ആസ്വാദ്യകരമാവുന്ന ‘അവസാന റൗണ്ട്’
സംഗീത് കുന്നിന്മേൽ
സിനിമയുടെ തുടക്കത്തിൽ നായകന്റെയോ നായികയുടെയോ ജീവിതത്തിൽ ഏതെങ്കിലും രീതിയിലുള്ള പരാജയം സംഭവിക്കുന്നു. ഒടുവിൽ കഠിനമായ പ്രയത്നത്തിലൂടെ അവർ വിജയം കൈ വരിക്കുന്നു. മോട്ടിവേഷണൽ സിനിമകൾ പൊതുവെ ഈയൊരു പാറ്റേണിൽ ആയിരിക്കും. ഇരുധി സുട്രു എന്ന ഈ ചിത്രത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. എന്നാൽ ഈ ചിത്രത്തെ നല്ലൊരു കാഴ്ചാനുഭവമായി മാറ്റുന്നത് പ്രധാനതാരങ്ങളുടെ മികച്ച പ്രകടനം തന്നെയാണ്. ഈ ചിത്രം ഹിന്ദിയിൽ സാലാ ഖഡൂസ് എന്ന പേരിലും റിലീസ് ചെയ്തിട്ടുണ്ട്.
ദേഷ്യക്കാരനായ ബോക്സിംഗ് കോച്ചാണ് പ്രഭു. ഡൽഹിയിൽ നിന്നും പണിഷ്മെന്റ് ട്രാൻസ്ഫർ ലഭിച്ച് അയാൾ എത്തുന്നത് ചെന്നൈയിലാണ്. അവിടെ മധി എന്നു പേരായ ഒരു മീൻവിൽപ്പനക്കാരിയായ പെൺകുട്ടിയിൽ അയാൾ ഒരു ബോക്സറെ കണ്ടെത്തുന്നതും അവളെ പരിശീലിപ്പിച്ചെടുക്കുന്നതുമാണ് കഥാതന്തു. ‘പ്രഭു’വാകാൻ വേണ്ടി മാധവൻ തന്റെ രൂപഭാവങ്ങളിൽ വരുത്തിയ മാറ്റം കയ്യടി അർഹിക്കുന്നു. അതോടൊപ്പം തന്റെ ആദ്യ സിനിമയെന്ന് തോന്നിപ്പിക്കാത്ത വിധം ഗംഭീര പ്രകടനം കാഴ്ച വെച്ച ഋതിക സിങ്ങും അഭിനന്ദനമർഹിക്കുന്നു. യഥാർത്ഥ ജീവിതത്തിലും ഋതിക ഒരു കിക്ക് ബോക്സർ ആയത് ആ ക്യാരക്റ്ററിനെ അവതരിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ടാവണം.
നമ്മൾ ഇന്നേവരെ കേൾക്കാത്ത കഥയോ കഥാസന്ദർഭങ്ങളോ ഒന്നുമല്ല ചിത്രത്തിൽ ഉള്ളത്. ഈ ചിത്രത്തിന്റെ കഥയ്ക്ക് പല യഥാർത്ഥ ജീവിതത്തിലെ പല സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് സിനിമയുടെ അവസാനം എഴുതിക്കാണിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ പ്രഭുവിന് ‘ചക്ദേ ഇന്ത്യ’യിലെ കബീർ ഖാനുമായോ, മധിക്ക് മേരി കോമുമായോ എല്ലാം സാദൃശ്യം തോന്നിയാൽ അത് തികച്ചും സ്വാഭാവികം മാത്രം. എങ്കിലും പ്രേക്ഷകരെ മുഷിപ്പിക്കാത്ത ഫസ്റ്റ് ഹാഫ് ആയിരുന്നു ചിത്രത്തിന്റേത്. സെക്കന്റ് ഹാഫിൽ അൽപ്പം ഇഴച്ചിൽ അനുഭവപ്പെടുകയും ചെയ്തു. തമിഴ് സിനിമ ആയതുകൊണ്ടാവണം ഇന്റർനാഷണൽ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ അനൗൺസർമാർ തമിഴിലാണ് അനൗൺസ്മെന്റൊക്കെ നടത്തുന്നത്. ബോക്സിംഗ് അസോസിയേഷനിലെ ഉദ്യോഗസ്ഥർ മിക്കവാറും എല്ലാവരും തന്നെ തമിഴ്നാട്ടുകാരോ തമിഴ് അറിയുന്നവരോ ആണ്. എന്നാൽ ചിത്രത്തിന്റെ മൊത്തത്തിലുള്ള ഭംഗിയെ ഈ വക കാര്യങ്ങളൊന്നും കാര്യമായി ബാധിച്ചതുമില്ല.
സുധ കൊങ്കാരപ്രസാദിന്റെ സംവിധാനവും, ശിവകുമാർ വിജയൻറെ ക്യാമറയും നന്നായിരുന്നു. പാട്ടുകളും തരക്കേടില്ലായിരുന്നു. മുംതാസ് സോർക്കർ, രാധ രവി, നാസർ, സക്കീർ ഹുസൈൻ തുടങ്ങിയവരും അവരവരുടെ റോളുകൾ ഭംഗിയാക്കി. സംവിധായകനായ സുധ കൊങ്കാരപ്രസാദ് തന്നെയാണ് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. ‘ഇരുധി സുട്രു’ എന്നതിന് അവസാന റൗണ്ട് എന്നാണ് അർത്ഥം. ചിത്രത്തിന്റെ ‘അവസാന റൗണ്ട് ‘ നമ്മുടെ പ്രതീക്ഷകൾക്കപ്പുറം സഞ്ചരിക്കുന്നില്ല എങ്കിലും നല്ലൊരു കാഴ്ചാനുഭവം തന്നെയാണ് ചിത്രം സമ്മാനിക്കുന്നത്.
Post Your Comments