ന്യൂഡൽഹി: പ്രശസ്ത തമിഴ് സംവിധായകനും നടനുമായ അമീർ സുൽത്താനെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യംചെയ്യുന്നു. രണ്ടായിരം കോടി രൂപയുടെ രാജ്യാന്തര ലഹരിക്കടത്ത് കേസിലാണ് അമീർ സുൽത്താനെ ചോദ്യം ചെയ്യുന്നത്. എൻസിബി സമൻസ് അനുസരിച്ച് ഡൽഹി ഓഫീസിലാണ് മൊഴിയെടുപ്പ്.
നേരത്തേ അറസ്റ്റിലായ ഡിഎംകെ നേതാവ് ജാഫർ സാദിഖ് നിർമിക്കുന്ന ‘ഇരൈവൻ മിഗ പെരിയവൻ’ എന്ന പുതിയ ചിത്രത്തിന്റെ സംവിധായകനാണ് അമീർ. ജാഫർ സാദിഖിന്റെ അറസ്റ്റോടെ ചിത്രത്തിന്റെ നിർമാണം നിർത്തിവച്ചിരുന്നു. ലഹരിക്കടത്ത് സംഘവുമായുള്ള ജാഫറിന്റെ ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും കുറുക്കുവഴിയിൽ പണമുണ്ടാക്കുന്നവരുമായി സഹകരിക്കില്ലെന്നും അമീർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പരുത്തിവീരൻ, മൗനം പേസിയതേ, രാം, ആദി ഭഗവാൻ, ജിഹാദ് എന്നീ സിനിമകളുടെ സംവിധായകനായ അമീർ സുൽത്താൻ അഞ്ച് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ഇപ്പോൾ ചിത്രീകരണം തുടങ്ങുന്ന നാല് സിനിമകളടക്കം 14 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മായാവലൈ, നാർക്കലി, വാടിവാസൽ എന്നീ സിനിമകളിലും നിലമെല്ലാം രത്തം എന്ന സീരീസിലുമാണ് ഇപ്പോൾ അമീർ അഭിനയിക്കുന്നത്.
നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഫെബ്രുവരിയിൽ ഡൽഹിയിൽ നടത്തിയ റെയ്ഡിലാണ് രാജ്യാന്തര ലഹരിക്കടത്ത് സംഘത്തെ പിടികൂടിയത്. രാജ്യാന്തര ഏജൻസികൾ നൽകിയ വിവരമനുസരിച്ചായിരുന്നു റെയ്ഡ്. ഇന്ത്യ, ന്യൂസീലാൻഡ്, ഓസ്ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിലായി പടർന്നുകിടക്കുന്ന ലഹരിക്കടത്ത് ശൃംഖലയുടെ നേതൃത്വം തമിഴ് സിനിമാനിർമാതാവ് ജാഫർ സാദിഖിനാണെന്ന് കണ്ടെത്തിയ എൻസിബി ഇയാളെ കഴിഞ്ഞമാസം ഒൻപതിനാണ് അറസ്റ്റ് ചെയ്തത്.
8 ബാങ്കുകൾ വഴി നടന്ന സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം തമിഴ്‌നാട്ടിൽ വർധിച്ചു വരുന്ന മയക്ക് മരുന്ന് മാഫിയക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമല രംഗത്തെത്തി. ഭരണകക്ഷിയായ ഡിഎംകെയ്ക്കും ഇതിൽ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
Post Your Comments