തിരുവനന്തപുരം: മദ്യപിച്ച് പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച സംഭവത്തിൽ പോലീസ് കേസെടുത്ത നടന്‍ വിനായകന് സ്റ്റേഷന്‍ ജാമ്യം നൽകിയിരുന്നു. ഇപ്പോൾ അറസ്റ്റിൽ പ്രതികരിച്ചിരിക്കുകയാണ് താരം. വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്‌റ്റേഷനിലേക്ക് തിരിക്കുന്ന സമയത്തായിരുന്നു വിനായകന്റെ പ്രതികരണം. താനൊരു പരാതി കൊടുക്കാന്‍ പോയതാണെന്നും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസിനോട് ചോദിക്കണമെന്നും താരം പറഞ്ഞു.
തന്നെക്കുറിച്ച് എന്തും പറയാമല്ലോ. താനൊരു ഒരു പെണ്ണുപിടിയനാണെന്നും അവര്‍ക്ക് പറയാമല്ലോ എന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനായകന്‍ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഫ്ലാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ അതില്‍ തൃപ്തനല്ലാതെ വന്നപ്പോള്‍ പോലീസിനെ പിന്തുടര്‍ന്ന് വിനായകന്‍ സ്റ്റേഷനിലെത്തുകയായിരുന്നു. ഈ സമയത്തും അദ്ദേഹം പൊലീസുകാർക്കെതിരെ മോശമായി പെരുമാറുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിനായകനും പോലീസും തമ്മിൽ ഉണ്ടായ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. നാറാൻ നിക്കരുത് എന്ന് പോലീസ് വിനായകനോട് പറയുന്നത് വീഡിയോയിൽ കേൾക്കാം.
അതേസമയം, വിനായകന് ജാമ്യം നൽകിയതിൽ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ രംഗത്തെത്തിയിരുന്നു. സഖാവായത് കൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ തോമസ് ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നുവെന്നും വിനായകന് ജാമ്യം നല്‍കാന്‍ ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments