സാബ് ജോണിന്റെ തിരക്കഥയിൽ, ജയരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ഹൈവേ. ഈ ചിത്രത്തിലെ സ്ത്രൈണ ഭാവങ്ങളുള്ള ക്രൂരനായ വില്ലന്റെ വേഷം അവതരിപ്പിച്ച നടൻ ആരാണെന്നു അന്വേഷിക്കുകയാണ് യുവ തലമുറ.
കൊല്ലം തുളസിയുടെ മകനായ അനിൽ ആണ് ഈ വേഷത്തിൽ എത്തിയത്. ഈ നടനെ കണ്ടെത്തിയതിനെക്കുറിച്ച് സംവിധായകൻ ജയരാജ് പറയുന്നത് ഇങ്ങനെ, ‘ഹൈവേയിൽ ആ കഥാപാത്രം ചെയ്യാൻ യോജിക്കുന്ന ഒരു നടനെ തിരയുമ്പോഴാണ് അയച്ചു കിട്ടിയ ചിത്രങ്ങളിൽ നിന്ന് അനിലിനെ കാണുന്നത്. പിന്നീട് ഞാൻ പറഞ്ഞപ്രകാരം അനിൽ എന്നെ വന്നു കണ്ടു. അക്കാലത്തെ ചെറുപ്പക്കാരിൽ ഏറെ സ്റ്റൈലിഷ് ആയ രൂപവും ഭാവവുമായിരുന്നു അവന്. നീണ്ട മുടിയും ക്ലീൻ ഷേവും പ്രത്യേക വസ്ത്രധാരണവുമൊക്കെയായി ഒരു ഫ്രീക്ക് ഗെറ്റപ്പ്. കണ്ടപ്പോഴേ എനിക്കിഷ്ടമായി. സംസാര ശൈലിയും വ്യത്യസ്തമായിരുന്നു. ആ ലുക്ക് അൽപ്പം കൂടി പരിഷ്കരിച്ചാണ് ഹൈവേയിൽ അവതരിപ്പിച്ചിരിക്കുന്നത്. അനിൽ അവന്റെ ചെറുപ്പകാലം കൂടുതൽ ചെലവിട്ടത് ഇറ്റലിയിലായിരുന്നു. അതിന്റെ സ്വാധീനവും മൊത്തത്തിലുണ്ടായിരുന്നു. ഹൈവേയിലെ ക്യാരക്ടർ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീടധികം സിനിമകളിലൊന്നും അനിലിനെ കണ്ടില്ല. കുറച്ചു കാലം കൂടി ഇടയ്ക്കിടെ എന്നെ കോൺടാക്ട് ചെയ്തിരുന്നുവെങ്കിലും പിന്നീടത് പൂർണമായി നിലച്ചു. പോകെപ്പോകെ യാതൊരു വിവരവും ഇല്ലാതെയായി’’.– ‘വനിത ഓൺലൈനോട്’ സംവിധായകൻ ജയരാജ് പറഞ്ഞു.
നടൻ കൊല്ലം തുളസിയുടെ ഭാര്യയുടെ ആദ്യ വിവാഹബന്ധത്തിലെ രണ്ട് ആൺമക്കളിൽ മൂത്തയാളാണ് അനിൽ. സിനിമയിൽ നിന്നു പിൻവാങ്ങിയ ശേഷം അനിൽ മരണപ്പെട്ടു. എന്നാൽ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments