കൊച്ചി: പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിന് കഴിഞ്ഞ ദിവസം നടൻ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസുകാരോട് ഉച്ചത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ, ജാമ്യം നൽകിയതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നു. കോൺഗ്രസിന്റെ വിമർശനങ്ങൾ തള്ളിക്കളയുകയാണ് കൊച്ചി ഡിസിപി എസ് ശശിധരന്. പോലീസ് ഉചിതമായ നടപടിയെടുത്തിട്ടുണ്ടെന്നും വേണ്ടി വന്നാല്‍ കൂടുതല്‍ വകുപ്പുകള്‍ വിനായകനെതിരെ ചുമത്തുമെന്നും ഡിസിപി പറഞ്ഞു.
‘കെപി ആക്ടിലെ 118 എ, 117 ഇ എന്നീ വകുപ്പുകള്‍ പ്രകാരം വിനായകനെതിരെ കേസെടുത്തിട്ടുണ്ട്. പൊതുസ്ഥലത്ത് മദ്യപിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. പോലീസുകാരെ ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു. മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. പോലീസിനെ ആക്രമിച്ചിട്ടില്ലാത്തതിനാലാണ് ജാമ്യം ലഭിക്കാത്ത വകുപ്പ് ഉള്‍പ്പെടുത്താതിരുന്നത്. വിനായകന് അസഭ്യം പറഞ്ഞോ എന്ന് പരിശോധിക്കും. തെറി പറഞ്ഞിട്ടുണ്ടാകില്ല. അതുമായി ബന്ധപ്പെട്ട വകുപ്പ് പ്രകാരം കേസെടുത്തിട്ടില്ല. ഇക്കാര്യം അറിയാന്‍ വീഡിയോ വിശദമായി പരിശോധിക്കും. ശേഷം ആവശ്യമെന്ന് തോന്നിയാല്‍ അസഭ്യം പറഞ്ഞതിനു കൂടി കേസെടുക്കും.
ഒരു വീഴ്ചയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. വിനായകന്റെ കേസ് വ്യക്തിപരമായ വിഷയമാണ്. അതിലേക്ക് കടക്കുന്നില്ല. ഇഷ്യു ഉണ്ടാകുമ്പോള്‍ പോലീസ് ഇടപെടും. അങ്ങനെയാണ് സംഭവിച്ചത്. വിനായകനെതിരെ ഭാര്യയുടെ പരാതിയുണ്ടോ എന്ന് പരിശോധിച്ചിട്ട് പറയാം. വിനായകന് മദ്യപിച്ചു കഴിഞ്ഞാല്‍ ഇങ്ങനെ ചില കുഴപ്പങ്ങളുണ്ടാക്കും. മുമ്പും സ്റ്റേഷനില്‍ വന്ന് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. വിനായകന്റെ വൈദ്യ പരിശോധന നടത്തിയിട്ടുണ്ട്. മദ്യപിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിച്ചിട്ടില്ല. രക്ത സാംപിള്‍ എടുത്തിട്ടുണ്ടെന്നാണ് കരുതുന്നത്. അക്കാര്യം പരിശോധിക്കാവുന്നതാണ്’ ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments