ഹൈദരാബാദ്: ‘സീതാ രാമം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് മൃണാൾ താക്കൂർ. ഇപ്പോഴിതാ, തെലുങ്ക് സിനിമകൾ ചെയ്യാൻ തനിക്ക് ഏറെ പ്രചോദനമായത് നടൻ ദുൽഖർ സൽമാൻ ആണെന്ന് മൃണാൾ പറയുന്നു. ഒരു സമയത്ത് തെലുങ്ക് ഇൻഡസ്ട്രി ഉപേക്ഷിക്കാൻ താൻ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയപ്പോഴാണ് അതിൽ ദുൽഖറിന്റെ പങ്കെന്താണെന്ന് മൃണാൾ പറഞ്ഞത്. ‘സീതാ രാമം’ എന്ന ചിത്രത്തിലൂടെയാണ് മൃണാൾ താക്കൂർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. വെങ്കി അറ്റലൂരി സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ കോടികൾ നേടി.
ഭാഷ തനിക്ക് പ്രശ്നമായിരുന്നുവെന്നും ഇപ്പോൾ തെന്നിന്ത്യൻ സിനിമകൾ ചെയ്യാനുള്ള കാരണം ദുൽഖർ സൽമാൻ ആണെന്നും നടി പറയുന്നു. ദുൽഖർ സൽമാൻ ഫാൻസ് ക്ലബ്ബിൻ്റെ പ്രസിഡൻ്റ് എന്നാണ് നടി സ്വയം വിശേഷിപ്പിച്ചത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലായിരുന്നു മൃണാൽ താക്കൂറിൻ്റെ പ്രതികരണം.
‘സിനിമ ഉപേക്ഷിക്കാൻ ആഗ്രഹിച്ച നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്, കരഞ്ഞു പോയ നിമിഷങ്ങളും ഉണ്ടായി. പക്ഷേ ഓരോ തുള്ളി കണ്ണുനീരും എനിക്ക് പിന്നീട് പ്രശംസകളായി മാറി. ദുൽഖർ ദൈവത്തിൻ്റെ കുട്ടിയാണ്. ദുൽഖർ സൽമാൻ ഫാൻസ് ക്ലബ്ബിൻ്റെ പ്രസിഡൻ്റാണ് ഞാൻ എന്ന് പറയാൻ എനിക്ക് മടിയില്ല, കാരണം അത്രമാത്രം ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്. അത്രയ്ക്ക് അർപ്പണബോധമുള്ള നടനായ അദ്ദേഹം ഭാഷയെക്കുറിച്ച് ഭയപ്പെടുന്നില്ല. സീതാരാമത്തിന്റെ കശ്മീർ ഷെഡ്യുളിനിടെ ദുൽഖറിനോട് ‘സീതാരാമം തെലുങ്കിലെ എൻ്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമാണ്. ഇനി ഞാൻ ഒരു തെലുങ്ക് സിനിമയും ചെയ്യില്ല’ എന്ന് പറഞ്ഞു. ‘നമുക്ക് കാണാം’ എന്നായിരുന്നു ദുൽഖർ നൽകിയ മറുപടി. ഞാൻ ഇന്ന് തമിഴ് സിനിമയോ കന്നഡ സിനിമയോ ചെയ്യുന്നതിൻ്റെ ഒരു കാരണം അദ്ദേഹം ആണെന്ന് ഞാൻ കരുതുന്നു’, മൃണാൾ പറഞ്ഞു.
Post Your Comments