മലയാള സിനിമക്ക് അർഹിക്കുന്ന പല അവസരങ്ങളിലും ഉത്തരേന്ത്യൻ ലോബിയുടെ ഇടപെടൽ മൂലം ദേശീയതലത്തിൽ അവാർഡുകൾ തഴയപ്പെട്ടിട്ടുണ്ടെന്നു സംവിധായകൻ സിബി മലയിലിന്റെ വെളിപ്പെടുത്തൽ. പി.ടി.കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘പരദേശി’ എന്ന സിനിമ 2009 ലെ ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിൽനിന്നു മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്നു പി.ടി.കുഞ്ഞുമുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് ‘പി.ടി കലയും കാലവും’ എന്ന പേരിൽ സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാംസ്കാരിക മേളയുടെ ഉദ്ഘാടന ചടങ്ങിൽ സിബിമലയിൽ പങ്കുവച്ചു. അഭിനയത്തിനു മോഹൻലാൽ, സംവിധാനത്തിനു പി.ടി.കുഞ്ഞുമുഹമ്മദ്, ഗാനരചനയ്ക്കു റഫീക്ക് അഹമ്മദ്, ഗാനാലാപനത്തിനു സുജാത എന്നിങ്ങനെ പുരസ്കാരങ്ങൾ ലഭിക്കാമായിരുന്നിട്ടും മേക്കപ്പിനുള്ള പുരസ്കാരം മാത്രമാണു ലഭിച്ചതെന്നു സിബി മലയിൽ പറഞ്ഞു.
read also: ഒരാളും ഇനി എന്നെ കാണുമ്പോൾ ശോഭനയെ പോലുണ്ടെന്ന് പറയരുത്! നടി ശോഭനയ്ക്കെതിരെ ആക്ടിവിസ്റ്റ് ശീതൾ ശ്യാം
മോഹന്‍ലാലിനു പകരം ഷാറുഖ് ഖാന് പുരസ്കാരം നല്‍കാമെന്നു വരെ തീരുമാനം ഉണ്ടായിരുന്നുവെന്ന് സിബി മലയില്‍ പറഞ്ഞു. ‘പരദേശി’ സിനിമയ്ക്ക് സംവിധായകന്, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാര്‍ഡ് കിട്ടണമെന്ന് താനും ജൂറിയില്‍ ഉണ്ടായിരുന്ന ഛായാഗ്രാഹകന്‍ സണ്ണി ജോസഫും ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും ചെയ്തു. എന്നാൽ, അന്ന് മോഹന്‍ലാലിന് പകരം ഷാറുഖ് ഖാന് മികച്ച നടന് അവാര്‍ഡ് കൊടുത്തൂടേയെന്നും അപ്പോൾ അവാര്‍ഡ് ദാന പരിപാടി കൊഴുക്കുമെന്നും ചെയര്മാന് പറഞ്ഞിരുന്നു.‘തട്ടം പിടിച്ചു വലിക്കല്ലേ…’ എന്ന ഗാനമാലപിച്ച സുജാതയെ മികച്ച ഗായികയായി പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നെന്നും സിബിമലയിൽ പറഞ്ഞു.
Post Your Comments