കര്‍ഷക വിഷയത്തില്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ താൻ പറഞ്ഞ വാദങ്ങള്‍ തെറ്റാണെന്ന് മാറ്റി പറഞ്ഞതായി സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത് വ്യാജമാണെന്ന് ജയസൂര്യ. ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിലാണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിക്കുന്നത്. കർഷക വിഷയത്തിൽ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജയസൂര്യ വ്യക്തമാക്കി.
‘ഒന്നും ഞാൻ ഇതുവരെ മാറ്റിപ്പറഞ്ഞിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വരുന്ന വിവാദങ്ങള്‍ കാര്യമാക്കുന്നില്ല. ഓണത്തിനു മുമ്പാണ് ഇക്കാര്യം പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്കെതിരെ ചിലര്‍ വിമര്‍ശനങ്ങളുമായി രംഗത്ത് എത്തുന്നു. അന്ന് ഞാൻ പറഞ്ഞതില്‍ എന്തോ അപരാധമുണ്ട് എന്നാണ് വിമര്‍ശനം. ഞാൻ അതൊന്നും മാറ്റി പറയുന്നില്ല. പ്രോഗ്രാമിന് പങ്കെടുക്കാൻ പോകുമ്പോള്‍ കൃഷി മന്ത്രി ഉണ്ടെന്നറിഞ്ഞിരുന്നില്ല. പക്ഷേ കൃഷി മന്ത്രി അവിടെ വന്നപ്പോള്‍ ആ വിഷയം പൊതുവേദിയില്‍ ഉന്നയിക്കണമെന്ന് തോന്നി. അതുകൊണ്ടാണ് ആ വിഷയം ഉന്നയിച്ചത്. സാമൂഹ്യ മാധ്യമത്തിലോ മന്ത്രിമാരോട് നേരിട്ട് പറഞ്ഞാലോ പ്രശ്നം തീരില്ല. ഈ പ്രശ്നം പൊതുസമൂഹത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ അവിടെ പറഞ്ഞത് ‘ ജയസൂര്യ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
‘ആറ് മാസത്തിന് മുമ്പ് നെല്ല് കര്‍ഷകരില്‍ നിന്ന് സ്വീകരിക്കുകയും തിരുവോണ ദിനത്തിലും അതിന്റെ പണം കര്‍ഷകര്‍ക്ക് കൊടുക്കാതിരുന്നപ്പോള്‍ അവര്‍ക്ക് പട്ടിണി കിടക്കേണ്ടി വന്ന ദുരിതം താൻ പുറത്ത് എത്തിച്ചതാണ്. കൃഷ്ണപ്രസാദില് നിന്നാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞത്. കര്‍ഷകര്‍ക്ക് പണം ലഭിക്കാനുണ്ട്, കഷ്ടപ്പാടിലാണ്, എവിടെയെങ്കിലും പ്രശ്നം ധരിപ്പിക്കണം എന്നാണ് കൃഷ്ണപ്രസാദ് പറഞ്ഞത്. ഈ പ്രശ്നം പറഞ്ഞതുകൊണ്ടുള്ള വിമര്‍ശനങ്ങളെ താൻ ഗൗനിക്കുന്നില്ല. ഞാൻ മന്ത്രിയുടെ അറിവിലേക്കാണ് പറഞ്ഞത്. ആറു മാസത്തിന് ശേഷം പണം കര്‍ഷകര്‍ക്ക് നല്‍കാത്തത് അനീതിയല്ലേ. കര്‍ഷകര്‍ക്ക് പണം ലഭിക്കാത്തതല്ലേ ചര്‍ച്ചയാകേണ്ടത്. അല്ലാതെ ഞാൻ പറഞ്ഞതാണോ തെറ്റെന്നും’ ജയസൂര്യ ചോദിച്ചു.
Post Your Comments