Latest News

തസ്ലീമയേയും സംഘത്തേയും കസ്റ്റഡിയിൽ വാങ്ങാൻ എക്സൈസ്, ഷൈൻ ടോമിന് യുവതികളുടെ ഫോട്ടോ അയച്ചതിന്റെ തെളിവ് കണ്ടെത്തി

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനുള്ള എക്സൈസിന്റെ അപേക്ഷ ആലപ്പുഴ ജില്ലാ കോടതി ഇന്നു പരിഗണിക്കും. സിനിമ മേഖലയിലുള്ളവർക്ക് ലഹരി സംഘവുമായുള്ള ബന്ധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രതികളിൽ നിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താനയുമായി ബന്ധമുണ്ടെന്നു നടൻ ഷൈൻ ടോം ചാക്കോ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26), തസ്‌ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി (43) എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികൾ.

നടന്മാരായ ഷൈൻ ടോം ചാക്കോയുമായും ശ്രീനാഥ് ഭാസിയുമായും ഇടപാടുകളുണ്ടെന്നായിരുന്നു തസ്ലീമ എക്സൈസിന് മൊഴി നൽകിയത്. ഇതിനെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകളും എക്സൈസ് സംഘത്തിന് ലഭിച്ചിരുന്നു. ഷൈൻ ടോം ചാക്കോ ഉൾപ്പടെ രണ്ട് നടന്മാരുമായി ബന്ധമുണ്ടെന്നും ഇവർക്കൊപ്പം ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് തസ്ലിമ എക്സൈസിന് മൊഴി നൽകിയത്.

തസ്ലിമയുടെ ഫോണിൽ നിന്ന് ഷൈൻ ടോം ചാക്കോയ്ക്ക് യുവതികളുടെ ഫോട്ടോ അയച്ചു നൽകിയതും ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. തസ്ലിമയ്ക്ക് പെൺവാണിഭ സംഘങ്ങളുമായി ബന്ധമുള്ളതിനാൽ യുവതികളുടെ ഫോട്ടോ അത്തരത്തിൽ അയച്ചു നൽകിയതാണോ എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. കഴിഞ്ഞ ദിവസം ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്തപ്പോഴും തസ്ലിമയുമായി നടനുള്ള ബന്ധം സംബന്ധിച്ച സൂചനകൾ ലഭിച്ചു എന്നാണ് റിപ്പോർട്ട്. തസ്ലീമയുമായി ലഹരി ഇടപാടുകളുണ്ടെന്ന് ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തസ്ലിമയെ നിരന്തരം വിളിക്കാറുണ്ടെന്നും ഷൈൻ ടോം ചാക്കോ മൊഴിനൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തനിക്ക് ഉപയോഗിക്കാനുള്ള ലഹരിമരുന്ന് തസ്ലിമയിൽനിന്ന് വാങ്ങിയതായി ഷൈൻ ടോം ചാക്കോ പറഞ്ഞതായാണ് വിവരം. ലഹരി ഉപയോഗം കൂടിയപ്പോഴാണ് അച്ഛൻ ഇടപെട്ട് കൂത്താട്ടുകളത്തെ ഡീ-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഏതാനും ദിവസങ്ങൾ മാത്രമേ ഇവിടെ ചികിത്സയിൽ കഴിഞ്ഞിട്ടുള്ളൂ. ഡീ-അഡിക്ഷൻ സെന്ററിൽനിന്ന് താൻ ചാടിപ്പോരുകയായിരുന്നുവെന്നും ഷൈൻ പോലീസിന് മൊഴി നൽകിയതായാണ് വിവരം.

ഈ മാസം ഒന്നാം തീയതിയാണ് ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടികൂടിയത്. കേസിൽ കണ്ണൂർ സ്വദേശി ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള തസ്ലിമ സുൽത്താന ഇവരുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

റിസോർട്ടിൽ ലഹരി ഇടപാടിന് എത്തിയപ്പോൾ തസ്ലിമയും ഫിറോസുമാണ് ആദ്യം എക്‌സൈസിന്റെ പിടിയിലായത്. ചോദ്യംചെയ്യലിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവർക്ക് ലഹരി എത്തിച്ചുനൽകാറുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, കേസിൽ നടന്മാരെ വിളിച്ച് ചോദ്യംചെയ്യാനുള്ള തെളിവുകൾ എക്‌സൈസിന് ലഭിച്ചിരുന്നില്ല. തസ്ലിമയുടെ വെളിപ്പെടുത്തലിന് പിന്നാലെ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ഹർജി പിൻവലിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button