GeneralInterviewsLatest NewsNEWS

‘യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല’: വിമർശിച്ച് ശ്രീകുമാരൻ തമ്പി

ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതീയ-വംശീയ അധിക്ഷേപത്തിൽ പ്രതിഷേധം കനക്കുന്നു. കലാമണ്ഡലവുമായി സത്യഭാമയ്ക്ക് യാതൊരു ബന്ധമില്ലെന്ന് കലാമണ്ഡലം വാർത്താകുറിപ്പിറക്കിയിരുന്നു. ഇപ്പോഴിതാ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല എന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്. ഇന്നത്തെ കാലത്തും കലയിൽ നിറവും ജാതിയും കൊണ്ടുവന്ന് മലിനപ്പെടുത്താൻ ആരെയും അനുവദിച്ചുകൂടാ എന്നാണ് ശ്രീകുമാരൻ തമ്പി ഫേയ്സ്ബുക്കിൽ കുറിച്ചത്.

ശ്രീകുമാരൻ തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കലാമണ്ഡലം സത്യഭാമ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന നൃത്താധ്യാപികയ്ക്ക് കറുപ്പിനോട് വെറുപ്പ്!!! യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല. ആ സത്യഭാമ പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്മനാഭൻ നായരുടെ പത്നിയും കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്ന മഹിളാരത്നമാണ്. ഞാൻ സംവിധാനം ചെയ്ത ‘ഗാനം”, ‘ബന്ധുക്കൾ ശത്രുക്കൾ’ എന്നീ ചിത്രങ്ങളിൽ നൃത്തസംവിധാനം നിർവ്വഹിച്ചത് ആ മഹതിയാണ്. ‘അളിവേണി എന്തു ചെയ്‌വൂ’ , ‘മലയാളിപ്പെണ്ണേ നിന്റെ മനസ്സ്’… തുടങ്ങിയ ഗാനങ്ങളുടെ ചിത്രീകരണം ഓർമ്മിക്കുക.

കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ലീലാമ്മ തുടങ്ങിയ പ്രശസ്ത നർത്തകിമാർ ആ സത്യഭാമയുടെ ശിഷ്യരാണ്, കലാമണ്ഡലം പദ്മനാഭൻ നായരുടെയും അദ്ദേഹത്തിന്റെ ഭാര്യ കലാമണ്ഡലം സത്യഭാമയുടെയും കലാജീവിതം വിഷയമാക്കി ഞാൻ ‘ദയിതേ കേൾ നീ’ എന്ന പേരിൽ വർഷങ്ങൾക്കു മുൻപ് ഒരു ഡോക്കുമെന്ററി നിർമ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ദൂരദർശൻ അത് സംപ്രേഷണം ചെയ്തു. ഈ കലാമണ്ഡലം സത്യഭാമയെ ആ പ്രതിഭാ ശാലിനിയുമായി താരതമ്യം ചെയ്യുന്നതു പോലും ശരിയല്ല. രാധയടക്കം അനേകം മോഹിനിമാരുടെ മനം കവർന്ന ശ്രീകൃഷ്ണന്റെ നിറം കറുപ്പായിരുന്നു എന്ന സത്യം മറക്കരുത്. ശ്രീകൃഷ്ണനും നർത്തകനായിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിൽ ഒരു കലാകാരനേയും വിലയിരുത്താൻ പാടില്ല.

 

shortlink

Related Articles

Post Your Comments


Back to top button