
കൊച്ചി: മോഹൻലാൽ- ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിരവധി ഹിറ്റ് ചിത്രങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’ ആണ് അതിൽ ഏറ്റവും പുതിയത്. മലയാളികൾ മോഹൻലാലിന്റെ ഒരു മാസ് റിലീസിനായി കാത്തിരിക്കുകയാണ്. എന്നാൽ, തനിക്ക് സിനിമകൾ കാണാൻ പ്രയാസമുണ്ടെന്ന് പറയുകയാണ് മോഹൻലാൽ. ഈ വർഷം വളരെ ചുരുക്കം ചില സിനിമകൾ മാത്രമേ കണ്ടിട്ടൊളളൂവെന്നും മോഹൻലാൽ പറയുന്നു. മാത്രമല്ല സിനിമകൾ കാണാൻ കുറച്ചു പ്രയാസമുള്ള ആളാണ് താനെന്നും, തനിക്ക് സിനിമ കാണാനുള്ള സൗകര്യകുറവുണ്ടെന്നുമാണ് മോഹൻലാൽ പറയുന്നത്.
‘സിനിമകൾ കാണാൻ കുറച്ചു പ്രയാസമുള്ള ആളാണ് ഞാൻ. കഴിഞ്ഞവർഷം അധികവും രാജ്യത്തിന് പുറത്തായിരുന്നു. അല്ലെങ്കിൽ ചെന്നൈയിലെ വീട്ടിൽ പോവുമ്പോഴാണ് ഞാൻ സിനിമകൾ കാണാറുള്ളത്. ഞാൻ ജയിലർ കണ്ടിരുന്നു. അതാണ് ഞാൻ അവസാനം കണ്ടത്. പിന്നെ നെപ്പോളിയൻ എന്ന ഒരു സിനിമ കണ്ടിരുന്നു. മലയാള സിനിമയിൽ ജയ ജയ ഹേ പോലെ കുറേ സിനിമകൾ കണ്ടിരുന്നു. എനിക്ക് കാണാനുള്ള സൗകര്യകുറവുണ്ട്. സിദ്ദിഖ് ഒക്കെ തിയേറ്ററിൽ ചെന്ന് സിനിമ കാണുന്ന ആളാണ്. നമുക്കങ്ങനെ പോവാൻ പറ്റാത്തത് കൊണ്ട് ഞാൻ വീട്ടിൽ ഇരുന്ന് സിനിമ കാണാറുണ്ട്. മദ്രാസിൽ ഞാൻ ഉണ്ടായിരുന്നില്ല. ഞാൻ യാത്രകളിൽ ആയിരുന്നു. മൂന്ന് ദിവസം മുൻപാണ് ഞാൻ വന്നത്. ഒരു തെലുങ്ക് സിനിമയുടെ ഭാഗമായി ഞാൻ ന്യൂസിലാൻഡിൽ ആയിരുന്നു. അവിടെ വെച്ചൊന്നും സിനിമ കാണാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല’, എന്നാണ് മൂവി മാൻ ബ്രോഡ്കാസ്റ്റിങ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറയുന്നത്.
അതേസമയം, അടുത്തിടെ ഒരു അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂരിനെ കുറിച്ചും രണ്ടുപേരും കൂടി സിനിമകൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും മോഹൻലാൽ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ നിർമ്മിക്കുന്നതെല്ലാം സ്വന്തം സിനിമകളാണെന്നും തനിക്ക് ഇഷ്ടപ്പെട്ടിട്ടും ആന്റണിക്ക് ഇഷ്ടമായില്ലെങ്കിൽ ആ കഥകൾ ത്ങ്ങൾ ഏറ്റെടുക്കാറില്ലെന്നും മോഹൻലാൽ പറയുന്നു.
‘ഇപ്പോൾ കൂടുതൽ ഞങ്ങളുടെ സിനിമകൾ തന്നെയാണ് ചെയ്യുന്നത്. അതിന്റെ കാര്യം നമ്മുടെ സൗകര്യത്തിന് സിനിമകൾ ചെയ്യാം, നമ്മുടെ ഇഷ്ടത്തിനുള്ള സിനിമകൾ ചെയ്യാം, ആ സിനിമയ്ക്ക് എന്തെങ്കിലും സംഭവിച്ചാലും നമ്മൾ സഹിച്ചാൽ മതി എന്നതാണ്. മറ്റുള്ളവരുടെ സൗകര്യത്തിന് നിൽക്കാനുള്ള ബുദ്ധിമുട്ട് ചിലപ്പോൾ ഉണ്ടാകും. ഒരു കഥ കേട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാലോ ചെയ്തില്ലെങ്കിലോ അവർക്ക് സങ്കടമാകും. അത് കൊണ്ട് ആ സിനിമ ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. അങ്ങനെ ചിന്തിച്ചിട്ടും കാര്യമില്ല.
ഒരു സിനിമ സംഭവിക്കുകയാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എല്ലാ സിനിമകളും വളരെ വിജയമല്ല. മോശം സിനിമകളുമുണ്ട്. മോശമാകുന്ന സിനിമകൾക്ക് അങ്ങനെ സംഭവിക്കണമെന്നായിരിക്കും. അതിൽ ഞാനും ഉൾപ്പെടണമെന്നായിരിക്കും. ആന്റണിക്ക് ഭയങ്കര ഇഷ്ടമായ കഥ എന്നോട് പറഞ്ഞപ്പോൾ എനിക്കിഷ്ടമായില്ലെന്ന് പറഞ്ഞിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ട സിനിമ ആന്റണിയോട് പറയുമ്പോൾ അത് ശരിയാവില്ല സാറെ എന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ പറയുന്നതാണ് ഏറ്റവും വലിയ വാക്യം എന്നല്ല അതിന്റെ അർത്ഥം. ഒരു സിനിമ കഴിഞ്ഞ് ഉടനെ അടുത്ത സിനിമ തുടങ്ങുന്ന ആളാണ് ഞാൻ. അതങ്ങനെ സംഭവിക്കുന്നതാണ്’, മോഹൻലാൽ പറഞ്ഞു.
Post Your Comments