
കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യാനായി എക്‌സൈസ് പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. സിനിമാ മേഖലയിലെ ലഹരി ഇടപാടിനെക്കുറിച്ചായിരിക്കും പ്രധാനമായും ചോദിച്ചറിയുക. സിനിമാ സെറ്റുകളില്‍ ലഹരി ഇടപാട് നടന്നോ എന്നാണ് സംശയം. കേസില്‍ പങ്കുണ്ടെന്ന് കണ്ടാല്‍ താരങ്ങളെയും പ്രതിചേര്‍ക്കും. ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റിനും സാധ്യതയുണ്ട്.
ഹൈബ്രിഡ് കഞ്ചാവുകേസിലെ പ്രതികളുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും മുന്‍നിര്‍ത്തിയായിരിക്കും ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യുക. ഇവര്‍ തസ്ലീമയ്ക്ക് പണം കൈമാറിയത് പാലക്കാട് സ്വദേശിയായ മോഡല്‍ വഴിയാണെന്ന് സംശയമുണ്ട്.
അതേസമയം, ഹൈബ്രിഡ് കഞ്ചാവുമായി ഇന്ന് അറസ്റ്റിലായ അഷ്റഫ് ഹംസ മുന്‍പ് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മാസം എക്‌സൈസ് സംഘം പരിശോധന നടത്തുന്നതിന് തൊട്ടുമുന്‍പ് അഷ്‌റഫ് കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ലഹരി ഉപയോഗം സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇന്ന് അഫ്‌റഫ് ഹംസയുടെയും ഖാലിദ് റഹ്‌മാന്റെയും കയ്യില്‍ നിന്ന് പിടികൂടിയത് തസ്ലീമ കൈമാറിയ ഹൈബ്രിഡ് കഞ്ചാവാണോ എന്ന് സംശയമുണ്ട്. മലേഷ്യയില്‍ നിന്നെത്തിച്ച 6.5 കിലോ ഹൈബ്രിഡ് കഞ്ചാവില്‍ 3 കിലോയാണ് തസ്ലീമയില്‍ നിന്ന് പിടികൂടിയത്. 3.5 കിലോ പലര്‍ക്കായി വിറ്റുവെന്നാണ് സംശയം. ഇതാണോ കൊച്ചിയില്‍ പിടികൂടിയത് എന്നും എക്‌സൈസ് പരിശോധിക്കും.
Post Your Comments