ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും ആരാധകരിൽ നിന്നും കടുത്ത ആരോപണങ്ങൾ നേരിടേണ്ടി വന്ന നടിയാണ് റിയ ചക്രവർത്തി. സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച മയക്കുമരുന്ന് കേസും ഇതുമായി ബന്ധപ്പെട്ട് റിയയെ പോലീസ് ചോദ്യം ചെയ്തതുമെല്ലാം വിവാദമായിരുന്നു. സുശാന്തിന്റെ കാമുകിയായിരുന്ന റിയ്ക്ക് മാസങ്ങളോളം ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്തിരുന്നു.
2020 ജൂലൈ 14 നായിരുന്നു സുശാന്തിന്റെ മരണം. സുശാന്തിന്റെ മരണം സിനിമാ ലോകവും കടന്ന് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയായി മാറുന്ന സാഹചര്യം വരെയുണ്ടായി. സുശാന്തിന് മയക്കുമരുന്ന് നല്‍കിയെന്ന കുറ്റത്തിന് 2020 സെപ്തംബറിനാണ് റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്യുന്നത്. ഒരു മാസത്തോളം റിയ ജയിലിൽ ആയിരുന്നു. ഈ സംഭവത്തിന് ശേഷം റിയ അധികമൊന്നും പൊതുവേദികളിൽ പങ്കെടുത്തിരുന്നില്ല.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലെല്ലാം താരം മൗനം പാലിക്കുകയായിരുന്നു. ഒടുവിൽ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ടെലിവിഷന്‍ ഷോയിലൂടെയാണ് റിയ മടങ്ങിയെത്തിയിരിക്കുകയാണ്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ചും വിവാദങ്ങളെ കുറിച്ചും ഇന്ത്യ ടുഡേ കോണ്‍ക്ലേവിലൂടെ തുറന്നു പറയുകയാണ് റിയ.
സുശാന്തിന് മയക്കുമരുന്ന് നൽകിയിരുന്നു എന്ന ചോദ്യത്തിന് ‘ഞാൻ ഈ വിഷയം അവസാനിപ്പിച്ചതാണ്. എനിക്ക് മയക്കുമരുന്നിനെക്കുറിച്ച് സംസാരിക്കണ്ട. എന്‍സിബിയെക്കുറിച്ച് സംസാരിക്കണ്ട. സിബിഐയെക്കുറിച്ച് സംസാരിക്കണ്ട’ എന്നായിരുന്നു റിയയുടെ പ്രതികരണം. താന്‍ ആളുകളെ കാണുമ്പോള്‍ അവര്‍ തന്നെക്കുറിച്ച് എന്താണ് മനസില്‍ ചിന്തിക്കുന്നതെന്ന് തനിക്ക് അറിയാന്‍ സാധിക്കുന്നുണ്ടെന്നും റിയ പറയുന്നു.
‘ആളുകളുമായി സംസാരിക്കുമ്പോള്‍ എനിക്ക് അവരുടെ മനസില്‍ നടക്കുന്ന ചിന്തകള്‍ കേള്‍ക്കാനാകും. ചിലപ്പോള്‍ അവര്‍ എന്നെ നോക്കി ഇവളെ കണ്ടാല്‍ ക്രിമിനലിനെ പോലെ തോന്നുന്നില്ലല്ലോ എന്നാകും ചിന്തിക്കുക. ആ ചിന്ത എനിക്ക് അനുഭവിക്കാന്‍ സാധിക്കും. അതെന്നെ ബാധിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ഒട്ടുമില്ല. സുശാന്തിന്റെ മരണ ശേഷം തന്നെ ദുര്‍മന്ത്രവാദിനിയെന്നും യക്ഷിയെന്നുമൊക്കെ പലരും വിളിക്കുന്നുണ്ട്. അവനെ അങ്ങനൊരു കാര്യം ചെയ്യുന്നതിലേക്ക് നയിച്ചത് എന്താണെന്ന് എനിക്കറിയില്ല. കാരണം പലരും കരുതുന്നത് പോലെ ഞാന്‍ അവന്റെ മനസിലല്ല ജീവിക്കുന്നത്. അവന് മനസിക പ്രശ്‌നമുണ്ടായിരുന്നുവെന്നത് അറിയാമായിരുന്നു. അവന്‍ കടന്നു പോകുന്ന അവസ്ഥ അറിയാമായിരുന്നു’, റിയ പറയുന്നു.
Post Your Comments