മോഹൻലാലിന്റെ ആരാധകനായിരുന്ന താൻ അവിചാരിതമായി ലാലുമായി സൗഹൃദത്തിലായ കഥ പങ്കുവച്ച് സംവിധായകനും നടനുമായ മേജര്‍ രവി പറയുന്നു. കൗമുദി മൂവൂസിനു നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനെ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ സംഭവം മേജർ രവി പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
പോര്‍ട്ട്ബ്ലെയറില്‍ മിലിട്ടറി ഇന്റലിജൻസ് ഓഫീസറായി വര്‍ക്ക് ചെയ്യുന്ന സമയത്ത് എല്ലാ ദിവസവും എയര്‍പോര്‍ട്ടില്‍ പോകും. അങ്ങനെയൊരു ദിവസം മോഹൻലാലിന്റെ ഭാര്യാ സഹോദരൻ സുരേഷ് ബാലാജിയെ കണ്ടു. കാലാപാനി എന്ന സിനിമയുടെ ഷൂട്ട് അവിടെ നടക്കുന്നുമുണ്ട്. മേജര്‍ രവിയല്ലേ എന്ന് സുരേഷ് ബാലാജി ചോദിച്ചു. കൂടാതെ, ലാല്‍ സാറിന് നിങ്ങളെ കാണാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. രാജീവ്ഗാന്ധി വധക്കേസിലെ ശിവരാസൻ ഗ്യാങിനെതിരെ ഓപ്പറേഷൻ ചെയ്തതില്‍ ഓപ്പറേഷൻ കമാൻഡറായി സിബിഐയുടെ കൂടെ ഞാൻ ഉണ്ടായിരുന്നു എന്ന കാര്യം സുരേഷ് ബാലാജി ലാലിനോട് പറഞ്ഞിരുന്നു. അന്ന് ലാല്‍ ഭയങ്കരമായി ഇത് ഫോളോ ചെയ്യുന്ന ആളാണ്. രാജീവ് ഗാന്ധി വധക്കേസ് കഴിഞ്ഞ് ദിവസവും ലാല്‍ പേപ്പര്‍ വായിക്കും. അതില്‍ എന്റെ ഫോട്ടോഗ്രാഫും വലിയൊരു റിപ്പോര്‍ട്ടും വന്നിരുന്നു. മലയാളിയാണ്, ഇയാളെ എവിടെയെങ്കിലും വെച്ച് കാണണമെന്ന് ലാല്‍ അന്ന് പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ബാലാജി വ്യക്തമാക്കി.
read also: നടൻ കെ.ഡി ജോര്‍ജിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല: ആഴ്ചകളായി മോര്‍ച്ചറിയില്‍..
‘ഞാനും ലാലിന്റെ ഫാനാണെന്ന് ഞാൻ പറഞ്ഞു. ലൊക്കേഷനില്‍ വന്ന് അദ്ദേഹത്തെ കണ്ടൂടെ എന്ന് ചോദിച്ചു. വരാമെന്ന് ഞാനും. അന്ന് വൈകുന്നേരം ഗസ്റ്റ് ഹൗസിലേക്ക് ക്ഷണിച്ചു. കൂടെയിരുന്ന് സംസാരിക്കാമെന്ന് കരുതി അഞ്ച് മണിക്ക് തന്നെ അവിടെയെത്തി. മുഴുവൻ യൂണിറ്റും പാക്കപ്പ് ആയി അവിടെയുണ്ട്. സുരേഷ് ബാലാജിയെ കണ്ടു. അവിടെ ഒരു റൂമില്‍ ലാല്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഭയങ്കര എക്സൈറ്റ്മെന്റില്‍ അങ്ങോട്ടേക്ക് പോയി. റൂമിന്റെ വാതില്‍ തുറന്ന് കിടക്കുകയാണ്. ബെഡില്‍ ലാല്‍ ഇരിക്കുന്നുണ്ട്. വിദേശികള്‍ ഉള്‍പ്പെടെ ചിലര്‍ ആ റൂമില്‍ ഉണ്ട്. ഹായ് ലാല്‍ ഞാൻ രവിയെന്ന് പറഞ്ഞു. ലാല്‍ നോക്കി. എക്സെെറ്റ്മെന്റൊന്നും അവിടെ നിന്ന് ഇങ്ങോട്ട് കാണുന്നില്ല. അവിടെ വെച്ച് താൻ പരുങ്ങി.
താനൊന്ന് പോയിത്തരുമോ ഇവിടെ നിന്ന് എന്നായിരുന്നു ലാലിന്റെ വികാരം. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണം എന്ന് പറഞ്ഞ് ഞാൻ കൈ കൊടുത്ത് തിരിച്ച് പോയി. സങ്കടവും അപമാനവും തോന്നി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു, എന്നാല്‍ എന്റെയുള്ളില്‍ മേജര്‍ രവിയെന്ന ഹുങ്കാര്‍ മനുഷ്യൻ ഉണര്‍ന്നു. എന്നെ ഇവിടെ വിളിച്ച് വരുത്തിയ സുരേഷ് ബാലാജിക്ക് രണ്ട് കൊടുത്തിട്ടേ പോകുന്നുള്ളൂ എന്ന് പറഞ്ഞു. എന്നെ കണ്ടപ്പോള്‍ എന്തോ പ്രശ്നം നടന്നിട്ടുണ്ടെന്ന് സുരേഷിന് മനസിലായി.
ലാലിനെ വിളിച്ച് മേജര്‍ രവിയെ കണ്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇല്ല, ഞാൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ മോഹൻലാലിന് തന്നെ മനസിലാകാത്തതായിരുന്നു. മോഹൻലാല്‍ വന്ന് ഐഡി കാര്‍ഡ് നോക്കി ഇതും നിങ്ങളും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ എന്ന് ചോദിച്ചു. ലാല്‍ യഥാര്‍ത്ഥത്തില്‍ ചമ്മി. ഇനി കുറ്റം എന്റെ തലയിലാക്കണം. പക്ഷെ ഞാൻ കട്ടയ്ക്ക് നില്‍ക്കുകയാണ്. മേജര്‍ എന്ന് പറയാതെ രവി എന്ന് പറഞ്ഞാണ് ഞാൻ സ്വയം പരിചയപ്പെടുത്തിയത്. അതാണ് തന്നെ ആദ്യം മനസിലാക്കാത്തതിന് കാരണമായത്. അന്ന് രാത്രി സംസാരങ്ങളും ആഘോഷങ്ങളുമായി. പന്ത്രണ്ടര മണിയായി. ഞാൻ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഈ മനുഷ്യൻ പുറകില്‍ കയറി ഇരുന്നു. ടൗണില്‍ കറങ്ങി വരാമെന്ന് പറഞ്ഞു. മറക്കാൻ പറ്റാത്ത നിമിഷങ്ങളാണത്’- മേജര്‍ രവി വ്യക്തമാക്കി.
Post Your Comments