ദേശീയ അവാർഡ് ജേതാവായ സൂപ്പർതാരം അല്ലു അർജുന് ഹൈദരാബാദിൽ ഗംഭീര വരവേൽപ്പ്. ഈ ആഴ്ച ആദ്യം ഡൽഹിയിൽ നടന്ന 69-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ പുഷ്പ ഒന്നാം ഭാഗത്തിലെ അഭിനയത്തിന് അല്ലു അർജുൻ മികച്ച നടനുള്ള പുരസ്കാരം നേടിയിരുന്നു. ദേശീയ അവാർഡ് ദാന ചടങ്ങിൽ ഭാര്യ സ്നേഹ റെഡ്ഡിയ്ക്കൊപ്പമാണ് അല്ലു അർജുൻ പങ്കെടുത്തത്.
ദേശീയ അവാർഡ് ലഭിച്ചതിൽ ബഹുമാനമുണ്ട്. ഈ അംഗീകാരത്തിന് ജൂറിക്കും മന്ത്രാലയത്തിനും ഇന്ത്യാ ഗവൺമെന്റിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ അവാർഡ് വ്യക്തിപരമായ ഒരു നാഴികക്കല്ല് മാത്രമല്ല, ഞങ്ങളുടെ സിനിമയെ പിന്തുണയ്ക്കുകയും നെഞ്ചിലേറ്റുകയും ചെയ്ത എല്ലാ ആളുകൾക്കും അവകാശപ്പെട്ടതാണ്. നന്ദി എന്നാണ് അല്ലു സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് വഹീദ റഹ്മാൻ, മികച്ച നടിമാരായ ആലിയ ഭട്ട്, കൃതി സനോൺ എന്നിവരോടൊപ്പമുള്ള ഫോട്ടോകളും അല്ലു അർജുൻ പങ്കുവെച്ചിരുന്നു. ഹൈദരാബാദിൽ തിരിച്ചെത്തി അല്ലുവിനെ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആർപ്പു വിളിച്ചുമാണ് വരവേറ്റത്.
Post Your Comments