CinemaGeneralKeralaLatest NewsMollywoodNew ReleaseNEWSSocial Media

ചാവേർ ചവറ് പടമാണത്രേ, അല്ല ചില മനുഷ്യരുടെ വിഷത്തെ അതിജീവിച്ച് കാലത്തെ പൊരുതി തോല്പ്പിക്കുന്ന സിനിമയാണത്: രാഹുൽ

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനും ഈടയ്ക്കും കിട്ടിയ അതേ വെട്ട് തന്നെയല്ലേ ചാവേറിനും കിട്ടുന്നത്

കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ അണിയിച്ചൊരുക്കിയ ചിത്രമാണ് ചാവേർ. സൈബറിടങ്ങളിൽ നിന്ന് പോലും കനത്ത ഡീ​ഗ്രേഡിംങ് നടക്കുന്ന ചിത്രം കൂടിയാണിത്.

ജോയ് മാത്യുവാണ് തിരക്കഥയെഴുതിയത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം ആയുധമാക്കി ഇടത് കേന്ദ്രങ്ങളിൽ നിന്നും മനപ്പൂർവ്വമായ ഡീ​ഗ്രേഡിംങ്ങാണ് നടക്കുന്നതെന്ന് പറയുകയാണ് യൂത്ത് കോൺ​ഗ്രസ് നേതാവായ രാഹുൽ മാങ്കൂട്ടം പറയുന്നത്.

കുറിപ്പ് വായിക്കാം

ചവറ് ബോംബ് പടം!ഇത്തരത്തിലെ കുറേയധികം മോശം അഭിപ്രായം കേട്ട് റിലീസ് ദിനത്തിൽ പോകാതിരുന്ന ചാവേർ കണ്ടു. ‘ഒരു ചവർ പടം’ എന്ന റിവ്യു മനസ്സിൽ വെച്ച് തന്നെയാണ് തിയറ്ററിൽ എത്തിയത്. ടിനുവിന്റെയും ജോയ് മാത്യുവിന്റെയും ബോംബ് അങ്ങ് കണ്ട് കളയാം എന്ന സാഹസ വിചാരം തന്നെ. പടം തുടങ്ങിയപ്പോൾ തന്നെ ടൈറ്റിൽസ് എഴുതിക്കാണിക്കുമ്പോഴുള്ള മനോഹരായ ഗ്രാഫിക്ക് ദൃശ്യവിഷ്കാരം കണ്ടപ്പോൾ ഞാൻ കൂടെയുള്ളവരോട് പറഞ്ഞു ‘ആകെ ഇതാരിക്കും ടിനു ടച്ച്, അത് കലക്കിയെന്ന്’.

സിനിമ മുന്നോട്ട് പോയി, മനോഹരമായ ഷോട്ട്സ്, ഗംഭീര ആംഗിൾ, വന്യമനോഹരമായ പശ്ചാത്തല മ്യൂസിക്ക്. നല്ല കാസ്റ്റിംഗ്, ചാക്കോച്ചന്റെ മനോഹരമായ മേക്കോവറുകളിൽ പുതിയത്, നല്ല റിയലിസ്റ്റിക്ക് സംഭാഷണങ്ങൾ. അങ്ങനെ നന്നായി തന്നെ ഫസ്റ്റ് ഹാഫ് കഴിഞ്ഞു! തമ്മിൽത്തമ്മിൽ ഞങ്ങൾ പറഞ്ഞു അപ്പോൾ സെക്കന്റ് ഹാഫാരിക്കും പാളിയത്!

ശേ എന്നാലും നല്ല തുടക്കം കിട്ടിയിട്ടും എങ്ങനെയാരിക്കും രണ്ടാം പാദം പൊളിഞ്ഞത് എന്ന ആകാംഷയിൽ പോപ്ക്കോർണുമായി വീണ്ടും അരണ്ട വെളിച്ചത്തിലേക്ക്, ഒന്നാം ഭാഗത്തെ വെല്ലുന്ന രണ്ടാം ഭാഗം. കാടിന്റെയും ഇരുട്ടിന്റെയുമൊപ്പം പതിയിരുന്നു ജിന്റോ ജോർജ്ജിന്റെ ക്യാമറയിൽ പതിഞ്ഞ ഗംഭീര ഫയറ്റ് സീക്വൻസ്.

അതിലെ ഒരു വാഹനാപകട സീനുണ്ട്, ആ വണ്ടി കരണം മറിയുന്നതിനൊപ്പം നമ്മളും മറിയുന്ന നമ്മുടെ ശരീരത്തും ചില്ലുകൊണ്ട് കയറുന്നത്ര പെർഫക്ഷൻ! നിഷാദ് യൂസഫിന്റെ നല്ല എഡിറ്റിംഗ്, തെയ്യത്തെ ഒരു കഥാപാത്രത്തെ പോലെ കോർത്തിണക്കിയ ജസ്റ്റിന്റെ സംഗീതം. ചാക്കോച്ചനും പെപ്പയും അർജുനും സജിനും ദീപക്കും മനോജും അനുരൂപും ശക്തമായ സ്ത്രീ കഥാപാത്രമായി സംഗീതയും തൊട്ട് മരണവീട്ടിൽ എടുത്ത് കൊണ്ട് വന്ന തളർന്നു കിടക്കുന്ന അമ്മുമ്മ വരെ ഗംഭീരമായി അഭിനയിച്ചു. അത് പറഞ്ഞപ്പോഴാണ് ആ മരണവീട്ടിലെ സീനിൽ ആ തോട്ടത്തിലെവിടെയോ നമ്മളും നിന്ന് കാണുന്നത്ര ഒറിജിനാലിറ്റി.

ഒടുവിൽ ഗംഭീരമായ ഫയറ്റോടു കൂടിയ ക്ലൈമാക്സ്. പിന്നെയും എന്താണ് സിനിമ മോശമായി വിലയിരുത്തപ്പെടുന്നത്? കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെയും അതിലൂടെ ഒളിച്ചു കടത്തപ്പെടുന്ന ജാതിയെയും സിനിമയാക്കിയാൽ ആ സിനിമയെ അക്രമിക്കും എന്ന പതിവ് രീതി തന്നെയല്ലേ? ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനും ഈടയ്ക്കും കിട്ടിയ അതേ വെട്ട് തന്നെയല്ലേ ചാവേറിനും കിട്ടുന്നത്! ഒരു പാർട്ടിയുടെ കൊടി കാണിക്കാതെ, മുദ്രാവാക്യം വിളിയില്ലാതെ, ഒരു സാദൃശ്യ ചിത്രം പോലും കാണിക്കാതെ യാഥാർത്ഥ്യത്തെ വിളിച്ചു പറയുമ്പോഴും ഇത് ഞങ്ങളെക്കുറിച്ചല്ലേ എന്ന് പറഞ്ഞ് ചാടി വെട്ടിയിടുന്നു സിനിമയെ.

ഇത് ഒരു രാഷ്ട്രീയ സിനിമയല്ല, എങ്കിലും ശക്തമായ രാഷ്ട്രീയം സംവദിക്കുന്നുണ്ട് മനോഹരമായി തന്നെ. നല്ല സിനിമയാണെങ്കിൽ റിവ്യു ചെയ്ത് ഡീഗ്രേഡ് ചെയ്യാൻ പറ്റില്ലായെന്ന് ചിന്തിക്കുന്നവർക്കുള്ള ഓർമ്മപ്പെടുത്തലാണ് ഈ സിനിമ. OTTയിൽ വന്നിട്ട് , ‘അയ്യോ ഇത്ര നല്ല ഒരു സിനിമയുടെ തിയറ്റർ എക്സ്പിരിയൻസ് നഷ്ടമായല്ലോ’ എന്ന കുറ്റബോധം തോന്നാതിരിക്കണമെങ്കിൽ പടം തിയറ്ററിൽ പോയി കാണു. ടിനു പാപ്പച്ചന്റെയും-ജോയ് മാത്യുവിന്റെയും ‘ബോംബ്’ ആ കിണറ്റിൽ കിടന്ന് നന്നായി പൊട്ടിയിട്ടുണ്ട്, അപ്പോൾ കിണറ്റിൽ നിന്ന് പുറത്തേക്ക് തെറിച്ച പാമ്പിനെയും പഴുതാരയേക്കാളും വിഷമുള്ള ചില മനുഷ്യരുടെ വിഷത്തെ അതിജീവിച്ച് ചാവേർ കാലത്തെ പൊരുതി തോല്പ്പിക്കും.

shortlink

Related Articles

Post Your Comments


Back to top button