്യന്‍അന്തികാടും ആനന്ദക്കുട്ടനിലെ ക്യാമറയെ ചേര്‍ത്തു നിര്‍ത്തിയത് നിരവധി സിനിമകളിലാണ്.

കഥാപാത്രങ്ങളിലെ സൂക്ഷ്മഭാവങ്ങളെ വളരെ വ്യക്തതയോടെ പ്രേക്ഷകരിലേക്ക് പതിപ്പിക്കുന്നതില്‍ ആനന്ദക്കുട്ടനിലെ ക്യാമറയ്ക്ക് വര്‍ണിക്കാനാകാത്ത ചാരുതയായിരുന്നു. എം.ടി ഹൃദയത്തിലേക്ക് എഴുതി പിടിപ്പിച്ച ‘സദയം’ എന്ന സിനിമയിലെ നായക ഭാവങ്ങള്‍ക്ക് അത്രത്തോളം തീവ്ര ജ്വലനമുണ്ടെങ്കില്‍ അത് ചായഗ്രാഹകന്‍ ചേര്‍ക്കുന്ന മികവ് കൂടിയാണ്.
അനിയന്‍ബാവ ചേട്ടന്‍ബാവ, പഞ്ചാബിഹൗസ് എന്നീ മെഗാ ഹിറ്റുകളുടെ നിരയിലേക്കും ഈ ക്യാമറ വിസ്മയം തലയുയര്‍ത്തി നില്‍ക്കുന്നു.

ഒരു വര്‍ഷം തന്നെ പന്ത്രണ്ടോളം സിനിമകളില്‍ അലിഞ്ഞു കിടന്ന ആനന്ദക്കുട്ടനിലെ ഈ ചായാഗ്രഹണം ആത്മാര്‍ത്ഥ പരിശ്രമത്തിന്‍റെ മഹിമ എടുത്തു കാണിക്കുന്നുണ്ട്.

ആനന്ദക്കുട്ടനിലെ ക്യാമറ മറയപ്പെടുകയല്ല വീണ്ടും അത് ആഴത്തില്‍ തന്നെ മനസ്സില്‍ പിടിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button