അമ്മ ആദ്യമായി നാടകത്തില്‍ അഭിനയിക്കാൻ പോയതും അന്ന് അത് മുടക്കാൻ നിന്ന നാട്ടുകാരെ അമ്മൂമ്മ വെട്ടുകത്തി കാണിച്ച് തടഞ്ഞു നിര്‍ത്തിയതുമായ സംഭവങ്ങൾ വെളിപ്പെടുത്തി നടനും എം എല്‍ എയുമായ മുകേഷ്. പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെയാണ് മുകേഷ് ഓര്‍മ്മകൾ പങ്കുവച്ചത്.
മുകേഷിന്റെ വാക്കുകൾ ഇങ്ങനെ,
‘1940കളിലൊക്കെ ഒരു പെണ്‍കുട്ടി സിനിമ കാണുന്നതും സിനിമയില്‍ അഭിനയിക്കുന്നതും വലിയ തെറ്റാണ്. നാടകത്തെ പറ്റി ചിന്തിക്കണ്ട. അന്ന് നാല് കമ്മ്യൂണിസ്റ്റ് നേതാക്കന്മാര് കൊല്ലത്തുള്ള കന്റോണ്‍മെന്റ് സ്കൂളില്‍ ചെല്ലുന്നു. അവിടെ ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുണ്ട്. ഞങ്ങള്‍ക്ക് കാണണമെന്ന് അവര്‍ പറയുന്നു. കണ്ടു, സംസാരിച്ചു, അവര്‍ ആ കുട്ടിയുടെ വീട്ടിലേക്ക് ചെന്നു. കുട്ടിയുടെ അമ്മ അവിടെ ഉണ്ട്. അവര്‍ തൊഴിലാളി സ്ത്രീയാണ്.
read also: നടന് മോഹന്‍ വഴിയോരത്ത് മരിച്ച നിലയില്‍
‘മകളെ കണ്ടു, ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു, സ്മാര്‍ട്ടാണ്, ഞങ്ങള്‍ക്ക് ഒരു നാടകത്തില്‍ അഭിനയിപ്പിക്കണം എന്ന് അമ്മയോട് പറഞ്ഞു. പറ്റില്ലെന്ന് അവര്‍ പറഞ്ഞു. മകള്‍ക്കിഷ്ടമാണെങ്കിലോ എന്ന് അവര്‍ ചോദിച്ചു. മകളോട് ചോദിച്ചപ്പോള്‍ എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞു. നിനക്ക് ഇഷ്ടമാണെങ്കില്‍ ഓക്കെ എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ ഇളകി. നാടകം കാണാന്‍ പോലും സമ്മതിക്കില്ല, പിന്നല്ലേ അഭിനയിക്കുന്നത്. അങ്ങനെ ഒരുപാട് കോലാഹലത്തിന് ശേഷം നാടകത്തില്‍ അഭിനയിക്കാന്‍ വിടുന്നു.
നാടകവണ്ടിയില്‍ ഈ അമ്മയേയും കുട്ടിയേയും കയറ്റിക്കൊണ്ടുപോകുമ്പോള്‍ നാട്ടുകാര്‍ വടിയും തടിയുമൊക്കെയായി വന്നു. അപ്പോള്‍ ആ കുട്ടിയുടെ അമ്മ ഒരു വെട്ടുകത്തിയുമെടുത്തുകൊണ്ട് വന്നിട്ട് പറഞ്ഞു, ചുണയുള്ള ഒരുത്തനുണ്ടെങ്കില്‍ വാടാ, എന്റെ മകള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ അവള് അഭിനയിക്കും എന്ന് പറഞ്ഞു. എല്ലാവരും അതുകേട്ട് മാറിപ്പോയി.
തോപ്പില്‍ ഭാസി, കാമ്പിശേരി കരുണാകരന്, എന്റെ അച്ഛന് ഒ. മാധവന് എന്നിവരാണ് അന്ന് അമ്മയെ കാണാന്‍ വന്നവര്‍. ആ കുട്ടി എന്റെ അമ്മ വിജയകുമാരി, വെട്ടുകത്തിയെടുത്തുകൊണ്ട് വന്നത് സഖാവ് ഭാര്‍ഗവി, എന്റെ അമ്മൂമ്മ. ആ നാടകട്രൂപ്പിന്റെ പേര് കെ പി എ സി അന്ന് അമ്മയെ കൊണ്ടുപോയി കളിപ്പിച്ച നാടകം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.’ – മുകേഷ് പറഞ്ഞു
Post Your Comments