ചട്ടക്കാരി എന്ന സിനിമയിൽ തുടങ്ങി ചട്ടമ്പികല്യാണി, സ്വാമി അയ്യപ്പൻ, പൊന്നി, സർവേകൾ, പടയോട്ടം, ഗാനം, ആരൂഢം, ഭരതം എന്നിങ്ങനെ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ലക്ഷ്മി. ലക്ഷ്മിയുടെ ഏറ്റവും പുതിയ വെബ് സീരീസ് ‘സ്വീറ്റ് കാരം കോഫി’ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്.
‘സ്വീറ്റ് കാരം കോഫി’ അടുത്തിടെ ഒടിടിയിൽ സംപ്രേക്ഷണം ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ആദ്യ നാളുകളിൽ നേരിടേണ്ടി വന്ന രൂക്ഷമായ വിമർശനങ്ങളെക്കുറിച്ച് താരം തുറന്ന് പറഞ്ഞത്. പണ്ട് ‘ജീവനാംശം’ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ഫോട്ടോഗ്രാഫർ തന്നോട് തനിക്ക് അഭിനയിക്കാനറിയില്ലെന്നും ബോംബെയിൽ പോയി ക്ലബ് ഡാൻസ് ചെയ്ത് ജീവിക്കാമെന്നും പറഞ്ഞതായി ലക്ഷ്മി ഓർമിപ്പിച്ചു. മനസിന് അന്നേറ്റ മുറിവ് വലുതായിരുന്നെന്നും നടി പറഞ്ഞു.
ചട്ടക്കാരി എന്ന ചിത്രത്തിലെ അഭിനയത്തിന് ലക്ഷ്മിക്ക് 1974-ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ‘ചട്ടക്കാരി’ ഹിന്ദിയിൽ ‘ജൂലി’ എന്ന പേരിലും തെലുങ്കിൽ ‘മിസ് ജൂലി പ്രേമകഥ’യായും റീമേക്ക് ചെയ്തു. ‘ചട്ടക്കാരി’യുടെ മികച്ച വിജയം ലക്ഷ്മിയെ മലയാളത്തിലെ മുൻനിര നായികയാക്കി മാറ്റിയിരുന്നു. തുടർന്ന് നിരവധി മലയാള ചിത്രങ്ങളിൽ നായികയായി. എഴുപതുകളിൽ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും മുൻനിര നായികയായിരുന്നു ലക്ഷ്മി. തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ നായികയായി ലക്ഷ്മി അഭിനയിച്ചു. 1977-ൽ ‘സിലനേരമലയിൽ സില മണിതർഗൾ’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. ആക്ഷേപിച്ചവരെ അഭിനയം കൊണ്ട് താൻ വായടപ്പിച്ചെന്നും നടി ലക്ഷ്മി.
Post Your Comments