സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. രണ്ടുദിവസമായി തുടരുന്ന മഴയിൽ നടൻ ബിജു പപ്പന്റെ തിരുവനന്തപുരത്തെ വീട്ടിൽ വെള്ളം കയറി. രാത്രി ഒരുമണിയോടെയാണ് വീട്ടിൽ വെള്ളം കയറിയത്. നാട്ടുകാർ വിളിച്ചപ്പോഴാണ് താൻ അറിഞ്ഞതെന്ന് ബിജു പപ്പൻ പറഞ്ഞു. ഇന്നലെ പുലർച്ചെ ഒരു മണി മുതൽ മഴ കനത്തതോടെയാണ് സമീപ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയുണ്ടായത്. ഇത്തരമൊരു വെള്ളപ്പൊക്കം ഇതിന് മുൻപ് ഈ ഭാഗത്ത് ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കൂടാതെ രണ്ടുദിവസമായി തുടരുന്ന മഴയിൽ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
‘അകത്ത് മൊത്തം വെള്ളമാണ്. നാട്ടുകാർ വന്ന് വിളിച്ചപ്പോഴാണ് അറിയുന്നത്. അതുകൊണ്ട് കുറച്ച് സാധാനങ്ങളൊക്കെ എടുത്ത് മാറ്റിവെക്കാന് കഴിഞ്ഞു. നമ്മുക്ക് മാത്രമല്ല ഈ പ്രദേശത്തെ ഒരുപാട് ആളുകൾ ഇതനുഭവിക്കുന്നുണ്ട്. കുടുംബക്കാർ മുഴുവൻ ഇവിടെ തന്നെയാണ്’, മനോരമ ന്യൂസിനോട് ബിജു പപ്പൻ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. ഇതില്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments