തിരുവനന്തപുരത്തെ രാജാജി നഗര്‍ ഗുണ്ടകളുടെയും അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും താവളമായി സിനിമകളില്‍ ചിത്രീകരിക്കുന്നത് നിര്‍ത്തണമെന്ന ആവശ്യവുമായി പി കെ റോസി ഫൗണ്ടേഷന്‍. പുതുതലമുറയിലെ കുട്ടികള്‍ ആത്മാഭിമാനത്തോടെ വളര്‍ന്നുവരുന്ന ഒരിടമാണ് രാജാജി നഗറെന്നും അവിടെ കയറി എന്തും കാണിക്കാം എന്നുള്ള ധാരണ ചലച്ചിത്ര പ്രവര്‍ത്തകര്‍ തിരുത്തണമെന്നതും പി കെ റോസി ഫൗണ്ടേഷൻ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആര്‍ ഡി എക്‌സ് എന്ന ചിത്രം കോളനികളില്‍ ജീവിക്കുന്നവരെ മോശം മനുഷ്യരാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്ന് വിമര്‍ശങ്ങള്‍ ഉയരുന്നതിനിടയിലാണ് പി കെ റോസി ഫൗണ്ടേഷന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
ചലച്ചിത്ര പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം രാജാജി നഗര്‍ ഗുണ്ടകളുടെയും, അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ താവളവുമായി ചിത്രീകരിക്കുന്നത് നിര്‍ത്തുക. നിരവധി പ്രതിഭകളെ ( മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ്) ലോകത്തിനു മുന്നില്‍ നല്‍കിയ / നല്‍കാൻ പ്രാപ്തിയുള്ള കേരളത്തിന്റെ അഭിമാനമായി ഉയര്‍ത്തിക്കാട്ടാൻ സാധ്യതയുള്ള നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജാജി നഗര്‍ പുതുതലമുറയിലെ കുട്ടികള്‍ ആത്മാഭിമാനത്തോടെ വളര്‍ന്നുവരുന്ന ഒരിടം. അവിടെ കയറി എന്തും കാണിക്കാം എന്നുള്ള ധാരണ തിരുത്തുക.
തീയറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു മലയാള ചിത്രത്തിലെ ചില രംഗങ്ങള്‍ ഒരു കൂട്ടം കയ്യടിച്ചു സ്വീകരിക്കുമ്പോഴും മറുവശത്ത് പുതുതലമുറ ആശങ്കയിലാണ്. പി കെ റോസി ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
NB: പ്രദേശവാസികള്‍ വരുംതലമുറയ്ക്കായി അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് അവിടെ ചിത്രീകരിക്കുന്ന ഭാഗത്തിന്റെ മാത്രം സ്ക്രിപ്റ്റ് പൂര്‍ണമായും രാജാജി നഗറിലെ ഉത്തരവാദിത്തപ്പെട്ടവര്‍ വായിച്ചു നോക്കി ചിത്രീകരിക്കാൻ അനുമതി നല്‍കാൻ ശ്രദ്ധിക്കുമല്ലോ?
Post Your Comments