GeneralNEWS

അമേരിക്കൻ മലയാളികള്‍ക്ക് ചിരിയുടെ മധുരവുമായി പഞ്ചാരപ്പാലുമിട്ടായി വരുന്നു

അമേരിക്കൻ സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ പുതിയ അനുഭവമൊരുക്കാൻ പഞ്ചാരപ്പാലുമിട്ടായി വരുന്നു. മലയാളികളുടെ സ്വീകരണ മുറികളിലെ സൂപ്പർ താരങ്ങളാണ് ഇക്കുറി വൈവിദ്ധ്യമാർന്ന പരിപാടികളുമായി എത്തുന്നത്. ജൂലൈ മാസം ഒന്നു മുതൽ മുപ്പത്തൊന്നു വരെയാണ് ‘പഞ്ചാരപ്പാലുമിട്ടായി’ എന്നു പേരിട്ടിരിക്കുന്ന ഈ സ്റ്റേജ് ഉത്സവം അരങ്ങേറുന്നത്. മത്തി സുകുവും , മൂസയും-കെട്ട്യോളും , നെത്തോലി നെൽസണും, ചാള മേരിയുമൊക്കെ ടെലിവിഷൻ ബോക്സ്സുകളിൽ നിന്നിറങ്ങി അമേരിക്കയിലെ മലയാളികളുടെ മുന്നിലെത്തും. താരങ്ങളുടെ കുടുംബ സ്വീകാര്യത മൂല്യം മാത്രം മതി പരിപാടിയെ വ്യത്യസ്തം എന്ന ഗണത്തിൽ പെടുത്താൻ. പക്ഷെ വരാനിരിക്കുന്ന വൈവിധ്യങ്ങൾ രഹസ്യമെന്ന് അണിയറ പ്രവർത്തകർ.

മലയാള ടെലിവിഷൻ രംഗത്തെ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ഹാസ്യ പരിപാടികളിലൂടെയും ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളിൽ നിത്യസാന്നിദ്ധ്യമായ പ്രിയ താരങ്ങളും ഗായകരും ഒരുമിച്ചൊരു കുടക്കീഴിൽ ആദ്യമായി അമേരിക്കയിലും കാനഡയിലും ഒരു സമ്പൂർണ്ണ ഷോയുമായി എത്തുകയാണ്. പരമ്പരകളിലൂടെ ശ്രദ്ധേയരായ താരങ്ങൾ ശരത്, ഡോ. ഷാജു, മഹാലക്ഷ്മി, സോനു, കൽപ്പന, നർമ്മ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായ മോളി കണ്ണമാലി (ചാള മേരി), കോട്ടയം റഷീദ് (മത്തി സുകു), സിനിമാ-ടെലിവിഷൻ രംഗങ്ങളിൽ ഒരു പോലെ പ്രശസ്തരായ താരങ്ങളും ഹാസ്യ ജോടിയുമായ വിനോദ് കോവൂരും സുരഭിയും (M80 മൂസ ടീം), ശെന്തിൽ (നെത്തോലി നെൽസൺ), ഒരു ആദ്യ രാത്രിയുടെ അവതരണത്തിലൂടെ താരമായി മാറിയ ഏഷ്യാനെറ്റ് കോമഡി സ്റ്റാർ ശശാങ്കൻ എന്നിവർ ഹാസ്യഭിനയ മുഹൂർത്തങ്ങൾ കാഴ്ച വയ്ക്കും.

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം ഗായകർ വില്യം, രാധിക, നടിയും ഗായികയുമായ ശാന്തി , നടനും നർത്തകനുമായ ജിന്റോ തുടങ്ങി മലയാളി കുടുംബ പ്രേക്ഷകർക്ക് സുപരിചിതരായ ഒരു പറ്റം കലാകാരന്മാരും സംഗീതജ്ഞരും ഒന്നിയ്ക്കുന്ന ഈ നാദ നർമ്മ നടന മാധുര്യം പതിനഞ്ചോളം വേദികളിലായി അവതരിപ്പിയ്ക്കും.പ്രശസ്ത സീരിയൽ നിർമ്മാതാവും ‘എന്നു നിന്റെ മൊയ്തീൻ’ എന്ന ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ബിജു പ്രവീൺ ആണ് ഈ പരിപാടിയുടെ നിർമ്മാതാവ്.പ്രശസ്ത സ്റ്റേജ് ഷോ സംവിധായകനായ സുബാഷ് അഞ്ചൽ സംവിധാനം ചെയ്യുന്ന ഈ പരിപാടിയുടെ ഈവന്റ് കൺസൾട്ടൻറ് കേരൾ ടുഡേ ഡോട്ട് കോം.

ഈ പരിപാടിയെ കുറിച്ചു കൂടുതലറിയാൻ
+91 9847010666
+91 9447111180

shortlink

Related Articles

Post Your Comments


Back to top button