![](/movie/wp-content/uploads/2022/12/jailer.jpg)
ആഗസ്റ്റ് 10 ന് റിലീസ് ചെയ്ത ജയിലർ സമാനതകളില്ലാത്ത കളക്ഷൻ റെക്കോർഡ് തകർത്തു മുന്നേറി ചിത്രം വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ജയിലറിന്റെ നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ചിത്രം ഇതിനോടകം 525 കോടിക്ക് മുകളിൽ നേടിയിട്ടുണ്ട്.
ജയിലറുടെ ലാഭവിഹിതത്തിൽ നിന്ന് കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പാവപ്പെട്ട കുഞ്ഞുങ്ങൾക്കാണ് പണം നൽകുക. ഇതിന്റെ ഭാഗമായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിക്കഴിഞ്ഞിരിക്കുകയാണ്. സൺ പിക്‌ചേഴ്‌സിന് വേണ്ടി ശ്രീമതി കാവേരി കലാനിധി അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡിക്ക് തുക കൈമാറി. ഇതിലൂടെ 100 പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുവാൻ സാധിക്കും.
ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം പ്രതിഫലത്തിന് പുറമെ രജനികാന്തിനും സംവിധായകൻ നെൽസണും സംഗീത സംവിധായകനും ചെക്കും ബിഎംഡബ്ല്യു കാറും എല്ലാം ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് കൈമാറിയിരുന്നു. മൂവർക്കും കൈമാറിയ തുക വെളിപ്പെടുത്തിയിട്ടില്ല. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ ഒന്നിന്റെ കളക്ഷനെ മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി ജയിലർ മാറിയിരുന്നു, തമിഴ് സിനിമയിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ ഗ്രോസർ, തമിഴ്‌നാട്ടിൽ ഏറ്റവും വേഗത്തിൽ 150 കോടി കളക്ഷൻ, ഒരാഴ്ചയ്ക്കുള്ളിൽ 400 കോടി ക്ലബ്ബ് കടന്ന ആദ്യ തമിഴ് ചിത്രം, 2023 ലെ ഏറ്റവും ഉയർന്ന തമിഴ് ഗ്രോസർ എന്നീ റെക്കോർഡുകൾ ജയിലർ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്, നിലവിൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് ജയിലർ.
Post Your Comments