യുവതലമുറക്കാരിൽ ആക്ഷൻ കൈകാര്യം ചെയ്യുവാൻ ഏറ്റവും സമർത്ഥനായ നടൻ ഉണ്ണി മുകുന്ദനും മാസ്സ് ഡയറക്ടർ ഹനീഫും കൂടി ചേരുമ്പോൾ മലയാളത്തിലെ വലിയൊരു മാസ്സ് ആക്ഷൻ സിനിമ ഉണ്ടാകാൻ പോകുന്നു എന്ന് ഉറപ്പിക്കാം. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമ വരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്‌ഷൻ എന്റർടെയ്നർ “മാർക്കോ” ആണ് മലയാള സിനിമയിൽ പുതിയ തുടക്കം സൃഷ്ടിക്കുന്നത്. മിഖായേല്‍ എന്ന നിവിൻ പോളി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്. മാർക്കോ ജൂനിയറിൻ്റെ ഭൂതകാലത്തിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.
മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്യുന്ന ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇന്ന് മുന്നാറിൽ ആയിരുന്നു പൂജയോട് കൂടി ഷൂട്ടിംഗ് ആരംഭിച്ചത്. ഉണ്ണി മുകുന്ദൻ ഉൾപ്പെടെ സിനിമയിലെ എല്ലാ അണിയറ പ്രവർത്തകരുടെയും സാനിധ്യത്തിൽ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് സ്വിച്ച് ഓൺ നിർവഹിച്ചു. ഫസ്റ്റ് ക്ലാപ് ഫ്രയ മറിയവും, അയഹ് മറിയവും നിർവഹിച്ചു. പൂജയിൽ നിറസാനിധ്യമായി നടൻ ഷറഫുദീനും ഉണ്ടായിരുന്നു.
സമീപകാലത്തെ ഏറ്റവും മികച്ച സ്റ്റൈലിസ്റ്റ്, ആക്ഷൻ- വയലൻസ് ചിത്രമായിരിക്കും മാർക്കോ. വയലൻസ്,ആക്ഷൻ ചിത്രങ്ങൾ ഒരുക്കാൻ ഏറ്റവും സമർത്ഥനായ ഹനീഫ് അദേനി ഒരുക്കുന്ന ഈ ചിത്രത്തിൽ എട്ട് ആക്ഷനുകളാണുള്ളത്. ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആണ് ഇതിലെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്. കലൈകിംഗ് സൺ, സ്റ്റണ്ട് സിൽവ എന്നിവരാണ് ഇവരിലെ പ്രമുഖർ.
മികച്ച സംഘട്ടനങ്ങളും, ഇമോഷൻ രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാൻവാസിലൂടെ വലിയ മുതൽമുടക്കിൽ എത്തുന്ന ഒരു മാസ് എൻ്റർടൈനർ ആയിരിക്കും ഈ ചിത്രം. നായിക ഉൾപ്പടെയുള്ള ചില പ്രധാന താരങ്ങൾ ബോളിവുഡ്ഡിൽ നിന്നുള്ളതാണ്. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ , ടർബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും, ഏതാനും പുതുമുഖങ്ങളും, ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷൻ ഫോർട്ട് കൊച്ചിയാണ്.
കെ.ജി.എഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂര്‍ ആണ് ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്എ, ഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം – സുനിൽ ദാസ്, മേക്കപ്പ് – സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ.
Post Your Comments