
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ചയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി. അത് ഉരച്ചു നോക്കാന്‍ ആരും വരേണ്ടെന്നും തങ്കമാണെന്ന് പ്രചരിപ്പിക്കുകയും വേണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. നേര്‍ച്ച പരസ്യമാക്കേണ്ട ഗതികേടില്‍ സങ്കടമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
‘നേർച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആൾക്കാർ എന്നെ നയിക്കുകയാണ്. കിരീടം പണിയാൻ കൊടുത്ത സ്വർണത്തിൽ പകുതിയും പണിതയാൾ തിരിച്ചുനൽകി. അതുചേർക്കാൻ പറ്റില്ലെന്നാണ് പറഞ്ഞത്. ഒരു കല്ലെങ്കിലും പതിപ്പിക്കണമെങ്കിൽ 18 കാരറ്റ് സ്വർണമായിരിക്കണം. അതിനു തയാറാണ്. അപ്പോഴും വലിയ വിലവ്യത്യാസം വരില്ല. ഇനി ഇവന്മാർ അതു ചുരണ്ടാൻ വരുമോ?’, സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയതാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇത് പരിശോധിക്കണമെന്ന് ഇടവക പ്രതിനിധി യോഗത്തിൽ കോണ്‍ഗ്രസ് കൗണ്‍സിലറടക്കം ആവശ്യപ്പെട്ടിരുന്നു. തന്റെ ത്രാണിക്കനുസരിച്ചാണ് ലൂര്‍ദ് മാതാവിന് കിരീടം നല്‍കിയതെന്നായിരുന്നു ഇതിനോട് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
മകളുടെ വിവാഹത്തിന് മുന്നോടിയായാണ് സുരേഷ് ഗോപി കുടുംബ സമേതം എത്തി ജനുവരി 15 ന് പള്ളിയിൽ സ്വർണകിരീടം സമർപ്പിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വർണക്കിരീടം സമര്‍പ്പിക്കുമെന്ന് നേര്‍ച്ചയുണ്ടായിരുന്നെന്നാണ് അന്ന് സുരേഷ് ഗോപി പറഞ്ഞത്. ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഭവ്യ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. കഴിഞ്ഞ പെരുന്നാളിന് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിക്കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വര്‍ണകിരീടം സമര്‍പ്പിക്കാന്‍ എത്തിയത്.
Post Your Comments