Movie Reviews

അമര്‍ അക്ബര്‍ ആന്‍റണി റിവ്യൂ


ശൈലന്‍


 

രണ്ടു മണിക്കൂറിലധികം നേരം, നമ്മള്‍ പ്രതീക്ഷിക്കുന്ന ടിപ്പിക്കല്‍ നാദിര്‍ഷാ ലൈനില്‍ ശുദ്ധഹാസ്യവും പൊട്ടിച്ചിരികളുമായി തിയേറ്റര്‍ നിറയുന്ന അമര്‍ അക്ബര്‍ അന്തോണി അവസാനത്തെ ഇരുപത് മിനിറ്റില്‍ തരുന്ന അപ്രതീക്ഷിത പഞ്ച് വളരെ  എഫക്ടീവ് ആണ്..

അവനെ കൊല്ലെടാ’ എന്ന് ആര്‍ത്തുവിളിക്കുന്ന ഒരു ആള്‍ക്കൂട്ടമായിരുന്നു ചുറ്റും… കോമഡിയിലും ആഹ്ലാദത്തിലും എന്നപോല്‍ സങ്കടങ്ങളിലും ക്ലൈമാക്‌സിലും ഇത്രമേല്‍ കാണികളുടെ പങ്കാളിത്തമുണ്ടാവുന്നത് പടത്തിന്റെ വിജയമാണ്.. ഹീറോയിസത്തിനു വിട്ടുകൊടുക്കാതെ ക്ലൈമാക്‌സിനെ ആള്‍ക്കൂട്ടത്തിനു തന്നെ വിട്ടുകൊടുത്തു കൊണ്ടുള്ള സംവിധായകന്റെയും നായകന്മാരുടെയും ഔചിത്യ ബോധം പുതുമയുമാണ്..
മലയാളത്തില്‍ അധികം കണ്ടിട്ടില്ലാത്ത ലോക്ലാസ്/ലോവര്‍മിഡില്‍ ക്ലാസ് സബ് അര്‍ബന്‍ ജീവിതമാണ് സിനിമയുടെ മിഴിവ്.

നായകന്മാരും അവരുടെ കൂട്ടുകാരും മാത്രമല്ല, അവരുടെ കുടുംബത്തെയും വീടകങ്ങളെയും ആവാസവ്യവസ്ഥകളെയും എല്ലാം ആദിമദ്യാന്തം ഈയൊരു സെറ്റപ്പില്‍ കൊണ്ടുപോവുന്നതില്‍ നാദിര്‍ഷ നൂറു ശതമാനം വിജയിക്കുന്നു..

ജയസൂര്യയെയും ഇന്ദ്രനെയും സംബന്ധിച്ച് ഇത്തരം ക്യാരക്റ്ററുകള്‍ ഒരു പുതുമയല്ല. എന്നാല്‍ പൃഥ്വിയില്‍ അമര്‍നാഥ് എന്നൊരു കഥാപാത്രം തീര്‍ത്തും ഫ്രഷ് ആയ ഫീല്‍ തരുന്നു. സ്വയമേവ പിതൃബിംബ പരിവേഷമുള്ള നായകങ്ങളില്‍ പരിലസിക്കുന്ന പൃഥ്വി ഇവിടെ ലോക്കലിന്റെയും ലോക്കലായ കലിംഗ ശശിയുടെ കൂതറപ്പുത്രനാണ്.. ബോഡിലാംഗ്വേജിലെ കൃത്യത പ്രമാദം.

കക്കൂസില്‍ നിന്നും ഇറങ്ങുമ്പോള്‍ അങ്ങോട്ട് കയറാന്‍ നിക്കുന്ന അച്ഛനു സിഗരറ്റ് കുറ്റി പാസ് ചെയ്യുന്ന മകന്‍, പൃഥ്വി എന്തിനു നാദിര്‍ഷയ്ക്ക് ഡേറ്റ് കൊടുത്തു എന്നു വാ പൊളിച്ചവര്‍ക്കും നാദിര്‍ഷ എന്തുകൊണ്ട് പൃഥ്വിയെ കാസ്റ്റ് ചെയ്‌തെന്നു ചോദിച്ചവര്‍ക്കുമുള്ള പഴുതുകളടച്ച ഉത്തരമാണ്..മുഴച്ചുനില്‍ക്കുന്ന നായകപരാക്രമങ്ങളോ സംഭവബാഹുല്യങ്ങളോ ഞെട്ടിപ്പിക്കുന്ന കഥാഗതികളോ ഒന്നുമില്ലാത്ത അ.അ.അ.യില്‍ ഫ്രെഷ് എന്നുപറയാവുന്ന സിറ്റ്വേഷണല്‍ കോമഡി തന്നെയാണ് നട്ടെല്ല്.

എക്‌സ്‌പെയറി കഴിഞ്ഞതും വാട്‌സപ്പില്‍ തേഞ്ഞതുമായ കോമഡികളെ സംവിധായകന്‍ തന്നെ പരിപ്പിളക്കി വിടുന്നുമുണ്ട്… ഡബിള്‍മീനിംഗ് വെര്‍ഷനുകളാകട്ടെ തെല്ലുമില്ല.
വിങ്ങലിനും തേങ്ങലിനും മൂക്കുചീറ്റലിനും ഒരുങ്ങി നമ്മള്‍ പോവുന്ന പത്തേമാരിയില്‍ നിന്നും പള്ളിക്കല്‍ നാരായണനില്‍ നിന്നും കിട്ടുന്ന പ്രതീക്ഷിത നൊമ്പരത്തേക്കാള്‍ പതിന്മടങ്ങ് വിസ്‌ഫോടനശേഷി ഉണ്ട് ക്ലൈമാക്‌സോളം പൊട്ടിച്ചിരിപ്പിച്ചുപോയ ഒരു ഉല്‍സവച്ചിത്രത്തില്‍ നിന്നും കിട്ടുന്ന മൂക്കത്തിടിയ്ക്ക്.. ഞാനും ഒരു മകളുടെ അച്ഛനാണെന്ന യാഥാര്‍ത്ഥ്യത്താല്‍ ഒരുവേള കണ്ണുനിറയുകയും ചെയ്തു..

എങ്ങാണ്ടോ ഉള്ള ആരുടെയോ പായാരങ്ങളെക്കാളും പരിവേദനങ്ങളെക്കാളും മേലേയാണല്ലോ നമ്മുടെയൊക്കെ വീട്ടില്‍ എപ്പോഴും സംഭവിച്ചേക്കാവുന്ന ഒരു ദുരന്തത്തെ കുറിച്ചുള്ള ഭീതി. വിമര്‍ശനങ്ങളുമായി വരുന്ന ഒരുപാട് പേര്‍ ഉണ്ടാവും.. അവര്‍ ഓര്‍ക്കുക പത്തിരുപത് കൊല്ലമായി മിമിക്രിയുടെ പലയിനം റെസിപ്പികളുമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്ന നാദിര്‍ഷ എന്ന ആള്‍ സിനിമ ചെയ്യുമ്പോള്‍ അതില്‍ നിന്നും നസീറുദ്ദീന്‍ഷായുടെ ക്ലാസാണ് പ്രതീക്ഷിക്ഷിച്ചു പോയതെങ്കില്‍ അത് നിങ്ങളുടെ മാത്രം മനോവൈകല്യമാണ്..

അമറും

അക്ബറും

അന്തോണിയും

നിങ്ങള്‍ക്കുള്ളതല്ല..

shortlink

Post Your Comments


Back to top button