കൊച്ചി: ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് സാജിദ് യഹിയ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഖൽബ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇരുപതാമതു ചിത്രം കൂടിയാണിത്. ‘ഇടി’, മഞ്‌ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയ ‘മോഹൻലാൽ’ എന്നീ ചിത്രമൊരുക്കി സംവിധാനരംഗത്തെത്തിയ സാജിദി യഹിയ പിന്നീട് പല്ലൊട്ടി എന്ന ചിത്രമാണ് സംവിധാനം ചെയ്തത്. കുട്ടികളെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രം സംസ്ഥാന ഗവണ്മന്റിന്റെ പുരസ്ക്കാരത്തിനും അർഹമായി. ഈ തിളക്കങ്ങളുടെ പിൻബലത്തോടെ സാജിദ് ഒരുക്കുന്ന നാലാമതു ചിത്രമാണ് ‘ഖൽബ്’.
ആലപ്പുഴയിലും, ഹൈദ്രാബാദിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രഞ്ജിത്ത് സജീവും, നെഹാനാസിനുമാണ് കേന്ദ കഥാപാതങ്ങളെ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിനു ശേഷം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്നതാണ് ഈ ചിത്രം. അതീവ ഹൃദ്യമായ ഒരു പ്രണയ കഥയാണ് വിശാലമായ ക്യാൻവാസിൽ വലിയ മുതൽ മുടക്കോടെ അവതരിപ്പിക്കുന്നത്.
ആലപ്പുഴയുടെ സംസ്ക്കാരവും, ആചാരങ്ങളും, ജീവിതവുമൊക്കെ കോർത്തിണക്കി ജീവിത ഗന്ധിയായ ഒരു പ്രണയ കഥ പറയുന്നു ഈ ചിത്രത്തിലൂടെ. മികച്ച ആക്ഷൻ രംഗങ്ങളും, ഇമ്പമാർന്ന രംഗങ്ങളമൊക്കെ കോർത്തിണക്കിയുള്ള ഒരു ക്ലീൻ എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രം. എൺപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നതെന്ന് വിജയ് ബാബു പറഞ്ഞു. ഇരുപത്തിയഞ്ചോളം പുതുമുഖങ്ങൾക്ക് ഈ ചിത്രത്തിൽ അവസരം നൽകിയിരിക്കുന്നു. പ്രത്യേക ഓഡിഷനിലൂടെ തെരഞ്ഞെടുത്ത ഇവരെ രണ്ടാഴ്ച്ചയോളം പരിശീലനം നൽകിയാണ് ക്യാമറക്കു മുന്നിലെത്തിച്ചത്.
സിദ്ദിഖും ലെനയും ഈ ചിത്രത്തിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പന്ത്രണ്ടു ഗാനങ്ങളാൽ സമ്പന്നമാണ് ഈ ചിത്രം. മൂന്നു സംഗീത സംവിധായകർ ഈ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു. സുഹൈൽ കോയയുടേതാണു വരികൾ. ഛായാഗ്രഹണം – ഷാരോൺ ശീനിവാസ്, എഡിറ്റിംഗ് – അമൽ മനോജ്, കലാസംവിധാനം – അനിസ് നാടോടി, മേക്കപ്പ് – നരസിംഹ സ്വാമി, വസ്ത്രാലങ്കാരം – സമീരാ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, പ്രൊഡക്ഷൻ മാനേജേർസ് – സെന്തിൽ പൂജപ്പുര, നജീർ നസീം, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു പന്തലക്കോട്.
വാഴൂർ ജോസ്.
Post Your Comments