ഡൽഹി: ബോളിവുഡ് നടി വഹീദ റഹ്മാന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാര വിവരം അറിയിച്ചത്. 2021ലെ അവാർഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം.
നേരത്തെ തന്നെ വഹീദ റഹ്മാന് പദ്മഭൂഷൺ, പദ്മശ്രീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിരുന്നു. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ 1938ലാണ് വഹീദ റഹ്മാന്റെ ജനനം. 1955ൽ തെലുങ്ക് ചിത്രം രോജുലു മരായിയിലെ ഒരു നർത്തകിയുടെ വേഷത്തിലാണ് വഹീദ റഹ്മാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
പ്യാസ, കാഗസ് കേ ഫൂൽ, ചൗദവി കാ ചാന്ത്, സാഹേബ് ബീവി ഓർ ഗുലാം, ഗൈഡ്, ഘാമോഷി എന്നിവയാണ് വഹീദ റഹ്മാന്റെ ശ്രദ്ധേയ ചിത്രങ്ങൾ. ദേശീയ പുരസ്കാരം, ഫിലിംഫെയർ അവാർഡ്, ചിക്കാഗോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ വഹീദ റഹ്മാനെ തേടിയെത്തിയിട്ടുണ്ട്.
Post Your Comments