സന്യാസത്തിന്റെ ഭാവം മറ്റൊരു രീതിയിലുള്ള പ്രണയമാണെന്ന് മോഹന്‍ലാല്‍. പ്രണയിക്കാന്‍ എളുപ്പമാണ്, പക്ഷെ പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. നല്ല പ്രണയത്തില്‍ നമുക്ക് ദേഷ്യമോ സങ്കടമോ അസൂയയോ പൊസസീവ്നെസോ ഉണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു. വനിതാ മാഗസിന് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ സംസാരിച്ചത്. ഓഷോയുടെ വചനങ്ങള്‍ അടക്കം പങ്കുവച്ചാണ് മോഹന്‍ലാല്‍ സംസാരിച്ചത്.
‘പ്രണയത്തില്‍ കൂടി നമുക്കു സന്യാസത്തിലേക്ക് പോകാം. സന്യാസത്തിന്റെ ഭാവം മറ്റൊരു രീതിയിലുള്ള പ്രണയം തന്നെയാണ്. നല്ല പ്രണയത്തില്‍ നമുക്ക് ദേഷ്യം ഉണ്ടാകില്ല. സങ്കടമോ അസൂയയോ പൊസസീവ്നെസോ ഉണ്ടാവില്ല. അതാണ് യഥാര്‍ഥ പ്രണയം. സന്യാസവും അങ്ങനെ തന്നെയല്ലേ? ഞാന്‍ അഭിനയിച്ച ‘ഛായാമുഖി’യെന്ന നാടകത്തില്‍ പറയുന്നുണ്ട്, ‘പ്രണയിക്കാന്‍ എളുപ്പമാണ്. പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്’ എന്ന്. എന്തൊരു സുന്ദരമായ വരിയാണത്.
‘ഐ ലവ് യു’ എന്നു പറയുമ്പോള്‍ പെണ്‍കുട്ടിയുടെ മറുപടി ‘പോടാ’ എന്നാണെങ്കില്‍ എന്തൊക്കെയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഭീഷണിയും കൊലപ്പെടുത്തലും ആസിഡ് എറിയലും, കത്തിക്കുത്തും ഒക്കെയാണ്. യഥാര്‍ഥ പ്രണയം ആകാശത്തോളം വലുതാണ്. പ്രണയം തകര്‍ന്നെന്ന് കരുതി സങ്കടപ്പെട്ടിട്ട് കാര്യമില്ല. പിന്നെ, അതിന്റെ പിറകെ പോയി നിങ്ങളുടെ ശരീരവും മനസ്സും ബുദ്ധിയും കളയുന്നത് എന്തിനാണ്. വീണ്ടും വീണ്ടും പ്രണയിക്കൂ. ഓഷോയുടെ ഒരു വചനമുണ്ട്. ‘ഒരു പെണ്‍കുട്ടി നിങ്ങളെ വിട്ടു പോയി. അതിന് എന്താണ്. ഒരു ലക്ഷം പെണ്‍കുട്ടികള്‍ വേറെ ഇല്ലേ?’
സിനിമയില്‍ ആരെ പ്രണയിക്കുന്നു എന്നല്ല, ആ പ്രണയ രംഗങ്ങളാണ് എനിക്കിഷ്ടം. ആരാണ് എന്നുള്ളതിനെക്കാള്‍ പ്രണയ രംഗത്തിനാണ് പ്രാധാന്യം. അത്തരം രംഗങ്ങളില്‍ എതിര്‍വശത്ത് നില്ക്കുന്ന ആളുടെ റിയാക്ഷനുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഉര്‍വശിയായാലും കാര്‍ത്തികയായാലും ശോഭനയായാലുമൊക്കെ നല്ല മൊമന്റുകള് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ പിന്നെ അത്തരം രംഗങ്ങള്‍ കുറവല്ലേ. നമുക്കിനി വേറൊരു തരത്തിലുള്ള പ്രണയമല്ലേ കാണിക്കാന്‍ പറ്റുകയുള്ളു’, മോഹൻലാൽ പറയുന്നു.
Post Your Comments