CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

അഭിഭാഷകരുടെ അഭിമാനവും തൊഴിൽ സ്വാതന്ത്രവും തടസ്സപ്പെടുത്തുന്ന ഒരാളെ തുടരാൻ അനുവദിക്കരുത്: അഡ്വ. ഷുക്കൂർ വക്കീൽ

നമ്മുടെ നാട് ഒരു പക്ഷേ പാതിരാ സൂര്യന്റെ നാടായിമാറിയിരിക്കും

അഭിഭാഷകനോട് കോടതിയിൽ മജിസ്ട്രേറ്റ് മോശമായി പെരുമാറി എന്നാരോപിച്ച് തിരൂരിൽ അഭിഭാഷകർ കോടതി ബഹിഷ്കരിച്ചിരുന്നു. യുവ അഭിഭാഷകനോട് മജിസ്ട്രേറ്റ് മോശമായി പെരുമാറി എന്നാണ് പരാതി. മജിസ്ട്രേറ്റ് പെരുമാറുന്ന രീതി വളരെ പ്രധാനപ്പെട്ടതാണ്, വർക്കിലെ ടെൻഷനും പ്രഷറും ഒക്കെ ഉണ്ടാകും. ആ കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ പോലും അഭിഭാഷകരോടും കോടതിയിൽ വരുന്ന ആൾക്കാരോട് മാന്യമായി പെരുമാറാനുള്ള പക്വത അവർ കാണിക്കേണ്ടതുണ്ടെന്നാണ് നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ കുറിച്ചത്.

കുറിപ്പ് വായിക്കാം

“യെസ് യുവർ ഓണർ “നട്ടുച്ചയ്ക്കു കോടതി വക്കീലിനെ നോക്കി “ഇപ്പോൾ രാത്രി 12 മണിയാണെന്ന് ” പറഞ്ഞാൽ വക്കീല് മറുപടി പറയും ” യെസ് യുവരോണർ”എന്നിട്ട് പതുക്കെ ഒന്ന് കോടതിയിലേക്ക് നോക്കി ശബ്ദം താഴ്ത്തി ഭവ്യതയോടെ പറയും ” യെസ് യുവർ ഓണർ , രാത്രി 12 മണിയാണ്. പക്ഷേ യുവർ ഓണർ പുറത്ത് നല്ല സൂര്യപ്രകാശം ഉണ്ട്, നമ്മുടെ നാട് ഒരു പക്ഷേ പാതിരാ സൂര്യന്റെ നാടായിമാറിയിരിക്കും ” കോടതി വക്കീലിനെ തന്നെ വീണ്ടും നോക്കും, വക്കീലു വെറുതെ ചിരിക്കും.

ഇങ്ങനെ പമ്പര വിഡ്ഢിത്തങ്ങൾ ഓപ്പൺ കോടതിയിൽ എഴുന്നള്ളിച്ചാൽ പോലും വക്കീലന്മാർ ഏറ്റവും ഭവ്യതയോടെ അതിനെ ഡിഫൻഡ് ചെയ്യുന്ന എത്രയോ രസകരമായ സംഭവങ്ങൾ നിത്യജീവിതത്തിൽ അഭിഭാഷകർ അനുഭവിക്കാറുണ്ട്. തിരിച്ചും ആന മണ്ടത്തരം പറയുവാൻ അഭിഭാഷകർ തയ്യാറായാലും ക്ഷമയോടെ കേൾക്കുന്ന ജുഡീഷ്യൽ ഓഫീസർമാരും ധാരാളം ഉണ്ട്. എന്നാൽ സിസ്റ്റത്തിനു പുഴുക്കുത്താകുന്ന ചുരുക്കം ചില ന്യായാധിപന്മാർ ഇരിക്കുന്ന കസേരയുടെ മാഹാത്മമോ ഉത്തരവാദിത്വമോ മനസ്സിലാക്കാതെ അഭിഭാഷകരോടും തൻറെ മുന്നിലെത്തുന്ന സാധാരണ മനുഷ്യരോടും ധിക്കാരപരമായും മനുഷ്യത്വ വിരുദ്ധമായും പ്രവർത്തിക്കുന്ന നിരവധി ഉദാഹരണങ്ങളും ഉണ്ടാകാറുണ്ട്.

നമ്മുടെ ജുഡീഷ്യൽ സിസ്റ്റത്തിലെ ഏറ്റവും ആദ്യത്തെ നിര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്/ മുൻസിഫ് കോടികളാണ്. പിന്നെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്/സബ് കോടതികൾ പിന്നെ സെഷൻസ് കോടതി / ജില്ലാ കോടതി / കുടുംബകോടതി / ട്രൈബൽ ട്രൈബ്യൂണലുകൾ . അതിനു മേലെ ഹൈക്കോടതിയും അവസാനമായി സുപ്രീം കോടതി. ഇവിടെ ഏറ്റവും അധികം സാധാരണക്കാർ അവരുടെ ദൈനംദിന ജീവിതത്തിലെ പ്രശ്ന പരിഹാരത്തിനായി സമീപിക്കുന്നത് മജിസ്ട്രേറ്റ് / മുൻസിഫ് കോടതികളെ ആണ് . മിക്ക മജിസ്ട്രേറ്റ് കോടതികളിലും കേസുകളുടെ ബാഹുല്യം കൊണ്ട് നിന്നു തിരിയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇങ്ങിനെ നീതി തേടി വരുന്ന സാധാരണക്കാരെ നിയമത്തിന്റെ വഴിയിൽ സഹായിക്കാനുള്ള കടമയാണ് അഭിഭാഷകർ നിർവഹിച്ചു പോകുന്നത്. നമ്മുടെ വ്യവസ്ഥിതിയിൽ വ്യക്തികളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും വലിയ പ്രാധാന്യമുണ്ട് . ഈ അവകാശങ്ങളും സ്വാതന്ത്ര്യവും സ്ഥാപിച്ചെടുക്കുന്നത് കോടതികൾ വഴിയാണ്. സ്റ്റേറ്റ് മെഷനിറികളായ ഉദ്യോഗസ്ഥ വൃന്ദം , പോലീസ് റവന്യൂ വിഭാഗം തുടങ്ങിവർ സാധാരണക്കാരുടെ ജീവിതത്തിൽ ഇടപെടുമ്പോൾ , അതിൽ നിയമവിരുദ്ധമായ കാര്യങ്ങൾ ഉണ്ടെങ്കിൽ, ആയതിൽ പരിഹാരം കാണുന്നതിനു വേണ്ടി നിയമത്തിന്റെ വഴികളിലൂടെ സാധാരണ ജനങ്ങളെ സഹായിക്കുന്ന ” ഓഫീസർ ഓഫ് കോർട്ട് ” ആണ് അഭിഭാഷകർ.

അഭിഭാഷകരാണ് സാധാരണ മനുഷ്യർക്ക് നിയമ പരി രക്ഷ ഒരുക്കുന്ന സംരക്ഷകർ. അവരുടെ സേവനം വിലപ്പെട്ടതുമാണ്, സാധാരണ മനുഷ്യൻറെ ജീവിത വ്യവഹാരങ്ങളിൽ അയാൾക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടവുമാണ് അവർ നടത്തുന്നത്. അഭിഭാഷകരും കോടതിയും അഥവാ ജുഡീഷ്യൽ ഓഫീസറും ചേർന്നതാണ് നീതി നിർവഹണ സിസ്റ്റം. അഭിഭാഷകൻ എൽഎൽബി ബിരുദം എടുത്ത് ബാർ കൗൺസിൽ എൻട്രോൾ ചെയ്യുന്നതോടുകൂടി അയാൾക്ക് ഉത്തരവാദിത്തങ്ങൾ കൂടുകയാണ്. ഇന്നു പല കോടതികളും അഭിഭാഷകർ ബഹിഷ്കരിക്കുകയാണ്.

എന്താ കാരണം ? തിരൂർ കോടതിയിലെ സംഭവം അഭിഭാഷകർക്ക് നേരെ ജുഡീഷ്യറി നടത്തുന്ന കയ്യേറ്റത്തിലെ ഏറ്റവും അവസാനത്തെ പ്രത്യക്ഷ ഉദാഹരണമാണ്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രജിസ്ട്രേറ്റ് തിരൂരിൽ നടന്നതു പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് 2021ൽ തിരൂരിലെ ഒരു പ്രാന്ത പ്രദേശത്ത് രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുന്നു. രണ്ട് വാഹനങ്ങളിലെ യാത്രക്കാർക്കും പരിക്കേൽക്കുന്നു. പോലീസ് ഒരാൾക്കെതിരെ മാത്രം കേസ് എടുക്കുകയും അയാൾക്കെതിരെ മാത്രം കുറ്റപത്രം സമർപ്പിക്കുകയും ചെയ്യുന്നു. മറ്റെയാൾ പോലീസിനെ സമീപിക്കുന്നു. പോലീസ് കേസ് എടുക്കുന്നില്ല, പോലീസിന്റെ ഹയർ അതോറിറ്റിയായ ജില്ലാ പോലീസ് മേധാവിയെ സമീപിക്കുന്നു. അവിടെ നിന്നും നീതി ലഭിക്കാതെ വന്നപ്പോൾ അയാൾ അഭിഭാഷകൻ മുഖാന്തിരം സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ കോടതിയിലേക്ക് വരുന്നു, സി ആർ പി സി 200 പ്രകാരം നൽകിയ പരാതിയിൽ, CrPC 202 എൻക്വയറി പ്രകാരം മജിസ്ട്രേറ്റ് അങ്ങനെയുള്ള ആൾക്കാരുടെ നേരിട്ട് മൊഴിയെടുത്ത് കേസ് എടുക്കുന്ന രീതിയാണുള്ളത്, തീരൂരെ മജിസ്ട്രേറ്റ് പരാതിക്കാരനെ സാക്ഷി കൂട്ടിൽ കയറ്റി, സാക്ഷിക്കൂട്ടിൽ കയറിയ പരാതിക്കാരൻ സംഭവം വിവരിക്കുമ്പോൾ , അപകടം നടന്ന വർഷം 2021 എന്നതിനു പകരം 2001 എന്നു രണ്ടു വട്ടം പറഞ്ഞു.

അമ്പത്, , അമ്പത്ത് ആറു വയസ്സുള്ള ഗ്രാമീണനായ ആളാണ് അയാൾ. മജിസ്ട്രേറ്റ് 2001 ആണോ എന്ന് ആ കക്ഷിയോട് ചോദിക്കുന്നു , കക്ഷി തെറ്റു വീണ്ടും ആവർത്തിക്കുന്നു. കക്ഷിയുടെ അഭിഭാഷകൻ ചെറുപ്പക്കാരൻ ” യുവർ ഓണർ 2021 ആണ് ” എന്ന് കോടതിയോട് പറയുന്നു .
പിന്നെ നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്, രൗദ്ര ഭാവം കൊണ്ട മജിസ്ട്രേറ്റ് “നിങ്ങൾ കോടതി നടപടികൾ തടസ്സപ്പെടുത്തി, നിങ്ങളെ ഞാൻ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയാണ് ” മജിസ്ട്രേറ്റ് അട്ടഹസിച്ചു എന്നാണ് അവിടെ ഹാജരായ അഭിഭാഷകരിൽ നിന്നും ലഭിച്ച വിവരം. ഇവിടെ ആ ചെറുപ്പക്കാരൻ അഭിഭാഷകന്റെ അടുത്തിരുന്ന സീനിയറായ തിരൂര് അഡീഷണൽ ഗവ. പ്ലീഡർ അബ്ദുൽ ജബ്ബാർ ഇടപെടുന്നു .അദ്ദേഹം കോടതിയുടെ നടപടിയെ ചോദ്യം ചെയ്യുന്നു, അങ്ങിനെ ചെറുപ്പക്കാരൻ അറസ്റ്റു ജയിലിൽ നിന്നും തൽക്കാലം രക്ഷപ്പെടുന്നു.

മജിസ്ട്രേറ്റ് പെരുമാറുന്ന രീതി വളരെ പ്രധാനപ്പെട്ടതാണ്, വർക്കിലെ ടെൻഷനും പ്രഷറും ഒക്കെ ഉണ്ടാകും. ആ കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ പോലും അഭിഭാഷകരോടും കോടതിയിൽ വരുന്ന ആൾക്കാരോട് മാന്യമായി പെരുമാറാനുള്ള പക്വത അവർ കാണിക്കേണ്ടതുണ്ട്.
ഓരോ മജിസ്ട്രേറ്റു / മുൻസിഫ് സർവീസിൽ കയറുമ്പോൾ അവരുടെ റിട്ടയർമെൻറ് കൃത്യമായി മനസ്സിലാക്കാൻ കഴിയും. ബഹുമാനപ്പെട്ട ഹൈക്കോടതിയാണ് ജുഡീഷ്യൽ ഓഫീസമാരുടെ നിയമന അധികാരി. ഹൈക്കോടതി നടത്തുന്ന എഴുത്തു പരീക്ഷ ഇന്റർവ്യൂ കഴിഞ്ഞാണ് നിയമനം . ഈ പ്രക്രിയ യഥാ സമയം നടക്കാതെ വരുമ്പോൾ സംസ്ഥാനത്ത് ആവശ്യമായ ജുഡീഷൽ ഓഫീസർമാർ ഇല്ലാതെ വരുന്നു .അങ്ങനെ ഇല്ലാതെ വരുന്ന സമയത്ത് നിലവിലുള്ള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടമാരിൽ നിന്നും എൽ എൽ ബിരുദധാരികളായ കോടതി ജീവനക്കാരിൽ നിന്നും താൽക്കാലിക മജിസ്ടേറ്റ് / മുൻസിഫ് മാരായി ചിലരെ നിയമിക്കുന്നു. അങ്ങിനെ നിയമനം ലഭിച്ച ഹൈക്കോടതി സ്റ്റാഫാണ് തിരൂരിലെ ഓഫീസർ . ഇത്തരം താൽക്കാലികർ ഉണ്ടാക്കുന്ന അപകടം അത്ര ചെറുതല്ല. ആ ഓഫീസർക്കെതിരെ ഒരു നടപടിയും ഹൈക്കോടതി സ്വീകരിച്ചിട്ടില്ല ഈ സമയം വരെയും.

അഭിഭാഷകൾ നീതി നിർവഹണത്തിൽ സുപ്രധാനമായ പങ്കുവയ്ക്കുന്നവരാണ് അവർ വലിയ തോതിലുള്ള സേവനമാണ് സമൂഹത്തിനു നൽകുന്നത്. അഭിഭാഷകരുടെ അന്തസ്സും അഭിമാനവും തൊഴിൽ സ്വാതന്ത്ര്യവും വളരെ വിലപ്പെട്ടതും നീതി നിർവ്വഹണ രംഗത്ത് അനിവാര്യവുമാണ്. അഭിഭാഷകരുടെ അന്തസ്സും അഭിമാനവും തൊഴിൽ സ്വാതന്ത്രവും തടസ്സപ്പെടുത്തുന്ന, ഭീഷണി മുഴക്കുന്ന ഒരാൾക്ക് ജുഡീഷ്യൽ ഓഫീസറായി തുടരാൻ അർഹതയില്ല. അയാളെ മാറ്റുക തന്നെ വേണം, ഇത്തരം വീഴ്ചകൾക്ക് കാരണം ബഹു ഹൈക്കോടതി തന്നെയാണ്. കൃത്യ സമയത്ത് മുൻസിഫ് മജിസ്ട്രേറ്റ് നിയമനം നടത്തിയിരുന്നുവെങ്കിൽ ഈ അപകടങ്ങൾ ഉണ്ടാകുമായിരുന്നില്ല സർ .
” യെസ് മി ലോഡ് , തെറ്റുകൾ തിരുത്തണം ലോർഡ്ഷിപ്പ്.

shortlink

Related Articles

Post Your Comments


Back to top button