കള്ളന്റെ പ്രതികാര കഥ പറഞ്ഞ ചിത്രം റോബിൻഹുഡ് ഓർമ്മയില്ലേ? സിനിമയിൽ പറഞ്ഞ ‘റോബിൻഹുഡ്’ വീട്ടിലെത്തിയപ്പോൾ സംവിധായകൻ ജോഷിക്ക് നഷ്ടമായത് കോടികളുടെ സമ്പാദ്യമായിരുന്നു. ജോഷി സംവിധാനം ചെയ്ത സിനിമയിലെ റോബിൻ ഹുഡിൻ്റെ മോട്ടീവ് പ്രതികാരമായിരുന്നെങ്കിൽ ജോഷിയുടെ വീട്ടിൽ കയറിയ റോബിൻഹുഡിൻ്റെ മോട്ടീവ് വ്യത്യസ്തമാണ്. അതിൻ്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് കേരള പൊലീസ്. ചിത്രത്തിന്റെ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ബിഹാർ റോബിൻഹുഡ് എന്ന മുഹമ്മദ് ഇർഫാൻ ആള് ചില്ലറക്കാരനല്ല.
ബിഹാറിലെ സീതാമര്‍ഹി ജില്ലയില്‍ ഗാര്‍ഹയ്‌ക്ക് സമീപം ജോഗിയ സ്വദേശിയാണ് ഉജ്വല്‍ എന്ന മുഹമ്മദ് ഇര്‍ഫാന്‍.
പനമ്പിള്ളി നഗറിൽ നിരവധി ആഡംബരവീടുകളുണ്ട്. എന്നിട്ടും ജോഷിയുടെ വീടുതന്നെ മോഷ്ടാവ് എന്തിന് തിരഞ്ഞെടുത്തുവെന്നതാണ് പൊലീസിന് മുന്നിലുയരുന്ന സംശയം. എന്തായാലും സിനിമ സംവിധാനം ചെയ്ത ജോഷി ‘റോബിൻഹുഡ്’ തന്റെ വീട്ടിലെത്തി മോഷണം നടത്തുമെന്ന് ഒരിക്കലും കരുതിക്കാണില്ല. സിനിമയിൽ പൃഥ്വിരാജിന്റെ കഥാപാത്രം ബൈക്കിൽ സഞ്ചരിച്ചാണ് മോഷണം നടത്തുന്നതെങ്കിൽ കാറിലാണ് ഇർഫാൻ കൊച്ചിയിലെത്തിയത്. ബിഹാറിലെ സീതാമർഹിയിലെ ജില്ലാപരിഷത്ത് അധ്യക്ഷനെന്ന ബോർഡ് വച്ച കാറായിരുന്നു. അതിനാൽത്തന്നെ ചെക്പോസ്റ്റുകൾ സുഖമായി കടക്കാൻ ഇയാൾക്കായി. ഇർഫാന്റെ ഭാര്യ ഗുൽഷൻ പർവീൺ ജില്ലാ പരിഷത്ത് അധ്യക്ഷനാണ്.
മോഷണക്കേസുകളിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഇർഫാന് വെറുതെയിരിക്കാനാവില്ല. ഉടനെ അടുത്ത നഗരം ലക്ഷ്യംവച്ചുകൊണ്ട് മോഷണം നടത്തും. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസില്‍ നിന്നാണ് ഇയാൾ പിടിയിലായത്. പൂനെയിലെ മോഷണത്തിൽ പിടിയിലാവുമ്പോൾ റോബിൻഹുഡ് സിനിമകളിൽ ആകൃഷ്ടനായാണ് താൻ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇർഫാൻ പൊലീസിനോട് പറഞ്ഞിരുന്നു.
എന്തായാലും സിനിമയിൽ ജോഷിയുടെ നായക കഥാപാത്രം പൊലീസിന്റെ കുരുക്കിലായില്ലെങ്കിലും ഇവിടെ ജോഷിയുടെ യഥാർത്ഥ വില്ലന് പൊലീസിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു. മോഷണശേഷം കാറിൽ രക്ഷപ്പെട്ട ഇർഫാനെ ഉഡുപ്പിയിൽ നിന്നാണ് അറസ്റ്റുചെയ്തത്. ജോഷിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ കള്ളനെ പിടികൂടുന്നതില്‍ നിർണായകമായി.
Post Your Comments