തുടർച്ചയായി അവാർഡ് നിർണ്ണയത്തിൽ ഇടപെട്ട ചെയർമാൻ രഞ്ജിത് ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്).
സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മൈക്ക് അഭിപ്രായം വ്യക്തമാക്കിയത്.
കുറിപ്പ് വായിക്കാം
തുടർച്ചയായി രണ്ടാംവർഷവും സംസ്ഥാന ചലച്ചിത്ര അവാർഡിൽ അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടിരിക്കുന്നു എന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ആ സ്ഥാനത്തിരിക്കാൻ രഞ്ജിത്ത് യോഗ്യനല്ല എന്ന് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്). കഴിഞ്ഞ വർഷം പ്രാഥമിക ജൂറി തഴഞ്ഞ സിനിമയെ വിളിച്ചുവരുത്തി വേണ്ടപ്പെട്ടവർക്ക് അവാർഡ് കൊടുക്കുകയായിരുന്നു എങ്കിൽ ഇത്തവണ ചില സിനിമകൾക്ക് അവാർഡ് കിട്ടാതിരിക്കാൻ ജൂറിയെ സ്വാധീനിക്കുകയായിരുന്നു. രഞ്ജിത് നൈതികമായല്ല പെരുമാറിയത് എന്നും ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്നും ജൂറിയംഗവും മുൻ ലളിതകലാ അക്കാദമി ചെയർമാനുമായ നേമം പുഷ്പരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മറ്റൊരു ജൂറി അംഗമായ ജെൻസി ഗ്രിഗറി തന്റെ നിലപാടുകളെ സ്വാധീനിക്കാൻ അക്കാദമി ചെയർമാൻ ശ്രമിച്ചതായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നു.
ചെയർമാനായി സ്ഥാനമേറ്റതുമുതൽ അങ്ങേയറ്റം നിരുത്തരവാദപരവും ജനാധിപത്യ വിരുദ്ധവുമായ പ്രവർത്തനങ്ങൾ ആണ് രഞ്ജിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഐ.എഫ്.എഫ്.കെ. യിൽ സമാധാനപരമായി പ്രതിഷേധിച്ച ഡെലിഗേറ്റുകൾക്കെതിരെ കേസെടുത്തതും ഡെലിഗേറ്റുകളെ വളർത്തുപട്ടിയോട് ഉപമിച്ചതും വിവാദമായിരുന്നു. ഐ.എഫ്.എഫ്.കെ.യിലെ ആർട്ടിസ്റ്റിക് ഡയറക്ടർ ദീപികാ സുശീലൻ ഗുരുതരമായ ആരോപണങ്ങൾ അക്കാദമിക്കെതിരെ ഉന്നയിച്ചുകൊണ്ടാണ് ഏതാനും മാസങ്ങൾക്കുമുമ്പ് രാജിവെച്ചത്.
ഇതിന്റെയെല്ലാം തുടർച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്ന അവാർഡ് വിവാദം. അക്കാദമി സെക്രട്ടറി, മെമ്പർ സെക്രട്ടറിയായി ജൂറിയിലിരിക്കുന്നതിനെ നിയമപരമായി ചോദ്യം ചെയ്തിട്ടുള്ള സംഘടനയാണ് മൈക്ക്. ജൂറിയിൽ മെമ്പർ സെക്രട്ടറിയുടെ സാന്നിധ്യംപോലും ചില കൈകടത്തലുകൾക്ക് കാരണമായേക്കാം എന്നതിനാൽ.
അക്കാദമിക് സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യലക്ഷ്യം മുൻനിർത്തി രാജ്യത്താദ്യമായി ഒരു ചലച്ചിത്ര അക്കാദമി രൂപംകൊള്ളുന്നത് കേരളത്തിലാണ്. കച്ചവട സിനിമയുടെ പരിപോഷണമാണ് അതിന്റെ ലക്ഷ്യമെന്നാണ് സിനിമാ അവാർഡുകൾ മൊത്തത്തിൽ നോക്കിയാൽ മനസ്സിലാവുക. സിനിമാ അവാർഡും ഐ.എഫ്.എഫ്.കെ. സെലക്ഷനുമൊക്കെ കൂടുതൽ കൂടുതൽ നൈതികവും അക്കാദമികവുമാകേണ്ട ഒരു കാലത്തുനിന്നുകൊണ്ട് അതിന്റെ വിലയില്ലാതാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അധികാര ദുർവിനിയോഗം നിരന്തരം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ചെയർമാൻ ഒരു കാരണവശാലും തൽസ്ഥാനത്ത് തുടരാൻ യോഗ്യനല്ല.
രഞ്ജിത്തിനെ പുറത്താക്കി അവാർഡ് നിർണയത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുകയാണ് ഗവണ്മെന്റ് ഉടനടി ചെയ്യേണ്ടത്. മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക്).
Post Your Comments