രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനമായ ഇന്നലെ നിരവധി വ്യാജ വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. അതിൽ ഒന്നാണ് നടി ഉർവശി പറഞ്ഞുവെന്ന തരത്തിൽ രാമനെയും രാമക്ഷേത്രത്തെയും പരിഹസിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് കാർഡ്. ‘ഭാര്യയുടെ ഗർഭത്തിൽ സംശയിച്ച് അവളെ വനത്തിൽ ഉപേക്ഷിച്ച രാമൻ ഒരു ദൈവമാണെന്ന് കരുതുന്നില്ല, അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ രാമനെ’ എന്ന് ഉർവശി പറഞ്ഞു എന്ന തരത്തിലുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വളരെ വേഗം വ്യാപിച്ചു. സൈബർ കുറ്റവാളികളുടെ പ്രചാരണം കൊഴുത്തതോടെ സംഭവത്തിൽ വിശദീകരണവുമായി ഉർവശി രംഗത്ത് വന്നു.
രാഷ്ട്രീയ -വർഗ്ഗീയ സ്പർദ്ധതയോ അനുഭാവമോ പുലർത്തുന്ന ഇത്തരം വ്യാജ പോസ്റ്റുകളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും എല്ലാവരുടെ വിശ്വാസങ്ങളെയും ഒരേപോലെ മാനിക്കുന്ന, ബഹുമാനിക്കുന്ന ഒരു ഈശ്വരവിശ്വാസി കൂടിയാണ് താനെന്നും ഉർവശി വ്യക്തമാക്കി. തന്റെ പേരിൽ താൻ പറഞ്ഞുവെന്ന രീതിയിൽ പ്രചരിക്കുന്ന കാര്യങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും അങ്ങനെയൊരു പ്രസ്താവന താൻ എവിടെയും നടത്തിയിട്ടില്ലെന്നും ഉർവശി പറഞ്ഞു.
ഉർവശിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയ സുഹൃത്തുക്കളേ…
എൻറെ പേരിൽ ഞാൻ പറയാത്ത ചില കാര്യങ്ങൾ പറഞ്ഞുവെന്ന രീതിയിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു..
ഞാൻ മനസ്സാ വാചാ കർമ്മണാ അറിയാത്ത കാര്യങ്ങളാണ് അതിലൂടെ പ്രചരിക്കുന്നത് എന്നതിൽ എനിക്കു വിഷമമുണ്ട്..ആത്യന്തികമായി ഞാൻ ഒരു കലാകാരിയാണ്..അഭിനയത്തിൽ മാത്രമാണ് ഞാനിപ്പോൾ ശ്രദ്ധ ചെലുത്തുന്നത്..
രാഷ്ട്രീയ -വർഗ്ഗീയ സ്പർദ്ധതയോ അനുഭാവമോ പുലർത്തുന്ന ഇത്തരം വ്യാജപോസ്റ്റുകളിൽ എനിക്ക് യാതൊരു രീതിയിലുള്ള പങ്കും ഇല്ലെന്ന് അറിയിച്ചുകൊള്ളട്ടെ..ഒരു കലാകാരിയ്ക്ക് എല്ലാവരെയും ഒരുപോലെ കാണുന്ന മനസ്സായിരിക്കണം എന്നു ഞാൻ വിശ്വസിക്കുന്നു..ഒപ്പം എല്ലാവരുടെ വിശ്വാസങ്ങളെയും ഒരേപോലെ മാനിക്കുന്ന, ബഹുമാനിക്കുന്ന ഒരു ഈശ്വരവിശ്വാസി കൂടിയാണ് ഞാൻ.
അതുകൊണ്ട് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ഷെയർ ചെയ്യാതിരിക്കുകയും പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക..നിങ്ങളുടെ പ്രിയ കലാകാരിയെന്ന നിലയ്ക്ക് എൻറെ അഭ്യർത്ഥനയാണത്.
Post Your Comments