GeneralNEWS

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി എന്‍ ഗോപകുമാര്‍ അന്തരിച്ചു

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടിഎന്‍ ഗോപകുമാര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 3.50-ഓടെയായിരുന്നു അന്ത്യം. 58 വയസായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു. മലയാള ദൃശ്യമാധ്യമ ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങള്‍ രചിച്ച പരിപാടികളിലൊന്നായ ‘കണ്ണാടി’യിലൂടെയാണ് അദ്ദേഹം കേരളത്തിന് സുപരിചിതമായത്. 4 പതിറ്റാണ്ടായി മാധ്യമ രംഗത്ത് സജീവമായിരുന്നു . ഇന്ത്യന്‍  എക്സ്പ്രസിലൂടെ ആയിരുന്നു അദ്ദേഹം മാധ്യമ ജീവിതം ആരംഭിച്ചത് .

1957ല് കന്യാകുമാരിയിലെ ശുചീന്ദ്രത്താണ് അദ്ദേഹത്തിന്‍റെ ജനനം. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസം പഠനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ എക്‌സ്പ്രസില്‍ നിന്ന് മാധ്യമപ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം പിന്നീട് മാതൃഭൂമിയിലും ന്യൂസ് ടുഡേയിലും ടൈംസ് ഓഫ് ഇന്ത്യയിലും സേവനമനുഷ്ഠിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ തുടക്കം മുതല്‍ വാര്‍ത്താ വിഭാഗം മേധാവിയായിരുന്നു. സിനിമാ-സാംസ്‌കാരിക മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ശുചീന്ദ്രം രേഖകള്‍ക്ക് സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.

കുറച്ചുകാലമായി ചികിത്സയിലായിരുന്നു ടിഎന്‍ ഗോപകുമാര്‍ ‍. ഇക്കാലത്തും ഏഷ്യാനെറ്റിലെത്തി തന്റെ ചുമതലകള്‍ നിര്‍വഹിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടക്കാലത്ത് അദ്ദേഹം തന്റെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞിരുന്നെങ്കിലും പിന്നീട് ചികിത്സയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തുകയായിരുന്നു. വീണ്ടും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ബിലും ഏഷ്യാനെറ്റ് ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വെക്കും. തൈക്കാട് ശാന്തികവാടത്തില്‍ വൈകിട്ട് 5 മണിയോടെയാണ് സംസ്‌കാരം.

shortlink

Post Your Comments


Back to top button