Movie Reviews

ഉഡാന്‍ :ഹിന്ദി മൂവി റിവ്യൂ

സംഗീത് കുന്നിന്മേല്‍

മകന്റെ ആഗ്രഹങ്ങള്‍ക്ക് അല്‍പ്പം പോലും വില കല്‍പ്പിക്കാതെ സ്വന്തം ഇഷ്ടങ്ങള്‍ മുഴുവന്‍ അവനില്‍ അടിച്ചേല്‍പ്പിക്കുന്ന ഒരച്ഛന്റേയും, പിതാവിന്റെ ബന്ധനത്തില്‍ നിന്നും മോചിതനായി പരന്നുയരാനാഗ്രഹിക്കുന്ന ഒരു മകന്റേയും കഥ പറഞ്ഞു കൊണ്ടാണ് ഉഡാന്‍ എന്ന ഹിന്ദി ചലച്ചിത്രം 2010ല്‍ പ്രദര്‍ശനത്തിനെത്തിയത്. ദേവ്.ഡി, ധന്‍ ധന ധന്‍ ഗോള്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയില്‍ പങ്കാളിയാവുകയും, ദീര്‍ഘകാലം സഞ്ജയ് ലീല ബന്‍സാലിയുടെ സഹസംവിധായകനായി പ്രവര്‍ത്തിക്കുകയും ചെയ്ത വിക്രമാദിത്യ മോത്വാനിയുടെ പ്രഥമ സംവിധാന സംരഭമായിരുന്നു ഇത്. അദ്ദേഹത്തോടൊപ്പം സംവിധായകനായ അനുരാഗ് കശ്യപ്, ഋത്വിക് ഓജ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് മക്കളെ വളര്‍ത്തുന്ന അച്ഛനമ്മമാരുടെ എണ്ണം നമ്മുടെ സമൂഹത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കൗമാരത്തില്‍ നിന്നും യൗവനത്തിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ മക്കളില്‍ രക്ഷിതാക്കള്‍ സൃഷ്ടിക്കുന്ന മാനസികവും ശാരീരികവുമായ ഇത്തരം മുറിവുകള്‍ അവരുടെ ജീവിതത്തെ തന്നെ താളം തെറ്റിച്ചെന്ന് വരാം. ഈ സാമൂഹ്യപ്രശ്‌നമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒരെഴുത്തുകാരനാവുക എന്ന ആഗ്രഹം ഉള്ളിലൊളിപ്പിച്ച് ജീവിക്കുന്ന കൗമാരക്കാരനായ രോഹനും(രജത് ബര്‍മെച), രണ്ട് വിവാഹങ്ങള്‍ കഴിച്ച് പരാജയപ്പെട്ട ക്രൂരനായ അവന്റെ പിതാവ് ഭൈരവ് സിങ്ങും (റോണിത് റോയ്) ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.

കൂട്ടുകാരോടൊപ്പം പോയി അശ്ലീല സിനിമ കണ്ടതിന് രോഹന്‍ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെടുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഇതിനെത്തുടര്‍ന്ന് പല വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തുന്ന രോഹന് സ്വന്തം പിതാവില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളും ഇതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. അര്‍ജൂന്‍ എന്നു പേരായ ആറു വയസ്സുകാരനായ ഒരു അര്‍ദ്ധസഹോദരന്‍ തനിക്കുണ്ടെന്ന കാര്യം അവന്‍ അറിയുന്നത് വീട്ടിലെത്തിയ ശേഷം മാത്രമാണ്. രോഹന് തുടക്കത്തില്‍ അര്‍ജൂനോട് തോന്നുന്ന ദേഷ്യം പിന്നീട് സ്‌നേഹത്തിന് വഴി മാറുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഹന്റെ എല്ലാ സ്വാതന്ത്യങ്ങള്‍ക്കും കടിഞ്ഞാണിട്ടുകൊണ്ട് അച്ഛനാണ് അവന്റെ ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളെല്ലാം എടുക്കുന്നത്. രാവിലെ കഠിനമായ വ്യായാമം, അത് കഴിഞ്ഞാല്‍ സ്റ്റീല്‍ കമ്പനിയിലെ ജോലി, വൈകുന്നേരം എഞ്ചിനീയറിംഗ് പഠനം എന്നിങ്ങനെ അച്ഛന്‍ രോഹനു വേണ്ടി ദിനചര്യ നിശ്ചയിക്കുന്നു. താന്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കുവാനായി ഏതറ്റം വരെയും പോകുന്ന സ്വഭാവക്കാരന്‍ കൂടിയാണ് അയാള്‍. ‘അച്ഛാ’ എന്നതിന് പകരം ‘സാര്‍’ എന്ന് തന്നെ അഭിസംബോധന ചെയ്യാന്‍ ആവശ്യപ്പെടുന്നതില്‍ നിന്ന് തന്നെ മകനോടുള്ള അച്ഛന്റെ സമീപനത്തെക്കുറിച്ചുള്ള ഏകദേശ രൂപം നമുക്ക് ലഭിക്കുന്നുണ്ട്. ഒരെഴുത്തുകാരനാവുക എന്നുള്ള മകന്റെ ആഗ്രഹത്തെ മുളയിലേ നുള്ളാനുള്ള ശ്രമങ്ങളും അയാളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നു. പിതാവിനെ ഏതു വിധേനയും കബളിപ്പിച്ച് സ്വന്തം ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി രോഹന്‍ ശ്രമിക്കുന്നതും, രക്ഷിതാക്കളുടെ പീഡനങ്ങള്‍ ഏറ്റു വാങ്ങുന്ന സമപ്രായക്കാരുമായി സൗഹൃദത്തിലേര്‍പ്പെടുന്നതുമെല്ലാം കൗമാരപ്രായക്കാരുടെ മാനസികാവസ്ഥ വെളിവാക്കുന്ന രംഗങ്ങളാണ്. സ്വന്തം മക്കളോട് അടിമകളോടെന്നവണ്ണം പെരുമാറിയാല്‍ അതിന്റെ പരിണിതഫലം എന്തായിരിക്കും എന്ന് നമുക്ക് കാണിച്ചു തന്നുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

ഈ ചിത്രം വിക്രമാദിത്യ മോത്വാനിയുടെ കന്നി സംവിധാനസംരഭമായിരുന്നിട്ടു കൂടി അത്തരത്തില്‍ ഒരു തോന്നല്‍ പ്രേക്ഷകരില്‍ ഉണ്ടാക്കാത്ത വിധത്തിലാണ് അദ്ദേഹത്തിന്റെ പ്രകടനം. നായകവേഷം കൈകാര്യം ചെയ്ത രജത് ബര്‍മെചയുടെ കാര്യവും ഒട്ടും വത്യസ്തമല്ല. അഭിനയത്തില്‍ ഒരു തുടക്കക്കാരന്റെ കൈയ്യടക്കക്കുറവ് ഒട്ടും പ്രകടമല്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. കാര്യമായ സംഭാഷണങ്ങള്‍ ഇല്ലാത്ത വേഷമായിരുന്നിട്ടും മുഖഭാവങ്ങളിലൂടെയും, സ്വാഭാവികമായ അഭിനയത്തിലൂടെയും രജത് ബര്‍മെച തന്റെ വേഷം ഭംഗിയാക്കി. അച്ഛന്റെ വേഷം തന്മയത്വത്തോടെ കൈകാര്യം ചെയ്ത റോണിത് റോയ് താനൊരു മികച്ച നടനാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. സിനിമടെലിവിഷന്‍ രംഗംങ്ങളിലെ തന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിന് ‘ഭൈരവ് സിംഗ്’ ആയി മാറാന്‍ തുണയായിട്ടുണ്ടാവണം. ചെറിയ വേഷങ്ങള്‍ ചെയ്യുന്നതിന് പോലും അനുയോജ്യരായ ആളുകളെ കണ്ടെത്തിയതിന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വളരെ വലിയ അഭിനന്ദനം അര്‍ഹിക്കുന്നു. അര്‍ജുന്‍ എന്ന ആറു വയസ്സുകാരനായി അഭിനയിച്ച ആയന്‍ ബൊരാദിയ അടക്കമുള്ള മറ്റഭിനേതാക്കളും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി. അമിത് ത്രിവേദിയുടെ ചടുലമായ സംഗീതവും മേഹേന്ദ്ര.ജെ.ഷെട്ടിയുടെ ക്യാമറക്കാഴ്ചകളും ചിത്രത്തെ കൂടുതല്‍ മികവുറ്റതാക്കി. അമിതാഭ് ഭട്ടാചാര്യയും, അനുരാഗ് കശ്യപുമാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. 5 കോടി മുതല്‍മുടക്കില്‍ അനുരാഗ് കശ്യപ്, റോണി സ്‌ക്രൂവാല, സഞ്ജയ് സിംഗ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം മുപ്പത് കോടി രൂപയാണ് വാരിക്കൂട്ടിയത്. 2010 ലെ കാന്‍സ് ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിക്കുകയുണ്ടായി.

ശിക്ഷകള്‍ കൊണ്ടോ ശാസനകള്‍ കൊണ്ടോ അല്ല, മറിച്ച് സ്‌നേഹപൂര്‍വ്വമുള്ള ഇടപെടലുകളിലൂടെയാണ് രക്ഷിതാക്കള്‍ക്ക് കുട്ടികളെ നേര്‍വഴിക്ക് നയിക്കാനും അതു വഴി തങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും കഴിയുക എന്ന് പറയാതെ പറയുന്നുണ്ട് ഈ ചിത്രം. രക്ഷിതാക്കളുടെ സ്‌നേഹവും പരിരക്ഷയും ലഭിക്കാത്ത വളരുന്ന മക്കള്‍ എത്തിപ്പെടുക ഏറ്റവും മോശമായ അവസ്ഥയിലായിരിക്കും എന്ന കാര്യം ഭൂരിഭാഗം രക്ഷിതാക്കളും ഓര്‍ക്കാറില്ല. മക്കളെ യന്ത്രങ്ങളെപ്പോലെ കാണുകയും അവരുടെ മനസ്സറിയാതെ സ്വന്തം ഇഷ്ടങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം രക്ഷിതാക്കള്‍ക്ക് ശക്തമായ താക്കീതും ഉപദേശവും നല്‍കാന്‍ ഈ സിനിമയ്ക്ക് കഴിയുന്നു.

shortlink

Related Articles

Post Your Comments


Back to top button