ഒരു അഡാര്‍ ലവ് സിനിമയിലെ ഒരു ഫ്രീക്ക് പെണ്ണേ എന്ന ഗാനം ഷാന്‍ റഹ്മാന്‍ അടിച്ചുമാറ്റി സ്വന്തം പേരിലാക്കിയെന്ന ആരോപണവുമായി ഗായകനും സംഗീതസംവിധായകനുമായി സത്യജിത്ത് രംഗത്തെത്തിയത് വലിയ ചർച്ചയായിരിക്കുകയാണ്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷാന്‍ റഹ്മാന്‍.
ഇതുവരെ തനിക്ക് അടിച്ചുമാറ്റി എന്ന പേര് കിട്ടിയിട്ടില്ലെന്നും തന്റെ പാട്ടുകളില്‍ ഫ്രീക്ക് പെണ്ണേ അടിച്ചുമാറ്റല്‍ ആണെങ്കില്‍ തനിക്ക് അത് തിരുത്തണം എന്നും ഷാന്‍ പത്രക്കുറിപ്പില്‍ പങ്കുവച്ചു.
read also: കൈകള്‍ ചേര്‍ത്ത് ഇരിക്കുന്ന ചിത്രവുമായി മാളവിക ജയറാം: താരപുത്രി പ്രണയത്തിലോ എന്ന് സോഷ്യൽ മീഡിയ
ഷാൻ പറയുന്നത് ഇപ്രകാരം,
‘ഒമര്‍ ലുലുവാണ് സോഷ്യല്‍ മീഡിയയില്‍ കേട്ട ഒരു പാട്ട് സിനിമയിലെടുക്കണം എന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചത്. ഇതനുസരിച്ച് കാക്കനാടുള്ള വീട്ടില്‍ വച്ച് സത്യജിത്തിനെ കണ്ടു. പാട്ട് കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. യഥാര്‍ത്ഥ വരികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പാട്ട് പ്രൊഡ്യൂസ് ചെയ്യാമെന്നാണ് പറഞ്ഞത്. നഷ്‌ടപ്പെടുമായിരുന്ന ഒരു ഗാനം പ്രൊഡ്യൂസ് ചെയ്യാന്‍ സഹായിക്കുക മാത്രമാണ് താനും ഒമറും ചെയ്തത്. ഞാൻ ചിട്ടപ്പെടുത്താത്ത പാട്ടുകളുടെ ക്രെഡിറ്റ് ഞാൻ ഒരിക്കലും എടുത്തിട്ടില്ല. അതേ സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം ഉള്‍പ്പെടെ.
സത്യജിത്തിന്റെ പേര് കമ്പോസര്‍ ആയും തൻറെ പേര് മ്യൂസിക് പ്രൊഡ്യൂസര്‍ ആയും വയ്ക്കാനാണ് 24/7 എന്ന ഓഡിയോ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നത്. തുടക്കത്തില്‍ ആ ഗാനം കടുത്ത ആക്രമണത്തിന് ഇരയായതിനെ തുടര്‍ന്ന് യൂട്യൂബില്‍ പാട്ട് നോക്കിയില്ല. ഇന്ന് മുതല്‍ ഈ പാട്ട് എവിടെയുണ്ടോ അവിടെ എല്ലായിടത്തും മാറ്റങ്ങള്‍ വരുത്തും. സത്യജിത്തിന് സമാധാനമാകുമെന്ന് വിശ്വസിക്കുന്നു.
ഞങ്ങള്‍ അവസരങ്ങള്‍ നല്‍കുമ്പോള്‍ ആളുകള്‍ അത് നിസ്സാരമായി എടുക്കുന്നത് കാണുമ്പോള്‍ ശരിക്കും സങ്കടമുണ്ട്. ഭാവിയില്‍ അത്തരം അവസരങ്ങള്‍ നല്‍കുന്നതിന് മുമ്പ് ഇത് എന്നെ രണ്ടുതവണ ചിന്തിക്കാൻ പ്രേരിപ്പിക്കും. അതിശയകരമായ ചില ഗാനങ്ങള്‍ സൃഷ്ടിക്കാനും മികച്ച കരിയറിനും സത്യജിത്തിന് എന്റെ ആത്മാര്‍ത്ഥമായ ആശംസകള്‍. നിങ്ങള്‍ക്കെല്ലാം വേണ്ടി ഞാൻ ഒരുപാട് പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. പട്ടണത്തില്‍ ഭൂതം മുതല്‍ മലര്‍വാടി, തട്ടം, ജെഎസ്‌ആര്‍, ഗോദ, മിന്നല്‍, ജിമിക്കി, കുടുക്ക്. അടിച്ചു മാറ്റി എന്ന പ്രയോഗം ഇതുവരെ കേള്‍പ്പിച്ചിട്ടില്ല. ഞാൻ ചെയ്ത എല്ലാ പാട്ടുകള്‍ക്കിടയില്‍ ഫ്രീക്ക് പെണ്ണ് ഒരു അടിച്ചു മാറ്റല്‍ ആണെങ്കില്‍, എനിക്കത് തിരുത്തണം’.- കുറിപ്പില്‍ ഷാൻ പറഞ്ഞു.
Post Your Comments