CinemaLatest News

ഇനിയും പാടുക പ്രിയ വാനമ്പാടീ; കെഎസ് ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്

വിഷാദമായി, വാത്സല്യമായി ഈ ശബ്ദം ഇനിയും ഏറെക്കാലം കാതിൽ തേൻ മഴയായി പെയ്തിറങ്ങട്ടെ

പ്രശസ്ത ​ഗായിക കെ എസ് ചിത്രയ്ക്ക് ജൻമദിന ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഞ്ഞൾ പ്രസാദത്തിൻ്റെ നൈർമല്യത്തിന് അറുപത്. പ്രിയങ്കരിയായ കെ.എസ്. ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ. ആ പാട്ടുകളും സൗമ്യ സാന്നിധ്യവും നിറചിരിയും മലയാളിയുടെ ജീവിതത്തെ എത്രകണ്ട് മനോഹരമാക്കിയെന്ന് പറയാനാകില്ല, ഇനിയും പാടൂ വാനമ്പാടീ എന്നാണ് കുറിച്ചത്.

കുറിപ്പ് വായിക്കാം

പ്രണയമായി, ഭക്തിയായി, വിരഹമായി, വിഷാദമായി, വാത്സല്യമായി ഈ ശബ്ദം ഇനിയും ഏറെക്കാലം കാതിൽ തേൻ മഴയായി പെയ്തിറങ്ങട്ടെ. സ്വർണമുകിലേറിയ രാജഹംസത്തിൻ്റെ അമൃതധാര ഉച്ചസ്ഥായിയിലും മന്ത്രസ്ഥായിയിലും ഇനിയും ഇനിയും കേൾക്കാനുള്ള ഭാഗ്യം നമുക്കുണ്ടാകട്ടെ. മലയാളിയുടെ സൗഭാഗ്യങ്ങളിൽ ഒന്നായ ചിത്ര ചേച്ചിക്ക് പിറന്നാൾ ആശംസകൾ.

മഞ്ഞൾ പ്രസാദത്തിൻ്റെ നൈർമല്യത്തിന് അറുപത്. പ്രിയങ്കരിയായ കെ.എസ്. ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ. ആ പാട്ടുകളും സൗമ്യ സാന്നിധ്യവും നിറചിരിയും മലയാളിയുടെ ജീവിതത്തെ എത്രകണ്ട് മനോഹരമാക്കിയെന്ന് പറയാനാകില്ല.

പെർഫെക്ട്, അതാണ് പാട്ടുകളുടെ സ്വഭാവം. ഊതിക്കാച്ചായ സ്വർണം പോലെ തിളക്കമുള്ള ശബ്ദം. ഈണവും ഗാനത്തിന്റെ ഭാവവും വായിച്ചെടുക്കാനുള്ള അസാധാരണ മികവ്. മനുഷ്യന് ഇങ്ങനെ പാടാനാകുമോയെന്നു തോന്നുംവിധമുള്ള ആലാപനം. സാധനയുടെ നിറവ്. പൂർണതയ്ക്ക് വേണ്ടിയുള്ള ആത്മ സമർപ്പണം, ഇതെല്ലാം ചേർന്നതാണ് ചിത്രയുടെ സംഗീതം. ഒരു കിളിപ്പാട്ടു പോലെ അത് നമ്മെ ആഹ്ലാദിപ്പിക്കും. ഒരു കടലാഴം പോലെ സംഗീതത്തിൻ്റെ അഗാധതയിലേക്ക് കൊണ്ടു പോകും. സ്വർണ മുകിലു പോലെ ആകാശത്ത് പറന്നു നടക്കും.

നാല് പതിറ്റാണ്ടായി ആർദ്രമായ ആ ശബ്ദം നമ്മൾക്കൊപ്പമുണ്ട്. സ്നേഹവും പ്രണയവും ചിരിയും വാത്സല്യവും എല്ലാം നിറഞ്ഞ ചിത്ര ഗീതങ്ങളിലെ വിരഹവും ഭക്തിയുമാണ് എനിക്കേറ്റവും പ്രിയപ്പെട്ടവ. ഇനിയും ഇനിയും പാടുക, സംഗീതത്തിൻ്റെ അമൃതവർഷിണിയായി. മലയാളത്തിൻ്റെ പ്രിയപ്പെട്ട വാനമ്പാടിക്ക് സ്നേഹാദരങ്ങളോടെ ആയുരാരോഗ്യ സൗഖ്യം നേരുന്നു.

shortlink

Related Articles

Post Your Comments


Back to top button