തെന്നിന്ത്യയിൽ തരംഗമായി മാറികൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്.’ റിലീസ് ചെയ്ത ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും, തമിഴ്നാട്ടിലെ തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളാണ് ഇപ്പോഴും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 200 കോടി ക്ലബ്ബിലേക്ക് കയറാനുള്ള കുതിപ്പിലാണ് ചിത്രം. 25 ദിവസം പിന്നിട്ട ചിത്രം ഇതിനോടകം 195 കോടി കളക്ട് ചെയ്തു എന്നാണ് റിപ്പോർട്ട്. ബാക്കിയുള്ള അഞ്ച് കോടി 4 ദിവസത്തിനുള്ളിൽ കളക്ട് ചെയ്യുമെന്നാണ് ട്രേഡ് അണലിസ്റ്റുകൾ വിലയിരുത്തുന്നത്.
തമിഴ്നാട് ബോക്സ്ഓഫീസിൽ 50 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ്. തമിഴ്നാട്ടിൽ 50 കോടി നേടുന്ന ആദ്യ മലയാള സിനിമ കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. 2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം.
മലയാളത്തിൽ ഇതുവരെയിറങ്ങിയ സർവൈവൽ- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ച വെച്ചിരിക്കുന്നത്. സൗബിൻ, ശ്രീനാഥ് ഭാസി, ഗണപതി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിലും തമിഴ്നാട്ടിലുമായാണ് ചിത്രികരിച്ചത്.
Post Your Comments