‘മഹേഷിന്റെ പ്രതികാരം’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഒരു നല്ല കാഴ്ചാനുഭവം മാത്രമല്ല, ഒരു പിടി നല്ല താരങ്ങളെ കൂടി മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിരിക്കുന്നു ഈ ചിത്രം. ചിലർ ആദ്യമായി വെള്ളിത്തിരയിൽ എത്തിയവരാണ്. മറ്റു ചിലരാവട്ടെ വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മുഖം കാണിച്ചവരും. അവർ ആരൊക്കെയാണെന്ന് നോക്കാം.
കെ.എൽ ആന്റണിയും ലീന ആന്റണിയും.
മഹേഷിന്റെ അച്ഛനായി വേഷമിട്ട താരത്തെ അധികമാരും മറക്കാനിടയില്ല. പക്വതയാർന്ന അഭിനയശൈലി കൊണ്ട് പ്രേക്ഷകരുടെ മനം കവരാൻ അദ്ദേഹത്തിനായി. ഫോർട്ട് കൊച്ചി വെളിയിൽ ലാസർ-കുഞ്ഞമ്മ ദമ്പതികളുടെ മകനായാണ് കെ.എൽ ആന്റണിയുടെ ജനനം. ജ്യേഷ്ഠനായ ജോസഫാണ് ആന്റണിയെ നാടകത്തിന്റെയും, വായനയുടെയും ലോകത്തേക്കാനയിച്ചത്. ചവിട്ടുനാടകത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് സ്കൂൾ യുവജനോത്സവത്തിൽ നാടകത്തിൽ പങ്കെടുത്തതോടെ ആന്റണിക്ക് അഭിനയത്തോടുള്ള ഇഷ്ടം വർദ്ധിച്ചു. നാടകത്തോടുള്ള ഇഷ്ടം മൂലം പത്താം ക്ലാസിൽ പഠനം നിർത്തി. കൊച്ചിൻ കലാകേന്ദ്ര എന്ന നാടകസമിതി പടുത്തുയർത്തിയത് അദ്ദേഹമാണ്. നിരവധി നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ‘അമ്മയും തൊമ്മനും’ എന്ന നാടകമാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്.
മഹേഷിന്റെ കാമുകിയായ ജിൻസിയുടെ അമ്മച്ചിയായി വെള്ളിത്തിരയിലെത്തിയത് മറ്റാരുമല്ല. ആന്റണിയുടെ ഭാര്യയായ ലീന ആന്റണി തന്നെ. നാടകനടിയായി ആന്റണിയുടെ ജീവിതത്തിൽ എത്തിയ ലീന പിന്നീട് ജീവിതസഖി ആയി മാറുകയായിരുന്നു.
സുജിത് ശങ്കർ
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലെ ഹരി എന്ന കഥാപാത്രമായാണ് സുജിത് ശങ്കർ സിനിമാലോകത്തെത്തുന്നത്. മഹേഷിന്റെ പ്രതികാരത്തിലും നായകനൊത്ത വില്ലൻ തന്നെയായിരുന്നു സുജിത്. വളരെ കുറച്ച് സീനുകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടുള്ളൂ എങ്കിലും അദ്ദേഹം മികച്ച അഭിനയം കാഴ്ച വെച്ചു. ചിത്രത്തിന്റെ ക്ലൈമാക്സിലെ ഫഹദുമൊന്നിച്ചുള്ള ഫൈറ്റ് സീൻ എടുത്തു പറയേണ്ടതാണ്. ഇ എംഎസ് നമ്പൂതിരിപ്പാടിന്റെ കൊച്ചുമകനും , ഇ എം ശ്രീധരന്റെ മകനുമാണ് സുജിത് ശങ്കര്‍ എന്നത് പലർക്കും അറിയാത്ത കാര്യമാണ്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുള്ള ബിരുദധാരി കൂടിയാണ് അദ്ദേഹം.
അപർണ്ണ മുരളി
മഹേഷിന്റെ കാമുകിയായ ജിൻസിയായി അഭിനയിച്ച അപർണ്ണ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. നൃത്തവും അഭിനയവും തനിക്ക് ഒരുപോലെ വഴങ്ങും എന്ന് തെളിയിക്കുകയും ചെയ്തു ഈ മിടുക്കിപ്പെൺകുട്ടി. സംഗീത സംവിധായകനായ ബാലമുരളിയുടെ മകളാണ് അപർണ്ണ. അമ്മ ശോഭ മുരളി അഡ്വക്കേറ്റാണ്. ‘ഇന്നലെയെത്തേടി’ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അഭിനയരംഗത്ത് അപർണ്ണ ഹരിശ്രീ കുറിക്കുന്നത്. വിനീത് ശ്രീനിവാസൻ നായകനായ ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’യിൽ നായികയായിരുന്നു. യാത്ര തുടരുന്നു എന്ന ചിത്രത്തിൽ ഇർഷാദിന്റെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും മകളായി വേഷമിട്ടു കൊണ്ടാണ് അപർണ സിനിമാരംഗത്തെത്തുന്നത്.
അലൻസിയർ
മലയാളത്തിലെ മികച്ച സ്വഭാവ നടന്മാരുടെ നിരയിലേക്ക് ഇതാ ഒരാൾ കൂടി കടന്നു വന്നിരിക്കുന്നു. അതിനു തെളിവാണ് ‘മഹേഷിന്റെ പ്രതികാര’ത്തിലെ ബേബി എന്ന കഥാപാത്രം. ഒരുപാട് സിനിമകളിൽ ചെറിയ റോളുകൾ ചെയ്തിട്ടുണ്ടെങ്കിലും ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ പ്രേക്ഷകർ അദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങിയത്. മൺസൂൺ മാംഗോസ് എന്ന ചിത്രത്തിലും അദ്ദേഹം നല്ലൊരു വേഷം ചെയ്തിരുന്നു.
Post Your Comments