വിവാഹം വേണ്ടെന്നു വച്ച തീരുമാനത്തിനു പിന്നിലെ കാരണം പങ്കുവച്ചു നടൻ ഇടവേള ബാബു. ഡാൻസും പാട്ടുമൊക്കെ അറിയാവുന്ന ഒരു കുട്ടിവേണം എന്നായിരുന്നു ഏക ഡിമാന്റ് എന്നും മുൻപ് അന്വേഷിച്ചപ്പോഴൊന്നും ആരെയും കണ്ടെത്താനും സാധിച്ചില്ല എന്നും ബാബു പറയുന്നു.
READ ALSO: ഞാൻ ടൈല്‍സ് ഇട്ട അതേ ഹോട്ടലില്‍ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം അതിഥിയായി എത്തി: ബിനീഷ് ബാസ്റ്റിൻ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘അമ്മ മരിച്ചപ്പോള്‍ ആ സ്ഥാനം ചേട്ടത്തിയമ്മയ്ക്ക് പോയി. വീട്ടില്‍ വഴക്കുണ്ടാകാതിരിക്കാൻ ഞാൻ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ അമ്മയോടു പറയുമായിരുന്നു. എന്റെ ഭാര്യ വന്ന് ചേട്ടത്തിയമ്മയുമായി അടികൂടും. അതുവേണ്ടല്ലോ എന്നു തമാശയ്ക്ക് പറയും.
പക്ഷേ വിവാഹം എന്നത് എവിടെയോ നഷ്ടപ്പെട്ടു പോയ കാര്യമാണ്. മുൻപ് അന്വേഷിച്ചപ്പോഴൊന്നും ആരെയും കണ്ടെത്താനും സാധിച്ചില്ല. അച്ഛന്റെയും അമ്മയുടെയും അന്വേഷണത്തില്‍ അതിനു സാധിച്ചില്ല. ആ സമയത്തു പ്രണയ വിവാഹത്തോടു താത്പര്യവും ഇല്ലായിരുന്നു. ഡാൻസും പാട്ടുമൊക്കെ അറിയാവുന്ന ഒരു കുട്ടിവേണം എന്നായിരുന്നു എന്റെ ഏക ഡിമാൻഡ്. പിന്നീട് ഇതിലൊന്നും വലിയ കാര്യമില്ലെന്ന് തോന്നി. നമുക്ക് സിനിമ തന്നെ നല്ലതെന്ന് തോന്നി…’
‘പ്രണയിച്ചില്ല എന്നൊന്നും ഞാൻ പറയുന്നില്ല. നല്ലോണം പ്രണയിച്ചിട്ടുള്ള ആളാണ് ഞാൻ. പലരും സിനിമയാക്കാൻ ആഗ്രഹിച്ചൊരു പ്രണയകഥ ഇപ്പോഴും എന്നിലുണ്ട്. അത് ഞാൻ എപ്പോൾ പറഞ്ഞാലും ഒരു പത്ത് പേജ് അതിന് വേണ്ടി മാറ്റിയിടും. തുറന്നു പറയാത്തതിന് കാരണം അത് പല കുടുംബങ്ങളെയും ബാധിക്കും എന്നത് കൊണ്ടാണ്. കുടുംബത്തിൽ തന്നെയുള്ള കുട്ടിയായിരുന്നു. കല്യാണം നടക്കാതെ വന്നപ്പോൾ അവൾ എന്നോട് ചോദിച്ചു, ഞാൻ മതിയോ. ഞാൻ തയ്യാറാണ് എനിക്ക് ഇഷ്ടമാണെന്ന്. ഞാൻ കണ്ട പലരിലും നല്ലത് ബാബു ചേട്ടൻ തന്നെയാണെന്ന് പറഞ്ഞു. ഇതിന് മറുപടി ഉടനെ പറയാനാകില്ലെന്നാണ് ഞാൻ പറഞ്ഞത്. പിന്നീട് ആലോചിച്ചപ്പോൾ ശരിയാണെന്ന് തോന്നി, അങ്ങനെ ആറ് മാസത്തിന് ശേഷം മറുപടി പറഞ്ഞു.
ഏകദേശം എട്ട് എട്ടര വർഷത്തോളം നമ്മൾ പ്രണയിച്ചു. പക്ഷേ രണ്ട് കുടുംബത്തിലും ചില തടസങ്ങൾ വന്നു. അച്ഛൻ മരിച്ചപ്പോഴും അദ്ദേഹത്തിന്റെ വിഷമം അതായിരുന്നു. ഞാൻ ഈ വീട്ടിലേക്ക് വിളിച്ചോണ്ട് വരും. വേറെ ഒരിടത്തേക്കും പോകില്ല. തയ്യാറാണോന്ന് ചോദിച്ചപ്പോൾ പറ്റില്ലെന്ന് അച്ഛൻ പറഞ്ഞു. എന്നാ ശരിയെന്ന് പറഞ്ഞ് അവിടെ വച്ച് വിവാഹം വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. വിവാഹം അല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം, ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് ചിന്തിച്ചു. ഒരുപക്ഷേ ഞാൻ ഇങ്ങനെ ആക്ടീവ് ആയതിന് കാരണം ഈ പ്രണയ നഷ്ടമാണ്. പണ്ട് അനിയത്തിപ്രാവ് സിനിമയിലെ ക്ലൈമാക്സ് ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ആളാണ്. സിനിമയ്ക്കും മുൻപെ. വിട്ടുകൊടുത്തു. പക്ഷേ അതേക്കുറിച്ചൊന്നും ഞാൻ ഇപ്പോൾ ചിന്തിക്കാറില്ല. നേരത്തെ ഹണി റോസ് പറഞ്ഞത് പോലെ ജീവിതത്തിൽ എവിടെയോ വച്ച് ഭാര്യയെക്കാൾ സ്ഥാനം അമ്മ സംഘടനയോട് ആയിപ്പോയി. ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് അച്ഛനും കരുതിക്കാണില്ല’- ഇടവേള ബാബുവിന്റെ മറുപടി.
Post Your Comments